പൊന്നാനി: പൊന്നാനിയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് അലമാരയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 350 പവന്റെ സ്വർണാഭരണങ്ങൾ കവർന്നു. പൊന്നാനി ഐശ്വര്യ തീയേറ്ററിന് സമീപം താമസിക്കുന്ന പ്രവാസി വ്യവസായിയായ മണപ്പറമ്പിൽ രാജീവിന്റെ വീട്ടിലായിരുന്നു മോഷണം. രണ്ടുകോടിയോളം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് നഷ്ടമായതെന്ന് പൊലീസ് പറഞ്ഞു.
രാജീവ് കുടുംബത്തോടൊപ്പം ദുബായിയിലാണ് താമസം. ഒരാഴ്ച മുമ്പാണ് ഇവർ വീട്ടിൽ വന്നുപോയത്. ഗൾഫിൽ എൻജിനിയറിംഗ് സ്ഥാപനം നടത്തുന്ന രാജീവ് മോഷണവിവരമറിഞ്ഞ് നാട്ടിലെത്തിയിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ട് വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് വീടിന്റെ പിൻവശത്തുള്ള ഗ്രില്ല് തകർത്ത നിലയിൽ കണ്ടത്. അകത്ത് കയറിയപ്പോൾ അലമാരയും മറ്റും തുറന്നിട്ട നിലയിലായിരുന്നു. ഉടൻ വീട്ടുടമയെ വിവരമറിയിച്ചു. സി.സി ടി.വി ഡി.വി.ആർ ഉൾപ്പെടെ കവർന്നിട്ടുണ്ട്.
വീടിന് സമീപം അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടകക്കെട്ടിടത്തിൽ പൊലീസ് പരിശോധന നടത്തി. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം വ്യാപകമാക്കി. പ്രതിയെക്കുറിച്ച് നിലവിൽ സൂചനകളില്ലെന്നും അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും അദ്ദേഹം അറിയിച്ചു
മലപ്പുറം എസ്.പിയുടെ മേൽനോട്ടത്തിൽ തിരൂർ ഡിവൈ.എസ്.പി ഷംസിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |