തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ കുളത്തൂരിലുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. കുളത്തൂർ തമ്പുരാൻ മുക്കിൽ അമിത വേഗത്തിലെത്തിയ ബൈക്ക് കാൽനടയാത്രക്കാരനെ ഇടിച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. ബൈക്ക് ഓടിച്ചിരുന്ന മണക്കാട് സ്വദേശി അൽ സാജിർ(20), റോഡ് മുറിച്ചുകടക്കുകയായിരുന്ന കാൽനടയാത്രക്കാരൻ സുനീഷ്(29) എന്നിവരാണ് മരിച്ചത്. അൽ സാജിറിനൊപ്പം ബൈക്കിലുണ്ടായിരുന്ന അൽ അമാനെ(19) ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിരുവനന്തപുരം ജില്ലയിലെ ഗ്രാമീണ മേഖലകളിൽ ബൈക്കുകളിൽ യുവാക്കളുടെ അമിതവേഗത്തെക്കുറിച്ച് പരാതികൾ വരുന്നത് പതിവാണ് ഇതിനിടെയാണ് നഗരമേഖലയിൽ അപകടമുണ്ടായത്. ഗ്രാമങ്ങളിൽ നമ്പർ പ്ലേറ്റില്ലാത്ത ബൈക്കുകൾ ചീറിപ്പായുന്നു. നിയമ ലംഘകർക്കെതിരെ പൊലീസോ മോട്ടോർ വാഹന വകുപ്പോ നടപടിയെടുക്കുന്നില്ല എന്ന പരാതിയുണ്ട്.
റോഡുകളിലൂടെ യാത്രക്കാരുടെയും നാട്ടുകാരുടെയും കാതടപ്പിച്ച് ബൈക്കുകളും കാറുകളും ചീറിപ്പായുകയാണ്. ഇത്തരം വാഹനമോടിക്കുന്നവരിലേറെയും 18 വയസ് തികയാത്ത സ്‌കൂൾ കുട്ടികളാണെന്നതാണ് പ്രത്യേകത. റോഡിൽ ഭീതി പടർത്തുന്ന വാഹനങ്ങളെ തിരിച്ചറിയാതിരിക്കാൻ നമ്പർ പ്ലേറ്റുകളിൽ സ്റ്റിക്കർ പതിപ്പിച്ചും നമ്പർ കാണാനാവാത്ത വിധം മടക്കിവച്ചും മാസ്‌കിനാൽ മറച്ചും വാഹനങ്ങൾ തലങ്ങും വിലങ്ങുമോടുകയാണ്. അടുത്തിടെയായി ബൈക്ക്,കാർ അഭ്യാസികളുടെ ശല്യവും കൂടിയിട്ടുണ്ട്. പൊലീസ് സ്റ്റേഷനുകളുടെ മുന്നിലൂടെ പോലും നിയമങ്ങൾ പാടെ ലംഘിച്ചാണ് യാത്ര. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ കാട്ടാക്കട താലൂക്ക് പ്രദേശത്ത് അമിത വേഗത കാരണം അപകടങ്ങളുണ്ടായത് നൂറിലേറെ പേർക്കാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |