SignIn
Kerala Kaumudi Online
Saturday, 17 August 2024 7.22 AM IST

പത്താം ക്ലാസിനു ശേഷമെന്ത്?

student

എസ്.എസ്.എൽ.സിക്കുശേഷം ഉപരിപഠന സാദ്ധ്യതകൾ കണ്ടെത്തുന്ന തിരക്കിലാണ് വിദ്യാർത്ഥികളും മാതാപിതാക്കളും. എവിടെ, എന്ത് പഠിക്കണം? എന്നതാണ് ചർച്ചാവിഷയം. വിദ്യാർത്ഥിയുടെ താത്പര്യം, അഭിരുചി, ലക്ഷ്യം, മനോഭാവം, കോഴ്‌സിന്റെ പ്രസക്തി, പഠിക്കാനുള്ള പ്രാപ്തി എന്നിവ വിലയിരുത്തി വേണം പഠനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ.

വിദ്യാർത്ഥികൾക്ക് ലോകത്തെമ്പാടും പഠിക്കാനുള്ള അവസരങ്ങളുണ്ട്. അതിനുതകുന്ന മികച്ച തീരുമാനങ്ങളാണാവശ്യം. സയൻസ്, ടെക്‌നോളജി, എൻജിനിയറിംഗ്, മാത്തമാറ്റിക്‌സ്, മാനേജ്മന്റ് കോഴ്‌സുകളിൽ ലോകത്താകമാനം മാറ്റം പ്രകടമാണ്. കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ വിദ്യാഭ്യാസ- തൊഴിൽ സാദ്ധ്യതകളും വിലയിരുത്തണം.

ടേണിംഗ് പോയിന്റാകും പ്ലസ് ടു

എസ്.എസ്.എൽ.സിക്കുശേഷം പ്ലസ് ടു പഠനത്തിനാണ് ഭൂരിഭാഗം വിദ്യാർത്ഥികളും താത്പര്യപ്പെടുന്നത്. പ്ലസ് ടുവിന് ഏത് കോമ്പിനേഷൻ തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കുംമുമ്പ് പഠനത്തിനുശേഷം താത്പര്യമുള്ള ഉപരിപഠന, തൊഴിൽ മേഖലയെക്കുറിച്ച് വ്യക്തതയുണ്ടാകണം.

ബയോളജിയാണ് താത്പര്യമെങ്കിൽ കണക്ക് ഉപേക്ഷിക്കാം. എൻജിനിയറിംഗ്, ടെക്‌നോളജി വിഷയങ്ങളിൽ താത്പര്യമുള്ളവർക്ക് കണക്കും കമ്പ്യൂട്ടർ സയൻസും ഗുണകരമാകും.

ശാസ്ത്രവിഷയങ്ങളിൽ താത്പര്യമുള്ളവർക്ക് ബയോളജിയും കണക്കും പഠിക്കാം. മെഡിക്കൽ, കാർഷിക കോഴ്‌സുകളോടാണ് ഇഷ്ടമെങ്കിൽ ബയോളജി ഗ്രൂപ്പെടുക്കാം. അക്കൗണ്ടിംഗ്, ബിസിനസ് അഡ്മിനിസ്‌ട്രേഷൻ, മാനേജ്മന്റ് എന്നിവയാണ് താത്പര്യമെങ്കിൽ കോമേഴ്‌സ്, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ് തിരഞ്ഞെടുക്കാം. ഭാഷ, സോഷ്യൽ സയൻസ്, ലിബറൽ ആർട്‌സ് തുടങ്ങിയ വിഷയങ്ങളിൽ ഉപരിപഠനത്തിന് നല്ലത് ഹ്യൂമാനിറ്റീസ് ഗ്രൂപ്പാണ്. സിവിൽ സർവീസ് ലക്ഷ്യം വയ്ക്കുന്നവർ ഹ്യൂമാനിറ്റീസ് ഗ്രൂപ്പെടുത്താൽ യഥേഷ്ടം വായിക്കാനുള്ള അവസരങ്ങൾ ലഭിക്കും.

വൊക്കേഷണൽ സയൻസിൽ 20ലധികം സ്പെഷ്യലൈസേഷനുകളുണ്ട്. കൃഷി, ഡയറി സയൻസ്, കമ്പ്യൂട്ടർ സയൻസ്, ഫിഷറീസ് മുതലായവ ഇതിൽ ഉൾപ്പെടും. സാങ്കേതിക മേഖലയിൽ പ്രവർത്തിക്കാനിഷ്ടമുള്ളവർക്ക് പോളിടെക്‌നിക്, ഐ.ടി.ഐ/ഐ.ടി.സി, സ്‌കിൽ വികസനം എന്നീ മേഖലയിലെ കോഴ്‌സുകൾ എടുക്കാം.

ജോലിയാണോ ലക്ഷ്യം?

എസ്.എസ്.എൽ.സി പാസായവർക്ക് ഉടൻ തൊഴിൽ നേടാൻ സഹായിക്കുന്ന നിരവധി സ്‌കിൽ വികസന കോഴ്‌സുകളുണ്ട്. ഐ.ടി, ഡിസൈൻ, ഓട്ടോമൊബൈൽ എൻജിനിയറിംഗ്, മറൈൻ ഫിറ്റർ, ഡിജിറ്റൽ മാർക്കറ്റിംഗ്, ഫാഷൻ ഡിസൈൻ, അനിമേഷൻ, ബ്യൂട്ടീഷ്യൻ, ഹോസ്പിറ്റാലിറ്റി മാനേജ്മന്റ്, മൾട്ടിമീഡിയ പെയിന്റിംഗ്, ഗ്രാഫിക്‌സ്, ഇവന്റ് മാനേജ്മന്റ്, അക്കൗണ്ടിംഗ്, കോസ്‌മെറ്റോളജി, ഹോട്ടൽ മാനേജ്മന്റ്, ഡെന്റൽ ഡിപ്ലോമ, ഇലക്ട്രിഷ്യൻ, പ്ലംബർ, വെൽഡർ, ഇന്റീരിയർ ഡിസൈൻ, ഫുഡ് ടെക്‌നോളജി, പെയിന്റിംഗ്, ഇലക്ട്രിക്ക് വെഹിക്കിൾ ടെക്‌നോളജി, ലബോറട്ടറി ടെക്‌നിഷ്യൻ, പൗൾട്രി സൂപ്പർവൈസർ, പ്ലാന്റ് നേഴ്‌സറി സൂപ്പർവൈസർ, വീഡിയോ പ്രൊഡക്ഷൻ, ഓട്ടോമേഷൻ, ഫിലിം എഡിറ്റിംഗ്, മൾട്ടീമീഡിയ, ത്രീഡി അനിമേഷൻ, വിർച്വൽ റിയാലിറ്റി, ഗെയിമിംഗ്, കോമിക്‌സ്, ഡയറി ടെക്‌നോളജി, റെഫ്രിജറേഷൻ, എയർ കണ്ടിഷനിംഗ്, ഫിഷ് പ്രോസസിംഗ്, അഗ്രി പ്രോസസിംഗ്, ഓർഗാനിക് ഫാർമിംഗ് ടെക്‌നിഷ്യൻ, അഡ്വെർടൈസിംഗ്, മാർക്കറ്റിംഗ്, ഫോട്ടോഗ്രാഫി, DTP ഓപ്പറേറ്റർ, ഡാറ്റ സയൻസ്, പ്രോഗ്രാമിംഗ്, ഡെന്റൽ മെക്കാനിക്‌സ്, നഴ്‌സിംഗ് ഡിപ്ലോമ, പാരാമെഡിക്കൽ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ/ ഡിപ്ലോമ, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ തുടങ്ങിയവാണത്. ഒന്നു മുതൽ മൂന്നുവർഷം വരെയുള്ള ഡിപ്ലോമ കോഴ്‌സുകളിലൂടെ നിങ്ങൾക്ക് ലക്ഷ്യത്തിലെത്താം.

എവിടെ പഠിക്കണം

കളമശ്ശേരിയിലെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (NSDC) എന്നിവയിൽ മാത്രം 500ഓളം സ്‌കിൽ വികസന ജോബ് റോളുകളുണ്ട്. അസാപ്, കേരള അക്കാഡമി ഫോർ സ്‌കിൽ എക്‌സലൻസ്, KDISC, IIIC എന്നിവിടങ്ങളിലും കാർഷിക, വെറ്ററിനറി, ഫിഷറീസ് സർവകലാശാലകളും സ്‌കിൽ വികസന കോഴ്‌സുകൾ ഓഫർ ചെയ്യുന്നു. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രാലയത്തിന്റെ കീഴിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനിയറിംഗ് ട്രെയിനിംഗിലും (CIFNET) നിരവധി പ്രോഗ്രാമുകളുണ്ട്.

പ്ലസ് ടുവിനൊപ്പം "പ്ലസ്" ആയി ചെയ്യാം

ഇഷ്ട വിഷയത്തോടൊപ്പം ലക്ഷ്യബോധത്തോടെയുള്ള പഠനവും ആവശ്യമാണ്. പ്രൊഫഷണൽ കോഴ്‌സുകൾക്ക് താത്പര്യമുള്ളവർ പ്രവേശന പരീക്ഷയ്ക്ക് (NEET, JEE etc.) തയ്യാറെടുക്കണം. വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്നവർ പ്ലസ് ടു പഠന കാലത്തുതന്നെ സാറ്റ്, ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷകൾക്ക് തയ്യാറെടുക്കണം. ഡിസൈൻ, ഫാഷൻ ഡിസൈൻ, ഫാഷൻ കമ്മ്യൂണിക്കേഷൻ, നിയമം, മാനേജ്മന്റ്, ഫിലിം, ടെലിവിഷൻ, ജേർണലിസം, ഭാഷ, കമ്മ്യൂണിക്കേഷൻ തുടങ്ങിയ കോഴ്‌സുകൾക്ക് ഏത് ഗ്രൂപ്പെടുത്തവർക്കും ചേരാം. സേനകളിലേക്കുള്ള പരീക്ഷയ്ക്കും പ്ലസ് ടു പഠനകാലത്ത് തയാറെടുക്കാം. നേവി, എയർ ഫോഴ്‌സ് എന്നിവയ്ക്ക് മാത്സ് കോമ്പിനേഷൻ വേണം. പ്ലസ് ടു ഏത് ഗ്രൂപ്പടുക്കുന്നവർക്കും ആർമിയിലേക്കുള്ള പരീക്ഷ എഴുതാം. ഇതോടൊപ്പം ആശയ വിനിമയം, പൊതു വിജ്ഞാനം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയിലും ശ്രദ്ധ ചെലുത്തണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: STUDENT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.