SignIn
Kerala Kaumudi Online
Monday, 12 October 2026 12.40 AM IST

ഇർഷാദിന് മോഷണം പുത്തരിയല്ല, പ്രിയം സ്വർണത്തിനോട്; ജോഷിയുടെ വീട്ടിൽ കവർച്ച നടത്തിയ പ്രതി ചില്ലറക്കാരനല്ല

READ ENGLISH VERSION
case

കൊച്ചി: സംവിധായകൻ ജോഷിയുടെ കൊച്ചിയിലെ പനമ്പിളളി നഗറിലുളള വീട്ടിൽ വൻകവർച്ച നടത്തിയ കേസിലെ പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. പിടിയിലായ ബീഹാർ സ്വദേശി മുഹമ്മദ് ഇർഷാദ് മുൻപും മോഷണക്കുറ്റങ്ങളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

മുൻപ് ഇയാൾ തിരുവനന്തപുരത്തെ കവടിയാറിലുളള ജ്വലറി ഉടമയുടെ വീട്ടിൽ മോഷണം നടത്തിയിരുന്നതായും വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ കേസിൽ ഗോവയിൽ വച്ചാണ് ഇർഷാദ് പിടിയിലായത്. എന്നാൽ സംഭവം കൊവിഡ് സമയത്തായതിനാൽ പ്രതിയെ തിരുവനന്തപുരം സിറ്റി പൊലീസിന് കൈമാറാൻ സാധിച്ചിരുന്നില്ല. അതിനാൽ ഇർഷാദിനെ ഗോവ ജയിലിലായിരുന്നു പാർപ്പിച്ചിരുന്നത്. ഇവിടെ നിന്നും ജാമ്യത്തിലിറങ്ങിയതിന് ശേഷവും ഇയാൾ മോഷണം തുടരുകയായിരുന്നു. കൃത്യമായി മോഷണം ആസൂത്രണം ചെയ്ത് കവർച്ച നടത്താൻ ഇർഷാദ് കേമനെന്നാണ് പൊലീസ് നൽകുന്ന സൂചന.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഇർഷാദ് ജോഷിയുടെ വീട്ടിൽ വൻകവർച്ച നടത്തിയത്. തുടർന്ന് ഇയാളെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് കർണാടകയിലെ ഉഡുപ്പിയിൽ നിന്നും പിടികൂടിയത്.

മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാറിലാണ് ഇർഷാദ് രക്ഷപ്പെട്ടതെന്ന് കണ്ടെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തനിയെ കാറോടിച്ചുപോയ പ്രതി പിടിയിലായത്. കാറിന്റെ ചിത്രങ്ങളും മറ്റുവിവരങ്ങളും ഉൾപ്പെടെ പൊലീസ് കർണാടക പൊലീസിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

ഒരുകോടിയിലേറെ രൂപ വിലമതിക്കുന്ന സ്വർണവജ്രാഭരണങ്ങളും വാച്ചുകളുമാണ് മോഷണം പോയത്. ഉത്തരേന്ത്യയിൽ നിന്നെത്തി കവർച്ച നടത്തി മടങ്ങുന്ന സംഘമാണ് ഇതിന് പിന്നിലെന്ന പൊലീസി​ന്റെ നി​ഗമനം കൃത്യമായി. എറണാകുളം അസി. പൊലീസ് കമ്മിഷണർ പി. രാജ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്.

കവർച്ച നടക്കുമ്പോൾ ജോഷിയും ഭാര്യയും മരുമകളും കുട്ടികളും വീട്ടിലുണ്ടായിരുന്നു. സംഭവദിവസം പുലർച്ചെ അഞ്ചരയ്ക്ക് ജോഷിയുടെ ഭാര്യ സിന്ധു ഉണർന്നപ്പോഴാണ് ജനലും അടുക്കള വാതിലും തുറന്നുകിടക്കുന്നതായി കണ്ട് പരി​ശോധി​ച്ചത്. ജോഷിയുടെ മകൻ അഭിലാഷിന്റെ പരാതിയിൽ സൗത്ത് പൊലീസും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. വീടിന് ചുറ്റുമുള്ള സിസിടിവി ക്യാമറകളി​ലെ ദൃശ്യങ്ങളെല്ലാം പൊലീസ് ശേഖരിച്ചിരുന്നു. പൂർണമായും മുഖം മറയ്ക്കാത്ത മോഷ്ടാവി​ന്റെ ദൃശ്യങ്ങളും ലഭി​ച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, THEFT, GOLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY