തിരുവനന്തപുരം: തിരഞ്ഞെടുപ്പിന്റെ ഭാഗമായി അനധികൃത പണവും മദ്യവും സമ്മാനങ്ങളും പിടികൂടാനുള്ള സ്‌ക്വാഡിൽ (സ്റ്റാറ്റിക് സർവെയ്ലൻസ് ടീം) ഹയർസെക്കൻഡറി അദ്ധ്യാപികമാർ ജോലി ചെയ്യണമെന്ന നിർദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം. ജില്ലാ കളക്ടർമാരുടെ ഉത്തരവിലാണ് അദ്ധ്യാപികമാരെ ഉൾപ്പെടുത്തിയിട്ടുള്ളത്. രാത്രിയുൾപ്പെടെ ചെയ്യേണ്ട ഡ്യൂട്ടിയിൽ വനിതകളെ ഉൾപ്പെടുത്തിയതിനെതിരെയാണ് പ്രതിഷേധം.
രാവിലെ ആറു മുതൽ ഉച്ചയ്ക്കു രണ്ടു വരെ, ഉച്ചയ്ക്കു രണ്ടു മുതൽ രാത്രി പത്തു വരെ, രാത്രി പത്തു മുതൽ പിറ്റേദിവസം രാവിലെ ആറു വരെ എന്നീ ഷിഫ്ടുകളിലാണ് ഡ്യൂട്ടി.
കൊല്ലം, മാവേലിക്കര, ആലപ്പുഴ ലോക്സഭാ മണ്ഡലങ്ങളിലെ പരിശോധനയ്ക്കായി കൊല്ലം ജില്ലാ കളക്ടർ പുറപ്പെടുവിച്ച ഉത്തരവിൽ 66 പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ അമ്പതിലേറെപ്പേരും വനിതകളാണ്. മറ്റ് ജില്ലകളിലും വ്യാപകമായി അദ്ധ്യാപകരെ നിയോഗിച്ചിട്ടുണ്ട്.
പരീക്ഷാ മൂല്യനിർണയമുൾപ്പെടെയുള്ള പ്രധാന ജോലികളുള്ളതിനാൽ അദ്ധ്യാപകരെ പരിശോധനയിൽ നിന്ന് ഒഴിവാക്കണമെന്ന് എ.എച്ച്.എസ്.ടി.എ ജനറൽ സെക്രട്ടറി എസ്. മനോജ് ആവശ്യപ്പെട്ടു.
എക്സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലുള്ളതാണ് വാഹന പരിശോധനയ്ക്കുള്ള എസ്.എസ്.ടി. സ്‌ക്വാഡ്. മൂന്നോ നാലോ പൊലീസുകാരും സംഘത്തിലുണ്ടാവും. പരിശോധനയെക്കുറിച്ച് ദിവസവും റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |