
മൂവാറ്റുപുഴ: തൃക്കളത്തൂരിൽ 14 കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ മൂവാറ്റുപുഴ പൊലീസ് പിടികൂടി. പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ സാഗർ മൊല്ല (26), ദിബാർ മൊണ്ടൽ (31) എന്നിവരാണ് ചൊവ്വാഴ്ച ഉച്ചയോടെ പിടിയിലായത്. മൂവാറ്റുപുഴ-പെരുമ്പാവൂർ എം.സി. റോഡിലെ തൃക്കളത്തൂർ പള്ളിപ്പടി ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
മൂവാറ്റുപുഴ ഡി.വൈ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന്, പള്ളിപ്പടിയിൽ ബസിറങ്ങിയ പ്രതികളെ പൊലീസ് സംഘം വളയുകയായിരുന്നു. ഒരു മാസത്തോളമായി പൊലീസ് നിരീക്ഷണത്തിലായിരുന്ന ഇവർ പേഴയ്ക്കാപ്പിള്ളിയിലും സമീപപ്രദേശങ്ങളിലുമുള്ള അന്യസംസ്ഥാന തൊഴിലാളികൾക്ക് വിൽക്കാനാണ് ബംഗാളിൽനിന്ന് കഞ്ചാവ് എത്തിച്ചത്.
മൂവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ ബേസിൽ തോമസ്, സബ് ഇൻസ്പെക്ടർമാരായ സുമിത എസ്.എൻ, പി.സി. ജയകുമാർ, ശ്രീനാഥ് എ.എസ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മീരാൻ സി.കെ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിബിൽ മോഹൻ, ബിനിൽ എൽദോസ്, ബോസ് ബേബി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |