ചെന്നൈ: ജാതി-മതപരമായ ചടങ്ങുകളിൽ വിദ്യാർത്ഥികളെ നിർബന്ധിച്ച് പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെ നടത്തുന്ന ഇത്തരം ചടങ്ങുകൾക്ക് കോളേജ് അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽപ്പോലും നേരിട്ടോ അല്ലാതെയോ വിദ്യാർത്ഥികളെ പങ്കെടുക്കാൻ നിർബന്ധിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം, ജസ്റ്റിസ് എ ഡി മരിയ ക്ളീറ്റ് എന്നിവരുടെ ബെഞ്ചിന്റേതാണ് നിർദേശം.
'ഏതു ചടങ്ങിൽ പങ്കെടുക്കണം എന്നത് വിദ്യാർത്ഥികളുടെ വ്യക്തിപരമായ അവകാശമാണ്. അതിന് നിർബന്ധിക്കുന്നത് ശരിയായ നടപടിയല്ല. ചടങ്ങുകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളെ നിർബന്ധിച്ച് കൊണ്ടുവന്നതാണെന്ന് വ്യക്തമായാൽ കോളേജിന് നൽകുന്ന സഹായം റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം. ജാതി തിരിച്ചറിയൽ അടിസ്ഥാനമാക്കിയുള്ള ബാനറുകളും പോസ്റ്ററുകളും ക്യാമ്പസിനുള്ളിൽ സ്ഥാപിക്കരുത്. നിയമലംഘനം കണ്ടെത്തിയാൽ പൊലീസും വിദ്യാഭ്യാസ വകുപ്പും ഉചിതമായ നടപടികൾ സ്വീകരിക്കണം'- കോടതി വ്യക്തമാക്കി.
മധുര സ്വദേശിയായ ഭൂമിനാഥൻ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. മധുര തിരുപ്പലൈ യാദവ സർക്കാർ എയ്‌ഡഡ് കോളേജിൽ സ്വാതന്ത്ര്യസമരസേനാനി മാവീരൻ അഴകു മുത്തുകോണിന്റെ ജന്മവാർഷികത്തിന് മുന്നോടിയായിട്ടായിരുന്നു ഹർജി സമർപ്പിച്ചത്. ചടങ്ങിൽ ജാതിമുദ്ര സമർപ്പിക്കാനും വിദ്യാർത്ഥികളെ നിർബന്ധിച്ച് പങ്കെടുപ്പിക്കാനും ശ്രമം നടക്കുന്നുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കോളേജ് ക്യാമ്പസിൽ അനാവശ്യ ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ടെന്നും ഹർജിയിൽ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |