കൊച്ചി: വയനാട് വെള്ളമുണ്ടയിൽ പൊലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ കേസിൽ മാവോയിസ്റ്റുകളായ നാലു പ്രതികളും കുറ്റക്കാരെന്ന് എൻ.ഐ.എ കോടതി കണ്ടെത്തി.
ഒന്നാംപ്രതി മാവോയിസ്റ്റ് നേതാവ് രൂപേഷ്, നാലാംപ്രതി കന്യാകുമാരി, ഏഴാംപ്രതി അനൂപ്, എട്ടാംപ്രതി ബാബു ഇബ്രാഹിം എന്നിവരെയാണ് യു.എ.പി.എ നിയമപ്രകാരം കുറ്റക്കാരെന്ന് വിധിച്ചത്. ശിക്ഷ വെള്ളിയാഴ്ച വിധിക്കും. രൂപേഷിനും കന്യാകുമാരിക്കുമെതിരായ ഗൂഢാലോചന കുറ്റവും ആയുധ നിയമപ്രകാരമുള്ള കുറ്റങ്ങളും തെളിഞ്ഞു.
2014ൽ സിവിൽ പൊലീസ് ഓഫീസർ എ.ബി പ്രമോദിനെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ കേസിലാണിത്. കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുകയും പ്രമോദിന്റെ മോട്ടോർ സൈക്കിൾ കത്തിക്കുകയും ചെയ്തു. മാവോയിസ്റ്റുകൾക്കെതിരായ വിവരങ്ങൾ പൊലീസിന് ചോർത്തിനൽകി എന്നാരോപിച്ചായിരുന്നു അതിക്രമം. തോക്കുൾപ്പെടെയുള്ള ആയുധങ്ങളുമായി സി.പി.ഒയുടെ വീട്ടിലെത്തിയ സംഘം ജോലി രാജിവയ്‌ക്കാൻ ആവശ്യപ്പെട്ടു. ലഘുലേഖകൾ വീടിന്റെ പരിസരത്ത് വിതറി. മാവോയിസ്റ്റ് അനുകൂല പോസ്റ്റർ ഭിത്തിയിലൊട്ടിക്കുകയും ചെയ്തിരുന്നു.
ഉപദ്രവിച്ചിട്ടില്ലെന്ന് രൂപേഷ്
ശിക്ഷിക്കപ്പെടുന്നത് ദൗർഭാഗ്യകരമാണെന്ന് രൂപേഷ് കോടതിയിൽ പ്രതികരിച്ചു. ആരെയും ഉപദ്രവിച്ചതായി തനിക്കെതിരെ കുറ്റം ചുമത്തിയിട്ടില്ല. ലഘുലേഖകളിലുണ്ടായിരുന്നത് പശ്ചിമഘട്ടത്തിന്റെ സംരക്ഷണം, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ അവകാശങ്ങൾ എന്നിവയെക്കുറിച്ചുള്ള വരികളായിരുന്നു. സാധാരണഗതിയിൽ കേസ് പോലും നിലനിൽക്കില്ലാത്ത കാര്യങ്ങളാണ് തനിക്കെതിരെ ആരോപിക്കുന്നതെന്നും രൂപേഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |