ആറ്റിങ്ങൽ: കൊപ്രക്ഷാമം രൂക്ഷമായതോടെ സർക്കാർ സ്ഥാപനമായ നാളികേര സംസ്‌കരണ ശാലയിൽ എണ്ണ ആട്ടിയിട്ട് ഒന്നര മാസം കഴിഞ്ഞു. സംസ്ഥാനത്ത് നാളികേരത്തിനും വെളിച്ചെണ്ണയ്ക്കും വില കുത്തനെ ഉയരമ്പോൾ ആശ്വാസമായിരുന്നത് സംസ്ഥാന നാളികേര വികസന കോർപ്പറേഷന്റെ വെളിച്ചണ്ണ വിതരണമാണ്. ആറ്റിങ്ങലിലെ എണ്ണയാട്ടു ശാലവഴി വൻ വിലക്കുറവിലാണ് സംസ്ഥാന നാളികേര വികസന കോർപ്പറേഷൻ വെളിച്ചെണ്ണ വിൽക്കുന്നത്. കേരജമെന്ന പേരിലാണ് വിപണനം. കമ്പോളത്തിൽ ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് 460 രൂപയോളം വില വരുമ്പോൾ ഇവിടെ 310 രൂപയ്ക്കാണ് വില്പന നടത്തുന്നത്.
വരവ് നിലച്ചു
കോഴിക്കോട് നാളികേര വികസന കോർപ്പറേഷൻ സംഭരിക്കുന്ന പച്ചത്തേങ്ങ പൊതിച്ച് ഉണക്കിയാണ് ആറ്റിങ്ങലിലെ എണ്ണയാട്ട് ശാലയിലെത്തുന്നത്. അവിടെയും കൊപ്രക്ഷാമം രൂക്ഷമായതോടെയാണ് കൊപ്ര വരവ് നിലച്ചത്. ഒരു കിലോ ഉണക്ക കൊപ്രയ്ക്ക് നിലവിൽ 250 രൂപയാണ് വില. ഒരു ലിറ്റർ എണ്ണ ഉത്പാദിപ്പിക്കാൻ ഒന്നരക്കിലോയോളം കൊപ്ര ആവശ്യമാണ്. ഇത് ആട്ടി രണ്ടുതവണ ഫിൽട്ടർ ചെയ്താണ് യാതൊരു കലർപ്പുമില്ലാതെ ഇവിടെ വില്പന നടത്തുന്നത്.
വില വർദ്ധിക്കും
ഒരു ലിറ്ററിന്റെയും അര ലിറ്ററിന്റെയും കുപ്പിയിൽ നിറച്ചതും പൗച്ചും ഇവിടുത്തെ വിപണന കേന്ദ്രം വഴി വിൽക്കുന്നു. ഉത്പന്നങ്ങൾക്ക് 6 മാസം വരെ കാലാവധിയുണ്ട്. എന്നാൽ ജൂലായ് മുതൽ വില വർദ്ധിപ്പിക്കുകയാണ്.
പുതിയ വില്പന വില
കുപ്പിയിൽ നിറച്ചത് ലിറ്ററിന് 360 രൂപ, അരലിറ്ററിന് 185 രൂപ
പായ്ക്കറ്റ്: ലിറ്ററിന് 350 രൂപ, അരലിറ്ററിന് 175 രൂപ
തേങ്ങ കിലോയ്ക്ക് 95
തേങ്ങ വിലയും ഉയർന്ന് കിലോയ്ക്ക് 95ലെത്തി. മൂന്നരക്കിലോ പച്ചത്തേങ്ങ സംസ്‌കരിച്ചാൽ മാത്രമേ ഒരുകിലോ വെളിച്ചെണ്ണ ലഭിക്കൂ. നാട്ടിൽ തേങ്ങവിലയും ഉയരുകയാണ്. തമിഴ്നാട്ടിൽ ഇപ്പോൾ തേങ്ങയ്ക്ക് 75 രൂപയുണ്ട്. വരുംകാലങ്ങളിൽ തമിഴ്നാട്ടിൽ നിന്നുള്ള തേങ്ങയുടെ വരവ് നിലയ്ക്കുമെന്നാണ് വിലയിരുത്തൽ. അതോടെ വെളിച്ചെണ്ണവില കുതിച്ചുയരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |