തിരുവനന്തപുരം: ആപ്പുകളും സോഫ്റ്റ്‌വെയറുകളും വികസിപ്പിക്കാൻ റെഡിയാണ് ഇന്ത്യയിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്‌ഠിത സോഫ്റ്റ്‌വെയർ എൻജിനിയർ 'ദേവിക'. തൃശൂർ ചാവക്കാട് സ്വദേശി 21കാരനായ വി.എച്ച്. മുഫീദാണ് ദേവികയെ വികസിപ്പിച്ചത്.
നമ്മുടെ ആവശ്യത്തിനനുസരിച്ച് വിവരങ്ങൾ നൽകിയാൽ ഉടനടി കോഡ് നൽകും. നിർദ്ദേശങ്ങൾ മനസിലാക്കാനും ഗവേഷണം നടത്താനും കോഡെഴുതാനും ദേവികയ്‌ക്ക് നിമിഷങ്ങൾ മതി. ഇന്ത്യൻ ഭാഷകളെല്ലാം മനസിലാകും.
മുഫീദിന്റെ 'സ്റ്റിഷൻ" എന്ന സൈബർ സെക്യൂരിറ്റി സ്ഥാപനത്തിലൂടെയാണ് ദേവികയെ അവതരിപ്പിച്ചത്. അമേരിക്കയിലെ കോഗ്നിഷൻ എന്ന കമ്പനി മാർച്ചിൽ വികസിപ്പിച്ച 'ഡെവിൻ" എന്ന എ.ഐ മോഡലിനെ വെല്ലുകയായിരുന്നു ലക്ഷ്യം. ഡെവിനെ
ഉപയോഗിക്കാൻ കമ്പനിയുടെ അനുമതി വേണം. എന്നാൽ, ഇന്റർനെറ്റുള്ള ആർക്കും ഗിറ്റ്ഹബ് എന്ന പ്ലാറ്റ്‌ഫോമിലൂടെ ദേവികയെ ഉപയോഗിക്കാം. ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറായതിനാൽ സൗജന്യമാണ്. ഒരുലക്ഷത്തിലേറെ ഉപഭോക്താക്കളുണ്ട്.
വിവേക്. ആർ, അസ്ജിത്ത് കലാം എന്നിവരാണ് സ്റ്റിഷന്റെ കോ ഫൗണ്ടർമാർ.
പ്ലസ് ടു ഉപേക്ഷിച്ച്
കോഡിംഗ് പഠിച്ചു
ചെറുപ്പത്തിൽ തുടങ്ങിയതാണ് മുഫീദിന് സാങ്കേതിക വിദ്യയോടുള്ള താത്പര്യം. സ്‌കൂൾ കാലത്ത് ഗൂഗിളിന്റെ സുരക്ഷാ വീഴ്‌ച കണ്ടെത്തി. പ്ലസ്ടു പഠനത്തിനിടെ ദേശീയ സ്കിൽ ഡെവല്‌പമെന്റ് കോർപ്പറേഷന്റെ ഇന്ത്യ സ്കിൽസ് മത്സരത്തിൽ സ്വർണം നേടി. ദക്ഷിണ കൊറിയയിൽ വേൾഡ് സ്കിൽ മത്സത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. പ്ലസ് ടു പാതിവഴിയിൽ ഉപേക്ഷിച്ചു. യൂട്യൂബ് നോക്കി കോഡിംഗ് പഠിച്ചു. 2022ൽ ദുബായിൽ ലിമിനൽ എന്ന കമ്പനി തുടങ്ങി. ക്രൈം റെക്കോർഡ്സ് ബ്യുറോയിലെ എസ്.ഐ ഹംസക്കുട്ടിയാണ് പിതാവ്. മാതാവ് ഫസീല സെക്രട്ടേറിയറ്റ് ജീവനക്കാരിയാണ്. സഹോദരന്മാർ മുർഷിദ്, മുൻജിദ്
ഇന്ത്യൻ ലുക്ക്
പട്ടു സാരിയും വലിയ പൊട്ടും കുപ്പിവളകളും മാലയും ജിമിക്കി കമ്മലുമിട്ട് ഇന്ത്യൻ ലുക്കിലാണ് ദേവികയെ ഒരുക്കിയത്.
മൂന്നുദിവസം 20 മണിക്കൂർ വീതം ജോലി ചെയ്താണ് ദേവികയെ വികസിപ്പിച്ചത്. ഡെവിന്റെ പേരിനോട് സാമ്യം തോന്നാനാണ് ദേവിക എന്ന പേരിട്ടത്.
-മുഫീദ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |