ക്യാപ്ടനെ മാറ്റിയതും തുടക്കത്തിലെ തുടർ തോൽവികളും കാരണം ആകെ പ്രതിസന്ധിയിലായിരുന്ന മുംബയ് ഇന്ത്യൻസ് പഴ
യ പ്രതാപത്തിലേക്ക് തിരച്ചത്തിയെന്നതിന്റെ സൂചന നൽകിക്കഴിഞ്ഞു റോയൽ ചലഞ്ച്ഴേസ് ബംഗളൂരുവിനെതിരായ കഴിഞ്ഞ മത്സരത്തിലെ ജയത്തിലൂടെ.
ആദ്യം ബാറ്റ് ചെയ്ത ആർ.സി.ബി ഡുപ്ലെസി (61), രജത് പാട്ടീദാർ (50), ദിനേഷ് കാർത്തിക്ക് (53*) എന്നിവരുടെ അർദ്ധസെഞ്ച്വറി മികവിലാണ് നിശ്ചിത 20 ഓവറിൽ 196/8 എന്ന സ്കോർ ഉയർത്തിയത്.മറുപടിക്കിറങ്ങിയ മുംബയ്ക്ക് വേണ്ടി 34 പന്തുകളിൽ ഏഴുഫോറും അഞ്ചു സിക്സുമടക്കം 69 റൺസടിച്ച ഇഷാൻ കിഷൻ, 19 പന്തുകളിൽ അഞ്ചുഫോറും നാലുസിക്സുമടക്കം 52 റൺസ് നേടിയ സൂര്യകുമാർ യാദവ്, 24 പന്തുകളിൽ മൂന്നുവീതം ഫോറും സിക്സുമടിച്ച് 38 റൺസ് നേടിയ രോഹിത് ശർമ്മ,ആറുപന്തുകളിൽ മൂന്ന് സിക്സടക്കം 21 റൺസ് നേടി പുറത്താകാതെ നിന്ന ഹാർദിക് പാണ്ഡ്യ എന്നിവരാണ് തകർപ്പൻ ചേസിംഗ് ജയം പിടിച്ചെടുത്തത് (199/3).
സമസ്ഥ മേഖലയിലും ആധിപത്യം പുലർത്തുന്ന വിന്റേജ് മുംബയ് ഇന്ത്യൻസിനെയാണ് വ്യാഴാഴ്ച രാത്രി വാങ്കഡെയിൽ കണ്ടത്. തിരിച്ചുവരവിലെ ആദ്യ മത്സരത്തിൽ ഡക്കായതിന് ട്രോളിയവർക്ക് തൊട്ടടുത്ത മത്സരത്തിൽ ബംഗളൂരു ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ച് 17 പന്തിൽ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയാണ് സൂര്യ മറുപടി നൽകിയത്.
നിലവിൽ ലോകത്തെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർ താൻ തന്നെയെന്ന് സമർത്ഥിക്കുന്ന പ്രകടനമാണ് ബുംറ പുറത്തെടുത്തത്. 4 ഓവറിൽ 21 റൺസ് നൽകി 5 വിക്കറ്റുകളാണ് ബുംറ സ്വന്തമാക്കിയത്. രണ്ട് തവണയാണ് ബുംറയ്ക്ക് ഹാട്രിക്ക് ചാൻസ് കിട്ടിയത്.
തുടക്കത്തിൽ ഓറഞ്ച് ക്യാപ്പുകാരനായ സാക്ഷാൽ വിരാട് കൊഹ്‌ലിയെ പുറത്തക്കി മുംബയ്ക്ക് മേൽക്കൈ നൽകിയ ബുംറ ഡെത്ത് ഓവറുകളിൽ വിശ്വരൂപം പ്രാപിക്കുകയായിരുന്നു. ഡി.കെയുടെ നേതൃത്വത്തിൽ അവസാനം റണ്ണുയർത്താൻ ശ്രമിച്ച ബംഗളൂരുവിന്റെ സ്കോർ 200 കടക്കാതെ തടഞ്ഞു നിറുത്തിയത് ബംറയുടെ ഓവറുകളായിരുന്നു. മത്സരത്തിൽ ആറിൽ താഴെ എക്കോണമി ഉള്ള ഒരേ ഒരു ബൗളറും ബുംറയാണ്.
9- 190ന് മുകളിലുള്ള ടാർജറ്റ് ഇത് ഒൻപതാം തവണയാണ് മുംബയ് ഇന്ത്യൻസ് ചേസ് ചെയ്യുന്നത്.190ന് മുകളിലുള്ള ടാർജറ്റ് ചേസ് ചെയ്ത വിജയിച്ച ടീമുകളിൽ പഞ്ചാബ് കിംഗ്സിനൊപ്പം ഒന്നാമതെത്താനും മുംബയ്‌ക്കായി.
11-190ന് മുകളിലുള്ള ടാർജറ്റ് പ്രതിരോധിക്കുന്നതിൽ 11-ാം തവണയാണ് ആർ.സി.ബി പരാജയപ്പെടുന്നത്.
50-വാങ്കഡെയിൽ മുംബയ്‌യുടെ അമ്പതാം ജയം. ഒരു വേദിയിൽ ഏറ്രവും കൂടുതൽ വിജയം നേടുന്ന ടീം.
50- വാങ്കഡെയിൽ അമ്പത് വിക്കറ്റ് നേട്ടം തികച്ച് ബുംറ. ഐ.പി.എല്ലിൽ ബുംറയുടെ രണ്ടാം 5 വിക്കറ്റ് നേട്ടം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |