SignIn
Kerala Kaumudi Online
Saturday, 27 July 2024 1.33 PM IST

അരളി മാത്രമല്ല; നമ്മുടെ വീട്ടുമുറ്റത്ത് കാണുന്ന ചെടികളിൽ പലതും വിഷമയം, സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

garden

തിരുവനന്തപുരം: സൂര്യയെന്ന യുവതിയുടെ മരണത്തോടെ അരളിച്ചെടിയും പൂവുമൊക്കെ കൊടും ഭീകരന്മാരായി. ഉദ്യാന സസ്യമായ അരളിയിൽ ജീവനെടുക്കാൻ പോന്ന തരത്തിൽ വിഷം ഉണ്ടെന്നും സൂക്ഷിക്കണമെന്നും ശാസ്ത്രജ്ഞരുൾപ്പടെ പലരും നേരത്തേ മുന്നറിയിപ്പ് നൽകിയെങ്കിലും ആരും കാര്യമാക്കിയില്ല. പറഞ്ഞതിന്റെ ഗുരുതരാവസ്ഥ മനസിലാകാൻ ഒരു ജീവൻ നഷ്ടമാകേണ്ടി വന്നു. പൂജയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായിരുന്ന അരളിയെ ഇപ്പോൾ അമ്പലങ്ങളിൽ നിന്ന് പടിക്ക് പുറത്താക്കിക്കൊണ്ടിരിക്കുകയാണ്.

ഉദ്യാന സസ്യങ്ങളിൽ അരളിമാത്രമാണോ വില്ലൻ?. അല്ലെന്ന് ഉറപ്പിച്ചുപറയാം. കൊച്ചുകുട്ടികളെപ്പോലെ പരിപാലിച്ച് വെള്ളവും വളവും കൊടുത്ത് ഓമനിച്ച് വളർത്തുന്നതിൽ പലതും മാരക വിഷമടങ്ങിയതാണെന്നാണ് വിഗദ്ധർ മുന്നറിയിപ്പ് നൽകുന്നത്. ഇതിൽ ഒട്ടുമുക്കാലും നാം നിത്യേന കാണുന്നതും നമ്മുടെ വീട്ടുമുറ്റത്ത് ഉള്ളതാണെന്നതും അപകട സാദ്ധ്യത പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നു. ആരെയും ആകർഷിക്കാൻ പോന്നതാണ് ഇവയുടെ പൂക്കളും ഇലകളും. അത്തരത്തിലുള്ള ചില സസ്യങ്ങളെ പരിചയപ്പെടാം.

അമ്പലപ്പാല

ചെമ്പകം, അലപ്പലപ്പാല തുടങ്ങിയ പല പേരുകളിലാണ് ഇത് പലസ്ഥലങ്ങളിലും അറിയപ്പെടുന്നത്. ക്ഷേത്രങ്ങളിലും കാവുകളിലും വീട്ടുമുറ്റത്തും പാർക്കുകളിലും വഴിയോരങ്ങളിലും എന്നുവേണ്ട ഒട്ടെല്ലായിടത്തും ഇതിനെ കാണാം. പല നിറങ്ങളിൽ പൂത്തുലഞ്ഞുനിൽക്കുന്ന അമ്പലപ്പാലകൾ ആരെയും ആകർഷിക്കും. വീട്ടുമുറ്റത്തെ പുൽത്തകിടിയെ മോടിപിടിപ്പിക്കുന്നതിൽ ഒരു പ്രധാന സ്ഥാനം ഇതിനുണ്ട്. ചെടിച്ചട്ടികളിൽ വളർത്താവുന്ന ഇവയുടെ മിനിയേച്ചർ പതിപ്പുകളും ഇപ്പോൾ ലഭ്യമാണ്.

കാണുന്നതുപോലെ അത്ര സുന്ദരമല്ല അമ്പലപ്പാല. ഇവയുടെ പൂക്കളിൽ വിഷാംശം അടങ്ങിയിട്ടുണ്ടെന്നാണ് വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. പാലുപോലുളള കറ ശരീരത്തിൽ വീണാൽ ചിലർക്ക് പൊള്ളലും ചൊറിച്ചിലുമൊക്കെ ഉണ്ടാവും. കണ്ണിൽ വീഴുന്നതും പ്രശ്നമാണത്രേ. കൊച്ചുകുട്ടികൾക്കാണ് പൂവും കറയും കൂടുതൽ പ്രശ്നമുണ്ടാക്കുന്നത്.

flower

കുന്നിക്കുരു

കാണാൻ നല്ല കളർഫുൾ ആയതിനാൽ നാം ഇവയെ നട്ടുവളർത്തും. ഗ്രമപ്രദേശങ്ങളിൽ വഴിയോരങ്ങളിലും പറമ്പുകളിലുമൊക്കെ ഇവ ഇഷ്ടംപോലെ കാണുന്ന ഇവയെ കാണാനുള്ള ആകർഷണീയതമൂലം പലരും സൂക്ഷിച്ചുവയ്ക്കും. പോക്കറ്റിൽ വിഷം കൊണ്ടുനടക്കുന്നതുപോലെയാണ് ഇത്. ഇത് ശരീരത്തിനുള്ളിലെത്തിയാൽ അപകടമാണ്. മുതിർന്നവരിലും പ്രശ്നങ്ങൾ ഉണ്ടാക്കുമെങ്കിലും കുട്ടികളെയാണ് ഏറെ ബാധിക്കുന്നത്. കുട്ടികൾ ഇവ വിഴുങ്ങാനുളള സാദ്ധ്യതയും കൂടുതലാണ്.

flower

ലില്ലി ബ്യൂട്ടിഫുളാണ്

ലില്ലിച്ചെടികളും പൂവും ഏറെ മനോഹരമാണ്. എന്നാൽ ഏതിനത്തിലുമുളള ലില്ലിയും മനുഷ്യന്റെയും മൃഗങ്ങളുടെയും ആരോഗ്യത്തിന് ഹാനികരമാണെന്നാണ് കാലിഫോര്‍ണിയയിലെ സ്‌കൂള്‍ ഓഫ് വെറ്ററിനറി മെഡിസിന്റെ കണ്ടെത്തല്‍. ഇതുപ്രകാരം ഇവയുടെ പൂവോ, തണ്ടോ അകത്തുപോയാൽ മൃഗങ്ങളിൽ കിഡ്നിക്ക് ഏതാണ്ട് പൂർണമായും തകരാർ സംഭവിക്കും. ഇതിലൂടെ മരണത്തിലേക്ക് എത്തിയേക്കാം.

മനുഷ്യന്റെ ശരീരത്തിനുളളിൽ എത്തിയാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽത്തന്നെ ഛര്‍ദി, രുചിയില്ലായ്മ എന്നിവ അനുഭവപ്പെട്ടുതുടങ്ങും. ചികിത്സ തേടുന്നതാണ് ഉത്തമം.

flower

കൺകണ്ട ഔഷധം, പക്ഷേ

കൺകണ്ട ഔഷധമായ കറ്റാർവാഴയിലും വിഷാംശം ഉണ്ടെന്നുപറഞ്ഞാൽ അധികമാരും വിശ്വസിക്കില്ല. നായ്ക്കൾക്കും പൂച്ചകൾക്കുമാണ് കറ്റാർവാഴയിലെ വിഷാംശം പ്രശ്നമുണ്ടാക്കുന്നത്. ലോകത്തതിൽ 250 ല്‍ക്കൂടുതല്‍ കറ്റാർവാഴ ഇനങ്ങളുണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്. എന്നാൽ ഇതിൽ ഭൂരിഭാഗവും വിഷാംശമില്ലാത്തതാണ്. വീട്ടിൽ വളർത്തുന്ന ചെറിയ ഇനത്തിലുൾപ്പടെ കാണുന്ന ഹെംലോക്ക്-സാപോനിന്‍ ആണ് വില്ലൻ. ഇത് മൃഗങ്ങളില്‍ വയറിളക്കം, ഛര്‍ദി, മൂത്രത്തില്‍ മഞ്ഞക്കളര്‍ എന്നിവയ്ക്ക് കാരണമാകുന്നു. മനുഷ്യരിൽ ചിലർക്ക് ഇത് അലർജിയും ഉണ്ടാക്കും.

ജമന്തി

ഓണത്തിന് ജമന്തിപ്പൂവില്ലാതെ എത്ത് അത്തപ്പൂക്കളം?. പക്ഷേ ജമന്തി പ്രശ്നക്കാരനെന്നാണ് വിദഗ്ദ്ധർ പറയുന്നത്. പൂച്ചകള്‍ക്കും പട്ടികള്‍ക്കും അസ്വസ്ഥതയുണ്ടാക്കും. വയറില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ക്കും ഛര്‍ദിയും വയറിളക്കവുമുണ്ടാക്കാനും കാരണമാകുന്നുണ്ട്. മനുഷ്യനിൽ വലിയ പ്രശ്നമുണ്ടാക്കാറില്ല.

flower

അരിപ്പൂവ്

കാണാൻ സുന്ദരമാണെങ്കിലും അരിപ്പൂവ് കുട്ടികൾക്കും അരുമ മൃഗങ്ങൾക്കും വലിയ പ്രശ്നക്കാരനാണ്. പൂവിലടങ്ങിയിരിക്കുന്ന ചില ഘടകങ്ങളാണ് ഇതിന് കാരണം.

flower

ഡീഫൻബച്ചിയ (Dieffenbachia )

ഇൻഡോർ പ്ളാന്റുകളിൽ സുപ്രധാന സ്ഥാനമുളളതാണ് ഡീഫൻബച്ചിയ. സൂര്യപ്രകാശമാവശ്യമില്ലാതെ ഭാഗികമായ തണലിടങ്ങളിൽ തഴച്ചുവളരാനിഷ്ടപ്പെടുന്ന സ്വഭാവമാണ് ഇൻഡോർ പ്ളാന്റുകളിലെ മുഖ്യ ഇനമായി ഇതിനെ മാറ്റിയത്. വായു ശുദ്ധീകരിക്കാനും ഇവയ്ക്ക് കഴിവുണ്ട്.

ഗുണങ്ങളെക്കാളേറെ ദോഷങ്ങളാണ് ഈ ചെടിക്ക് ഉള്ളതെന്നാണ് സത്യം. കുട്ടികളും വളർത്തുമൃഗങ്ങളും ഈ ചെടിയുമായി അകലം പാലിക്കേണ്ടത് അത്യാവശ്യമാണ്. ഈ ചെടിയുടെ നീരിൽ ഓക്‌സാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. അതിനാൽ ഇതിന്റെ തണ്ട് മുറിക്കുമ്പോഴുള്ള കറ പൊള്ളലുണ്ടാക്കും. കറ കണ്ണിൽ തട്ടിയാൽ അന്ധതയ്ക്കുവരെയുള്ള സാദ്ധ്യത കൂടുതലാണെന്നാണ് പറയുന്നത്. ഇതിന്റെ ഇലകൾ കുട്ടികൾ ചവച്ചാൽ വായയിലും തൊണ്ടയിലുമുള്ള മൃദു കോശങ്ങൾക്ക് വീക്കം സംഭവിക്കുമെന്നും അതിലൂടെ സംസാരശേഷിയെ ബാധിക്കുമെന്നും ചിലർ പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.

flower

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PLANT, POISON, HOME GARDEN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.