
ചാരുംമൂട്: ആലപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് പ്രതികൾക്ക് 75 വർഷം തടവും 4,75000 രൂപ വീതം പിഴയും വിധിച്ചു. പാലമേൽ ഉളവക്കാട് മുറിയിൽ വന്മേലിൽ വീട്ടിൽ അനന്തു (23), നൂറനാട് പുലിമേൽ കമ്പിളിവിളയിൽ വീട്ടിൽ അമൽ കുമാർ (21)എന്നിവർക്കാണ് ശിക്ഷ. ചെങ്ങന്നൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ ജഡ്ജി ആർ സുരേഷ് കുമാറാണ് വിധി പറഞ്ഞത്. പ്രതികൾ ചേർന്ന് പ്രായപൂർത്തിയാകാത്ത അതിജീവിതയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ നൂറനാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
അതേസമയം, ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. മുണ്ടക്കൽ സ്വദേശി അരവിന്ദാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് പൂയപ്പള്ളി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.
മാസങ്ങൾക്ക് മുമ്പ് ഒരു വിവാഹ സൽക്കാരത്തിനിടെയാണ് അരവിന്ദ് പെൺകുട്ടിയെ ആദ്യമായി കണ്ടത്. തുടർന്ന് ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയുമായി സൗഹൃദത്തിലായി. ഇൻസ്റ്റാഗ്രാമിലൂടെ നിരന്തരം മെസേജ് അയച്ച് പെൺകുട്ടിയുമായി പ്രതി ബന്ധം സ്ഥാപിച്ചു. പിന്നാലെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നു. നിരന്തരമായുള്ള പീഡനത്തിന് ശേഷം പ്രതി മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലായി. ഇതിന്റെ മനോവിഷമത്തിലായ പെൺകുട്ടിയുടെ സ്വഭാവത്തിലുണ്ടായ മാറ്റം രക്ഷിതാക്കൾ തിരിച്ചറിഞ്ഞു.
പിന്നാലെ വിവരങ്ങൾ ചോദിച്ച് മനസിലാക്കി. ശേഷം പൂയപ്പള്ളി പൊലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. അന്വേഷണത്തിൽ മുണ്ടക്കൽ പാപനാശം സ്വദേശി ചന്തു എന്ന് വിളിക്കുന്ന അരവിന്ദിനെ പൊലീസ് തിരിച്ചറിഞ്ഞു. പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അരവിന്ദിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |