SignIn
Kerala Kaumudi Online
Wednesday, 29 May 2024 2.44 PM IST

ആലപ്പുഴയ്ക്ക് വനിതാ കേന്ദ്രമന്ത്രി ഉണ്ടാകും: ശോഭ സുരേന്ദ്രൻ

sobha-surendran

ആലപ്പുഴ: തിരഞ്ഞെടുപ്പ് പോരാട്ടം അവസാന ലാപ്പിലേക്കെത്തുമ്പോൾ ബി.ജെ.പി എ പ്ളസ് മണ്ഡലമായി കാണുന്ന ആലപ്പുഴയിൽ ശോഭാ സുരേന്ദ്രന് ശുഭ പ്രതീക്ഷയാണുള്ളത് . ഇവിടെ ത്രികോണ പോരാട്ടമാണെന്ന വിലയിരുത്തലാണ് എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റേത്. മാസ് പ്രചാരണമാണ് ഇത്തവണ ബി.ജെ.പി ആലപ്പുഴയിൽ നടത്തുന്നത്. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും സ്ഥാനാർത്ഥിയെത്തുന്നു. ഓരോ കേന്ദ്രങ്ങളിലും സ്വീകരിക്കാനെത്തുന്നത് സ്ത്രീകളുൾപ്പടെ നൂറ് കണക്കിന് പ്രവർത്തകർ. സ്വീകരണ വേദികൾ മറ്റ് പാർട്ടികളിൽ നിന്ന് ബി.ജെ.പിയിലേക്കെത്തുന്ന പുതുമുഖങ്ങളെ വരവേൽക്കാനുള്ള വേദി കൂടിയായി മാറുന്നു. വിധിയെഴുത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ കൂടുതൽ ഊർജ്ജം പകരാൻ അടുത്തദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മണ്ഡലത്തിലെത്തും. പ്രചരണം അവസാനഘട്ടത്തിലെത്തി നിൽക്കേ തന്റെ വിലയിരുത്തലുകളും പ്രതീക്ഷകളും പങ്കുവെയ്ക്കുകയാണ് ശോഭാ സുരേന്ദ്രൻ.

ആലപ്പുഴയുടെ പൾസ്?

കെ.സി.വേണുഗോപാൽ വിജയിച്ചാലും, എ.എം.ആരിഫ് വിജയിച്ചാലും ആലപ്പുഴയ്ക്ക് എന്താണ് കിട്ടുകയെന്ന് ജനം മനസ്സിലാക്കി. നരേന്ദ്ര മോദി സർക്കാർ അനുവദിച്ച പദ്ധതികൾക്കപ്പുറം ഒരു വികസനവും മണ്ഡലത്തിലില്ല. ഇവർ രണ്ട് പേരും മണ്ഡലത്തിനായി ശുഷ്ക്കാന്തി കാണിച്ചിട്ടില്ലെന്ന ബോദ്ധ്യം ജനങ്ങൾക്കുണ്ട്. അതേ സമയം മോദി സർക്കാരിന്റേ നന്മകൾ പുറത്തറിയാതിരിക്കാൻ ഇരുകൂട്ടരും ആവോളം പരിശ്രമിക്കുന്നുമുണ്ട്. മോദിജിയോടൊപ്പം ഇരുന്ന് സംസാരിക്കാൻ, ആലപ്പുഴയുടെ ആവശ്യങ്ങൾ നേരിട്ടറിയിക്കാൻ ആലപ്പുഴയിൽ നിന്ന് കേന്ദ്രമന്ത്രിസഭയിലേക്ക് അയക്കാൻ ശോഭാ സുരേന്ദ്രൻ മാത്രമേയുള്ളുവെന്നും വോട്ടർമാർ മനസ്സിലാക്കി കഴിഞ്ഞു. അരഡസൻ കേന്ദ്രമന്ത്രിമാർ വന്ന് പോയിട്ടും യാഥാർത്ഥ്യമാകാതിരുന്ന ആലപ്പുഴ ബൈപ്പാസ് സഫലമാകാൻ ഗഡ്ക്കരി വേണ്ടി വന്നു. ഭരണകക്ഷിക്കൊപ്പം നിന്ന് കേരളത്തിന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ മോദിജിയുടെ ഗ്യാരണ്ടിയായി വനിതാ കേന്ദ്രമന്ത്രിയായി ശോഭാ സുരേന്ദ്രനുണ്ടാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു.

മണ്ഡലത്തിലെ പോരാട്ടം?

ആലപ്പുഴയിൽ ത്രികോണ മത്സരമാണ് ഞാൻ പ്രതീക്ഷിക്കുന്നത്. കെ.സി.വേണുഗോപാലും പിണറായി വിജയനും തമ്മിൽ ധാരണയുണ്ടായാൽ പോലും ഒറ്റ സഖാവും കെ.സി.വേണുഗോപാലിന് വോട്ട് ചെയ്യില്ല. ആറ്റിങ്ങലിലെ മത്സരത്തിൽ സി.പി.എമ്മിൽ നിന്ന് എൻ.ഡി.എയ്ക്ക് ലഭിച്ചത് പത്ത് ശതമാനം വോട്ടുകളായിരുന്നെങ്കിൽ, ആലപ്പുഴയിലത് പതിനഞ്ച് ശതമാനമായി ഉയരും. ഓരോ ദിവസവും നിരവധി കുടുംബങ്ങളാണ് ബി.ജെ.പി അണികളാകുന്നത്. മോദിജിയുടെ പത്ത് വർഷത്തെ വികസനനേട്ടങ്ങളും മുപ്പത് വർഷത്തെ പൊതുപ്രവർത്തന രംഗത്തെ ശോഭാ സുരേന്ദ്രനെന്ന വ്യക്തിയുടെ പ്രവർത്തനങ്ങളും കടുത്ത കോൺഗ്രസ്, സി.പി.എം അനുഭാവികളെ പോലും ബി.ജെ.പി പ്രസ്ഥാനത്തിലെത്തിക്കുന്നു.

ആലപ്പുഴയ്ക്ക് ശോഭ നൽകാൻ ആഗ്രഹിക്കുന്നത്?

ഒരു രൂപയ്ക്ക് ഉച്ചഭക്ഷണം നൽകുന്ന 'ഗുരുദേവ കാന്റീൻ' അമ്പലപ്പുഴയിലും അരൂരിലും കരുനാഗപ്പള്ളിയിലും ആരംഭിക്കും. മൂന്ന് വർഷത്തിനുള്ളിൽ വീടില്ലാത്ത എല്ലാവർക്കും വീട് നൽകും. 300 ദിവസത്തിനുള്ളിൽ എല്ലാ വീടുകളിലും ജൽജീവൻ മിഷൻ വഴി കുടിവെള്ളമെത്തിക്കും. ആലപ്പുഴയ്ക്ക് ഏയിംസ് യാഥാർത്ഥ്യമാക്കും. തീരദേശ മേഖലയുടെ സമഗ്ര വികസനത്തിന് 30000 കേടി രൂപയുടെ വികസന പദ്ധതികൾ കൊണ്ടുവരും. അങ്ങനെ ഒട്ടേറെ കാര്യങ്ങൾ. ആലപ്പുഴയ്ക്ക് വനിതാ എം.പിയും, വനിതാ കേന്ദ്രമന്ത്രിയും യാഥാർത്ഥ്യമാകുന്നതോടെ ഈ ആഗ്രഹങ്ങളെല്ലാം പ്രാവർത്തികമാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SOBHA SURENDRAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.