കൊച്ചി: കെപിസിസി അദ്ധ്യക്ഷ സ്ഥാനം ഉടൻ ഏറ്റെടുക്കുമെന്ന് കെ സുധാകരൻ. പാർട്ടിയിക്കുള്ളിൽ പ്രശ്നങ്ങൾ ഒന്നുമില്ല. ഹെെക്കമാൻഡുമായി ചർച്ച ചെയ്തിട്ടേ ഏറ്റെടുക്കുന്നുള്ളൂവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കെപിസിസി പ്രസിഡന്റ് സ്ഥാനം തനിക്കുള്ളതാണ്. അത് എപ്പോൾ വേണമെങ്കിലും പോയി ഏറ്റെടുക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കെ സുധാകരൻ നാളെത്തന്നെ കെപിസിസി പ്രസിഡന്റായി ചുമതല ഏൽക്കുമെന്നാണ് വിവരം. ചുമതല ഏൽക്കാൻ ഹൈക്കമാൻഡ് അനുമതി നൽകിയിട്ടുണ്ട്. വിവാദം അവസാനിപ്പിക്കാൻ എഐസിസി ഇടപെടുകയായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും കെപിസിസി അദ്ധ്യക്ഷ സ്ഥാനം തിരികെ നൽകാത്തതിൽ കടുത്ത അമർഷം കെ സുധാകരൻ പ്രകടിപ്പിച്ചിരുന്നു.
അതേസമയം മുഖ്യമന്ത്രിയുടെ വിദേശ യാത്രയിലും കെ സുധാകരൻ പ്രതികരിച്ചു. മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്നാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്.
'മുഖ്യമന്ത്രി ഒളിച്ചോടുകയാണ്. പിണറായി വിജയന് തലയ്ക്ക് വെളിവില്ലേ. തിരഞ്ഞെടുപ്പ് പരാജയം ഭയന്നാകാം മുഖ്യമന്ത്രിയുടെ വിദേശ യാത്ര. മുഖ്യമന്ത്രിയുടെ യാത്ര ആലയിൽ നിന്ന് പശു ഇറങ്ങിപ്പോയ പോലെയാണ്. യാത്ര സ്‌പോൺസർഷിപ്പ് ആണെങ്കിൽ അത് പറയാൻ തയ്യാറാകണം. പിണറായിയുടെ പാർട്ടി തന്നെ ഇതിന് പ്രതികരിക്കണം. ഒരു മുഖ്യമന്ത്രിയാണ് ഇങ്ങനെ ഇറങ്ങി പോയിരിക്കുന്നത്. അത് ശരിയാണോ? ആർക്കാണ് താൽക്കാലിക ചുമതല? ഒന്നും പറയാതെ ഇറങ്ങിപ്പോയ മുഖ്യമന്ത്രിയുടെ നടപടി ശരിയല്ല. ഇടതുപക്ഷത്തിന് ആകെയുള്ള മുഖ്യമന്ത്രിയല്ലേ ഇത്. മറ്റ് സംസ്ഥാനങ്ങളിൽ പ്രചാരണത്തിനു പോകേണ്ടേ. എന്ത് രാഷ്‌ടീയ ഉത്തരവാദിത്തമാണ് മുഖ്യമന്ത്രിക്ക് ഉള്ളത് ', സുധാകരൻ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |