തിരുവനന്തപുരം; വാഹനം കയറ്റത്തിൽ നിറുത്തി എടുക്കൽ, റിവേഴ്‌സ് പാർക്കിംഗ് തുടങ്ങി ഡ്രൈവിംഗ് ടെസ്റ്റിലെ പുതിയ പരിഷ്‌കാരങ്ങൾ വർഷങ്ങൾക്ക് മുമ്പേ ട്രാക്ക് ഒരുക്കി ആയിരക്കണക്കിന് പേരെ പരിശീലിപ്പിച്ച് കാര്യവട്ടം കാമ്പസിലെ 'ഐ ടേൺ' സ്റ്റാർട്ടപ്പ്.
മൂന്നു വർഷം മുൻപ് കാര്യവട്ടം എൻജിനീയറിങ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളുമായ ആറു പേർ ചേർന്ന് ആരംഭിച്ചതാണ് സംരംഭം .'എച്ച് "എടുക്കാൻ പഠിപ്പിച്ച് ഡ്രൈവിംഗ് ലൈസൻസ് എടുത്തുകൊടുക്കുന്നതല്ല, ലൈസൻസ് കൈയിലുണ്ടായിട്ടും വാഹനം ഓടിക്കാൻ കഴിയാത്തവർക്കുള്ള വിദഗ്ദ്ധ പരിശീലനമാണ് ലക്‌ഷ്യം.ക്രൂസ് കൺട്രോൾ മുതൽ ആട്ടോണാമസ് ഡ്രൈവിംഗ് വരെ പഠിപ്പിക്കും.
ബി ടെക് ബിരുദധാരികളായ വൈഷ്ണവ്,ആകാശ്,അർഷാദ്,ജിജോ,പാർവതി,പ്രിൻസ് എന്നിവരാണ് പിന്നിൽ. പരമ്പരാഗത ഡ്രൈവിംഗ് പരിശീലനത്തിൽ മാറ്റം ആയിരുന്നു ലക്‌ഷ്യം. ഡ്രൈവിംഗ് സ്കൂളുകൾ ആധുനികരിക്കാൻ ഡ്രൈവിംഗ് സ്കൂൾ മാനേജ്മെന്റ് സോഫ്റ്റ്‌വെയർ നിർമ്മിച്ചായിരുന്നു തുടക്കം. നിരവധി ഡ്രൈവിംഗ് സ്കൂളുകളെ സമീപിച്ചിട്ടും ആരും ഉൾക്കൊണ്ടില്ല. തുടർന്നാണ് കാര്യവട്ടം ക്യാമ്പസിൽ സ്വന്തമായി ഡ്രൈവിംഗ് സ്കൂൾ സ്ഥാപിച്ചത് .
കേരള സ്റ്റാർട്ട് മിഷന്റെ മൂന്ന് ലക്ഷം രൂപ ഗ്രാൻഡ് കിട്ടി. രണ്ട് പഴയ വാഹനങ്ങളിലാണ് തുടക്കം. ഇന്ന് അഞ്ച് പുതിയ വാഹനങ്ങൾ. ആയിരത്തിലധികം പേരെ ഡ്രൈവ് ചെയ്യാൻ പ്രാപ്തരാക്കി. 80 ശതമാനവും ഡ്രൈവിംഗ് സ്കൂൾ മുഖേന ലൈസൻസ് എടുത്തെങ്കിലും വാഹനം ഓടിക്കാൻ അറിയാത്തവർ. സെൻട്രൽ മോട്ടോർ വെഹിക്കിൾ നിയമം അടിസ്ഥാനമാക്കി പൂനെ ഐ.ഡി.ടി.ആർ ന്റെ സഹായത്തോടെ പഠന രീതിയും ഇവർ രൂപീകരിച്ചിട്ടുണ്ട്.
കാര്യവട്ടം ക്യാമ്പസിൽ അനുവദിച്ച ഗ്രൗണ്ടിലാണ് ആദ്യ പരിശീലനം. സ്റ്റിയറിങ് ബാലൻസ് കിട്ടിയ ശേഷം റോഡിൽ പരിശീലനം. പാരലൽ പാർക്കിഗ്, ബേ - പാർക്കിംഗ്, ഹിൽ സ്റ്റാർട്ട് തുടങ്ങിയവ പരിശീലിപ്പിക്കാൻ പ്രത്യേക ട്രാക്കുകൾ ഉണ്ട്. ഐ ടേൺ മൊബൈൽ ആപ്പിലൂടെ പരിശീലനത്തിന് സമയം തിരഞ്ഞെടുക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |