ന്യൂഡൽഹി : ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസൺ ഫൈനൽ മേയ് നാലിന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഈ മാസം 19നാണ് പ്ളേ ഓഫ് മത്സരങ്ങൾ തുടങ്ങുന്നത്. 12 ടീമുകളാണ് പ്രാഥമിക റൗണ്ടിൽ കളിച്ചത്. ഇതിൽ ആറു ടീമുകളാണ് പ്ളേ ഓഫിൽ കളിക്കുന്നത്. 47 പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള മുംബയ് സിറ്റി, യഥാക്രമം രണ്ടുമുതൽ ആറുവരെ സ്ഥാനങ്ങളിലുള്ള മോഹൻ ബഗാൻ (42), എഫ്.സി ഗോവ (42),ഒഡിഷ എഫ്.സി (39), കേരള ബ്ളാസ്റ്റേഴ്സ്(30), ചെന്നൈയിൻ എഫ്.സി (27) എന്നീ ടീമുകളാണ് പ്ളേഓഫ് ഉറപ്പിച്ചിരിക്കുന്നത്. ഇവരിൽ പലർക്കും ചില മത്സരങ്ങൾ അവശേഷിക്കുന്നുണ്ടെങ്കിലും ആദ്യ ആറ് സ്ഥാനത്തിൽ നിന്ന് താഴേക്ക് പോവില്ല.
പോയിന്റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനത്തെത്തുന്ന ടീമുകൾ നേരിട്ട് സെമിഫൈനലിൽ കളിക്കും. നിലവിൽ മുംബയ് സിറ്റിയാണ് സെമി ഉറപ്പിച്ചിരിക്കുന്നത്. മോഹൻ ബഗാനും എഫ്.സി ഗോവയ്ക്കും സെമി സാദ്ധ്യതയുണ്ട്.
മൂന്നുമുതൽ ആറുവരെ സ്ഥാനങ്ങളിലുള്ള ടീമുകൾ പരസ്പരം ഏകപാദ നോക്കൗട്ട് മത്സരത്തിൽ ഏറ്റുമുട്ടി അതിൽ നിന്ന് വിജയിക്കുന്ന രണ്ടു ടീമുകൾ കൂടി സെമിയിലേക്ക് എത്തും.
സെമിഫൈനലുകൾ ഇരുപാദ ഹോം ആൻഡ് എവേ ഫോർമാറ്റിൽ ഏപ്രിൽ 23,24,28,29 തീയതികളിൽ നടക്കും.
ബ്ളാസ്റ്റേഴ്സ് ഇന്ന് ഹൈദരാബാദിനോട്
പ്ളേ ഓഫ് ഉറപ്പാക്കിക്കഴിഞ്ഞ കേരള ബ്ളാസ്റ്റേഴ്സ് ഇന്ന് പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്.സിയെ നേരിടും. കഴിഞ്ഞ അഞ്ചുമത്സരങ്ങളിൽ നാല് തോൽവികളും ഒരു സമനിലയും വഴങ്ങിയ ബ്ളാസ്റ്റേഴ്സിന് പ്ളേഓഫിന് മുമ്പ് ആത്മവിശ്വാസം വീണ്ടെടുക്കാൻ ഇന്ന് വിജയം അനിവാര്യമാണ്. 21 മത്സരങ്ങളിൽ 9 വീതം ജയവും തോൽവികളും 3 സമനിലകളും നേടിയ ബ്ളാസ്റ്റേഴ്സ് 30 പോയിന്റുമായി പട്ടികയിൽ അഞ്ചാമതാണ്. 21 മത്സരങ്ങളിൽ ഒന്നുമാത്രം ജയിക്കാനായ ഹൈദരാബാദ് എഫ്.സി 15 തോൽവികളും 5 സമനിലകളുമായി 8 പോയിന്റ്മാത്രം നേടി ലീഗിലെ 12 ക്ളബുകളിൽ അവസാന സ്ഥാനത്താണ്.
7.30 pm മുതൽ ഹൈദരാബാദിൽ
സ്പോർട‌്സ് 18ലും ജിയോ സിനിമയിലും ലൈവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |