കുഞ്ഞിന്റെ വയറ്റിൽ ക്ഷതവും ആന്തരിക രക്തസ്രാവവും
നെയ്യാറ്റിൻകര: കവളാകുളത്തെ ഒരു വയസുകാരൻ ഇഹാന്റെ മരണം പിതാവിന്റെ ക്രൂര മർദ്ദനത്തെ തുടർന്നാണെന്ന് പൊലീസിന്റെ നിഗമനം. കുഞ്ഞിന്റെ വയറ്റിലെ ക്ഷതവും തുടർന്നുണ്ടായ ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം ചെയ്‌ത സർജൻ പൊലീസിനെ അറിയിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യം ഉറപ്പിക്കാനാകൂവെന്ന് പൊലീസ് പറയുന്നു.
സർജൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി വൈകി മാതാപിതാക്കളെ ചോദ്യം ചെയ്‌തു. കുഞ്ഞ് തന്റേതല്ലെന്ന സംശയത്തിൽ പിതാവ് ഷിജിൽ ഇഹാനെ മർദ്ദിക്കാറുണ്ടെന്ന് ബന്ധുക്കളും അയൽവാസികളും മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഷിജിൽ ഇക്കാര്യം സമ്മതിക്കുകയോ കൃഷ്ണപ്രിയ വ്യക്തത വരുത്തുകയോ ചെയ്‌തിട്ടില്ല. അതിനാൽ ഇരുവരും സംശയത്തിന്റെ നിഴലിലാണെന്ന് പൊലീസ് പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് രേഖപ്പെടുത്താനാണ് നീക്കം.
കുഞ്ഞിന്റെ കൈയിൽ മൂന്നാഴ്ചയോളം പഴക്കമുള്ള ഒരു പൊട്ടലുള്ളതായും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇങ്ങനെയൊരു പരിക്കിനെക്കുറിച്ച് തങ്ങൾക്ക് അറിവില്ലെന്നാണ് മാതാപിതാക്കൾ പൊലീസിന് നൽകിയ മൊഴി. അതേസമയം കാരക്കോണം സി.എസ്.ഐ ആശുപത്രിയിൽ കുഞ്ഞിനെ ചികിത്സിച്ചതായി വ്യക്തമായി. കുഞ്ഞിന്റെ ദേഹത്തെ പരിക്കുകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പരസ്‌പര വിരുദ്ധമായാണ് മാതാപിതാക്കൾ പറയുന്നതെന്നും എന്തോ ഒളിച്ചുവയ്‌ക്കാനുള്ള ശ്രമമാണെന്നും പൊലീസ് സംശയിക്കുന്നു.
വഴക്കിന്റെ പേരിൽ കൃഷ്ണപ്രിയ പലതവണ പിണങ്ങി സ്വന്തം വീട്ടിൽപോയി നിന്നിട്ടുണ്ട്. രണ്ടുമാസം മുമ്പാണ് പിണക്കംമാറി വാടക വീടെടുത്ത് താമസിക്കാൻ തുടങ്ങിയത്. ഇഹാൻ കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് കുഴഞ്ഞുവീണ് മരിച്ചത്. ഷിജിൻ കൊണ്ടുവന്ന ബിസ്‌കറ്റ് കഴിച്ചതിന് പിന്നാലെ കുഞ്ഞ് കുഴഞ്ഞുവീഴുകയായിരുന്നുവെന്നും വായിൽ നിന്ന് നുരയും പതയും വന്നെന്നുമാണ് നേരത്തെ മാതാപിതാക്കൾ അറിയിച്ചിരുന്നത്. ഇതിന്റെ സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെങ്കിലും ഫലം കിട്ടിയിട്ടില്ല. നെയ്യാറ്റിൻകര സി.ഐ അവധിയായതിനാൽ ബാലരാമപുരം സി.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം തുടരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |