കൊച്ചി: ഒൻപത് ക്രിമിനൽ കേസുകളിൽ പ്രതിയായതിന്റെ പേരിൽ പട്ടികജാതി യുവാവിന് ജോലി നിഷേധിച്ച സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി. കേസുകളിൽ യുവാവ് പിഴയടച്ചും മറ്റും കുറ്റമുക്തനായത് പരിഗണിക്കാതെയാണ് സർക്കാർ നടപടിയെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി.
ആംഡ് പൊലീസ് ബറ്റാലിയനിൽ നിയമനം നിഷേധിച്ചതിനെതിരെ വൈക്കം ചെമ്പ് സ്വദേശി ബിന്നേഷ് ബാബുവാണ് കോടതിയെ സമീപിച്ചത്. ഓസ്കർ വൈൽഡിന്റെ 'എ വുമൺ ഒഫ് നോ ഇംപോർട്ടൻസ് " എന്ന വിഖ്യാത നാടകത്തിലെ 'എല്ലാ വിശുദ്ധനും ഒരു ഭൂതകാലമുണ്ടാകു"മെന്ന വരികൾ ഉദ്ധരിച്ചാണ് വിധി. നിയമനത്തിനായി 2017ൽ ഹർജിക്കാരന് പി.എസ്.സി യുടെ അഡ്വൈസ് മെമ്മോ ലഭിച്ചിരുന്നു. എന്നാൽ കേസുകൾ മറച്ചുവച്ചെന്നാരോപിച്ച് സർക്കാർ ഇത് റദ്ദാക്കി.
സർക്കാരിന്റെ നടപടിയിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഇടപെടാത്തതിനെ തുടർന്നായിരുന്നു അപ്പീൽ.ബിന്നേഷിനെതിരേ വൈക്കം, തലയോലപ്പറമ്പ് പൊലീസ് സ്‌റ്റേഷനുകളിലായി അടിപിടി, മണൽവാരൽ കേസുകളുണ്ടായിരുന്നു. മണൽ കേസുകളിൽ പിഴയടച്ച് ഹർജിക്കാരൻ കുറ്റമുക്തനായി. അടിപിടി കേസ് ചില ബന്ധുക്കൾ കെട്ടിച്ചമച്ചതാണെന്നും കണ്ടെത്തി. ഈ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരന് നിയമനം നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചത്. പാർശ്വവത്കരിക്കപ്പെട്ടവരുടെ ദൗർഭാഗ്യം സൂചിപ്പിക്കാൻ വിക്ടർ യൂഗോയുടെ 'പാവങ്ങൾ" നോവലിലെ ജീൻ വാൽ ജീനിന്റെ ദുരവസ്ഥയടക്കം വിവരിച്ചായിരുന്നു കോടതിയിൽ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |