കൊച്ചി: ഏറെ പ്രതിസന്ധികൾ നേരിടുന്ന കേര കർഷകർക്കായി കേന്ദ്രനാളികേര വികസന ബോർഡ് സ്വമേധയ അനുവദിക്കുന്ന തുക പോലും കേരളം ശരിയായി വിനിയോഗിക്കുന്നില്ല. മറ്റു തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്ര നാളികേര വികസന ബോർഡിൽ നിന്ന് കോടിക്കണക്കിന് രൂപ ചോദിച്ചുവാങ്ങി വിനിയോഗിക്കുമ്പോഴാണ് ഈ അനാസ്ഥ തുടരുന്നത്. ഇതുകാരണം 8.02 കോടി രൂപ കേരളത്തിന് തിരിച്ചുകൊടുക്കേണ്ടിവന്നു.
2023-24ലെ പദ്ധതികൾ സമർപ്പിക്കാൻ നാളികേര ബോർഡ് അമ്പതിലേറെ കത്തുകളാണ് അയച്ചത്. കൃഷി വകുപ്പിലെ മേലാളൻമാർ കണ്ടമട്ട് കാണിച്ചില്ല. 2024-25 വർഷത്തെ അറിയിപ്പ് കിട്ടിയിട്ടും ഇതുവരെ ഗൗനിച്ചിട്ടില്ല.മാർച്ചിൽ പദ്ധതി സമർപ്പിക്കേണ്ടതായിരുന്നു. അഞ്ചുവർഷത്തിനിടെ ഒരിക്കൽ മാത്രമാണ് പദ്ധതി തയ്യാറാക്കി തുക ആവശ്യപ്പെട്ടത്. മറ്റു വർഷങ്ങളിലെല്ലാം കേന്ദ്രത്തിന്റെ അറിയിപ്പുകൾക്ക് ശരിയെന്ന മറുപടി മാത്രമേ കൊടുത്തിട്ടുള്ളൂ. അതുപ്രകാരം അവർ ഇഷ്ടമുള്ള തുക അനുവദിക്കുകയായിരുന്നു.പദ്ധതി തയ്യാറാക്കി പണം വാങ്ങിയാൽ അതു നടപ്പാക്കിയെന്ന് ഉറപ്പുവരുത്തണം. അതിനൊന്നും മെനക്കെടാൻ ഉദ്യോഗസ്ഥർ തയ്യാറല്ല. സംസ്ഥാന കാർഷികോത്പാദന കമ്മിഷണറുടെ ഓഫീസും കൃഷി ഡയറക്ടറുടെ ഓഫീസുമാണ് മേൽനടപടികൾ സ്വീകരിക്കേണ്ടിയിരുന്നത്.
2017-18 മുതൽ 2021-22 വരെ അനുവദിച്ച തുക ശരിയായി വിനിയോഗിക്കാത്തതുകൊണ്ടാണ് 8.02 കോടി തിരിച്ചടയ്ക്കേണ്ടിവന്നത്.
തെങ്ങു പുനരുദ്ധാരണ പദ്ധതിക്കും പ്രദർശനത്തോട്ടം ഒരുക്കാനുമായാണ് ബോർഡ് പ്രധാനമായും സഹായം നൽകുന്നത്.തുക വിനിയോഗിച്ച സ്ഥലത്തെ പരിശോധനയ്ക്ക് പോലും നാളികേര വികസന ബോർഡുമായി സഹകരിക്കാൻ കൃഷി വകുപ്പ് തയ്യാറായില്ലെന്നാണ് അറിയുന്നത്.
ഗജ ചുഴലിക്കാറ്റിനെ തുടർന്ന് ഫണ്ട് വിനിയോഗിക്കാൻ സാധിക്കാത്തതിനാൽ 2019-20ൽ തമിഴ്നാട് 11.83 കോടി തിരിച്ചടച്ചിരുന്നു.
മത്സരിച്ച് വാങ്ങാൻ
മറ്റു സംസ്ഥാനങ്ങൾ
കേരകൃഷിയിൽ രണ്ടാം സ്ഥാനക്കാരായ കർണാടകത്തിന് കഴിഞ്ഞ സാമ്പത്തിക വർഷം അനുവദിച്ചത് 17 കോടിയാണ്. അധികതുകയായി 240 കോടി ആവശ്യപ്പെട്ടപ്പോൾ 50 കോടി വീണ്ടും നൽകി. 12 കോടി അധികമായി കൂടുതൽ ചോദിച്ച തമിഴ്നാടിന് ആറു കോടിയും അഞ്ച് കോടി ആവശ്യപ്പെട്ട ആന്ധ്രയ്ക്ക് മുഴുവൻ തുകയും നൽകി. ഇക്കാലയളവിൽ കേരളത്തിന് ചോദിക്കാതെ 2.88 കോടി കിട്ടി. ഇതിന്റെ വിനിയോഗ റിപ്പോർട്ട് സമർപ്പിക്കുകയോ അധികതുക ആവശ്യപ്പെടുകയോ ചെയ്തില്ല.
(2017-18 മുതൽ 2021-22 വരെ നാലു സംസ്ഥാനങ്ങൾക്ക് ലഭിച്ച തുക കോടിയിൽ)
സംസ്ഥാനം..................കിട്ടിയത്...............വിനിയോഗിച്ചത്
കേരളം ............................. 39.14 ............................. 30.41
തമിഴ്നാട്.................... .... 76.22 ............................. 72.49
കർണാടക ....................... 74.07 .............................. 62.43
ആന്ധ്രാപ്രദേശ് .............. 70.47 .............................. 41.62
തെങ്ങിൽ കർണാടക
പിന്നാലെയുണ്ട്
(കേന്ദ്രകൃഷി മന്ത്രാലയത്തിന്റെ 2021-22 വർഷത്തെ കണക്ക്. കൃഷി ഹെക്ടറിലും, ഉദ്പാദനം കോടിയിലും )
സംസ്ഥാനം ........കൃഷി.........ഉത്പാദനം....... ഉത്പാദനക്ഷമത
കേരളം.............. 7,65,440................ 552 ................ 7,215
കർണാടകം...... 6,04,230 ............... 518 ................ 8,569
തമിഴ്നാട്......... 4,46,150 ............... 509 ............... 11,413
ആന്ധ്ര............... 1,06,000................ 169 ................ 15,964
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |