
ന്യൂയോർക്ക്: അമേരിക്കയിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ന്യൂയോർക്കിലെ അൽബാനിയിൽ വ്യാഴാഴ്‌ച രാവിലെയായിരുന്നു അപകടം. തെലങ്കാന ജങ്കാവ് ജില്ലക്കാരിയായ സഹജ റെഡ്ഡി ഉദുമല എന്ന 24കാരിയാണ് മരിച്ചത്. അയൽപക്കത്തെ കെട്ടിടത്തിലുണ്ടായ തീ പെട്ടെന്ന് സഹജ താമസിച്ച കെട്ടിടത്തിലേക്ക് പടരുകയായിരുന്നു. ഈ സമയം ഉറക്കത്തിലായതിനാൽ യുവതിക്ക് പെട്ടെന്ന് രക്ഷപ്പെടാൻ കഴിഞ്ഞില്ലെന്നാണ് പ്രാഥമിക വിവരം. സഹജയ്ക്ക് തൊണ്ണൂറ് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ന്യൂയോർക്കിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ എക്‌സിൽ പങ്കുവച്ച പോസ്റ്റിലൂടെ മരണം സ്ഥിരീകരിച്ചു.
യുവതിയുടെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും സാദ്ധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും കോൺസുലേറ്റ് അറിയിച്ചു. ഹൈദരാബാദിൽ ടിസിഎസിൽ ജീവനക്കാരനായ ഉദുമുല ജയകർ റെഡ്ഡി, സർക്കാർ പ്രൈമറി സ്കൂൾ അധ്യാപികയായ ഗോപുമാരിയ ഷൈലജ ദമ്പതികളുടെ മൂത്ത മകളാണ് സഹജ റെഡ്ഡി . 2021ൽ ഉന്നത പഠനത്തിനായാണ് യുവതി അമേരിക്കയിലെത്തിയത്. പഠനം പൂർത്തിയാക്കി മകൾ വൈകാതെ വീട്ടിലേക്ക് മടങ്ങി വരുമെന്ന പ്രതീക്ഷയിൽ കഴിയുന്നതിനിടെയാണ് സഹജയുടെ മരണവിവരം കുടുംബം അറിയുന്നത്. യുവതിയുടെ മൃതദേഹം നാട്ടിലേക്ക് തിരികെ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതിന്റെ യാത്രാചെലവുകൾ, അമേരിക്കയലെ സുഹൃത്തുക്കൾ ചേർന്ന് ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |