SignIn
Kerala Kaumudi Online
Saturday, 27 July 2024 1.42 PM IST

പത്തനംതിട്ടക്കാർ ഒരുമിച്ചു നിന്നപ്പോൾ ഒടുവിൽ കാര്യം നടന്നു, മാറ്റം കൂടുതൽ പ്രകടമാകും

pathanamthitta

പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിനും രക്ഷിതാക്കൾക്കും പൊതുവെ ആശ്വാസം നൽകുന്നതായിരുന്നു ഇത്തവണത്തെ ഹയർ സെക്കൻഡറി പരീക്ഷാഫലം. കഴിഞ്ഞ വർഷം പതിനാലാം സ്ഥാനത്തായിരുന്ന ജില്ല ഈ വർഷം പത്താം സ്ഥാനത്തേക്കുയർന്നു. ഹയർസെക്കൻഡറി പരീക്ഷാ ഫലത്തിൽ പിന്നാക്കം നിൽക്കുന്ന ജില്ലയാണ് പത്തനംതിട്ട. പതിനാലാമതോ പതിമൂന്നാമതോ ആയിരുന്നു മുൻ വർഷങ്ങളിൽ പത്തനംതിട്ടയുടെ സ്ഥാനം. പഠനനിലവാരം മെച്ചപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പോ ഹയർസെക്കൻഡറി സ്കൂളുകളുടെ ചുമതലയുള്ള ജില്ലാ പഞ്ചായത്തോ ശ്രമങ്ങളൊന്നും നടത്തുന്നില്ലെന്ന വിമർശനം സ്ഥിരമായി കേൾക്കാറുള്ളതാണ്. കഴിഞ്ഞ വർഷം പതിനാലാം സ്ഥാനത്തായപ്പോൾ ജില്ലാ പഞ്ചായത്ത് ഉണർന്നു. അതിന്റെ ഫലം ഇത്തവണ ദൃശ്യമായെന്നു പറയാം. ഹയർസെക്കൻഡറി അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണം കൊണ്ടുമാത്രമാണ് ഇത്തവണ ഫലം മെച്ചപ്പെടുത്താൻ കഴിഞ്ഞത്. അടുത്ത അദ്ധ്യയന വർഷത്തിൽ പത്താം സ്ഥാനത്ത് നിന്ന് നില മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം. ആത്മവിശ്വാസവും പ്രതീക്ഷയുമില്ലെങ്കിൽ ഒരു കാര്യത്തിലും മുന്നോട്ടു പാേകാൻ കഴിയില്ല. നിലവിലെവിജയ ശതമാനത്തിൽ നിന്ന് താഴേക്ക് പോകാതിരിക്കാനുള്ള ഉത്തരവാദിത്വം ജില്ലാ പഞ്ചായത്തിനും വിദ്യാഭ്യാസ വകുപ്പിനുമുണ്ട്.

മികച്ച സർക്കാർ എയ്ഡഡ് സ്‌കൂളുകളിലെ പഠനം ശരാശരി നിലവാരത്തിലും താഴെ പോയതും ഉയർന്ന പഠനത്തിന് അർഹത നേടാൻ സാദ്ധ്യത കുറവുള്ളതുമായ കുട്ടികളെ കണ്ടെത്തി ശരിയായ പരിശീലനം നൽകാൻ സാധിച്ചതാണ് ഇത്തവണ പത്തനംതിട്ടയ്ക്ക് നില മെച്ചപ്പെടുത്താൻ സഹായകമായത്. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ ലക്ഷ്യം വച്ച് വിദ്യാഭ്യാസ വകുപ്പ് റീജിയണൽ ഡപ്യൂട്ടി ഡയറക്ടറുടെയും സ്കൂൾ പ്രിൻസിപ്പാൾമാരുടെയും നേതൃത്വത്തിൽ രണ്ടു വർഷം മുമ്പ് ഉന്നതി എന്ന പേരിൽ പദ്ധതി ആസൂത്രണം ചെയ്തിരുന്നു. ഹയർ സെക്കൻഡറി ജില്ലാ കോർഡിനേറ്ററും ഏഴ് പ്രിൻസിപ്പാൾമാരും ഉൾപ്പെട്ട ഒരു കോർ കമ്മിറ്റി രൂപീകരിച്ചു. കുട്ടികൾക്കായുള്ള ഉന്നതിയിലെ പഠന സാമഗ്രി നിർമ്മാണത്തിന്ന് അക്കാഡമിക നേതൃത്വം മേൽനോട്ടം വഹിച്ചു.

മാതൃകാ പരമായ പ്രവർത്തനം

സ്വമേധയാ തയാറായി മുന്നോട്ടു വന്ന വിവിധ വിഷയങ്ങളിലെ അൻപത്തിയഞ്ച് അദ്ധ്യാപകരെ തിരഞ്ഞെടുത്ത് അവർക്കായി ഏകദിന ശില്പശാല നടത്തി കുട്ടികളുടെ പഠന നിലവാരം മെച്ചമാക്കാൻ പദ്ധതി തയ്യാറാക്കി. ഓരോ വിഷയവും ആയാസരഹിതമായി ശരാശരിയിൽ താഴെ നിൽക്കുന്ന കുട്ടികളിലേക്ക് എത്തിക്കുന്നതിനായി അവരുടെ നിലവാരമനുസരിച്ച് പഠനസഹായി തയ്യാറാക്കി സ്‌കൂളിൽ എത്തിച്ചു. ഒഴിവു സമയം കണ്ടെത്തി സ്‌കൂളിലെ തന്നെ അദ്ധ്യാപകർ കുട്ടികൾക്ക് പരിശീലനം നൽകി. ജില്ലയിൽ ശരാശരി റിസൾട്ടിൽ പുറകിൽ നിന്ന പതിനഞ്ചോളം സ്‌കൂളുകളിലെ പ്രിൻസിപ്പാൾമാരേയും സീനിയർ അദ്ധ്യാപകരേയും വിളിച്ചു ചേർത്ത് ജില്ലാ ആസ്ഥാനത്ത് യോഗം ചേർന്നു. എല്ലാത്തിനും റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ നേതൃത്വം നൽകി. കൃത്യമായ സ്‌കൂൾ സന്ദർശനവും പരിശോധനയും നടത്തി. അദ്ധ്യാപക രക്ഷകർതൃ സമിതികളെയും രക്ഷിതാക്കളെയും അദ്ധ്യയന പ്രക്രിയയിൽ പങ്കാളികളാക്കാൻ കഴിഞ്ഞത് ഗുണകരമായ കാര്യമായിരുന്നു. സാമൂഹിക മാനസിക ശാരീരിക പ്രശ്‌നബാധിതരായ കുട്ടികൾക്ക് ഓരോ സ്‌കൂളിലും കൃത്യമായ കൗൺസലിംഗും പരിഗണനയും നൽകി. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഓമല്ലൂർ ശങ്കരന്റെയും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ആർ. അജയകുമാറിന്റെയും നേതൃത്വത്തിൽ നടത്തിയ നമ്മളെത്തും മുൻപിലെത്തും എന്ന പദ്ധതി ഇതേ സമയം തന്നെ ശരാശരിയും അതിന് മുകളിൽ നിൽക്കുന്നതുമായ കുട്ടികൾക്കായി നടപ്പിലാക്കി. ഈ രണ്ടു പദ്ധതികളും ജില്ലയുടെ മുന്നേറ്റത്തിന് സഹായകമാവുകയും ഹയർ സെക്കൻഡറി ഫലത്തിൽ നാല് പടി മുകളിലേക്ക് കയറുകയും ചെയ്തു.

ഈ വർഷത്തെ റിസൾട്ടിൽ സംസ്ഥാന തലത്തിലെ മികച്ച അൻപത് സർക്കാർ സ്‌കൂളുകളുടെ പട്ടികയിൽ പത്തനംതിട്ട മേഖലയിലെ പന്ത്രണ്ട് സ്‌കൂളുകളും എയ്ഡഡ് മേഖലയിലെ ആദ്യ ഇരുന്നൂറ്റിയൻപതിൽ പത്ത് സ്‌കൂളുകളും ഉൾപ്പെട്ടുവെന്നത് അഭിമാനകരമായ നേട്ടമാണ്. ഈ മുന്നേറ്റത്തിനിടയിലും ചില സ്‌കൂളുകൾ വേണ്ടത്ര സഹകരിച്ചില്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. അവർ കൂടി മുന്നിട്ടിറങ്ങിയെങ്കിലും പത്തനംതിട്ടയുടെ വിജയശതമാനം കുറച്ചുകൂടി ഉയർത്താമായിരുന്നു. അടുത്ത അദ്ധ്യയന വർഷത്തിൽ ഈ സ്‌കൂളുകളെ പ്രത്യേകം ശ്രദ്ധയൂന്നി പദ്ധതി തയ്യാറാക്കുമെന്ന് ജില്ലാ പഞ്ചായത്ത് അറിയിച്ചു.

കുട്ടികൾക്കാവശ്യം അദ്ധ്യാപകരുടെ പിന്തുണ

എല്ലാ തലത്തിലുമുള്ള കുട്ടികൾക്കും ശ്രദ്ധ കിട്ടത്തക്ക രീതിയിൽ വർഷാരംഭം മുതൽ പദ്ധതി നടപ്പിലാക്കണം. അദ്ധ്യാപകർക്കൊപ്പം രക്ഷിതാക്കളും അദ്ധ്യയന പ്രക്രിയകളിൽ സജീവമാകുന്നതിന് പ്രാധാന്യം നൽകേണ്ടതുണ്ട്. കുട്ടികളിലെ സംഘർഷങ്ങളും പ്രയാസങ്ങളും കുറച്ച് കൊണ്ടുവന്ന് നല്ല പഠനാന്തരീക്ഷം ഉറപ്പാക്കാൻ കുടുംബങ്ങളുടെയും പിന്തുണ അനിവാര്യമാണ്.

ജില്ലയിൽ പത്താം ക്ളാസ് വിജയികളുടെ ആകെ എണ്ണത്തേക്കാൾ കൂടുതൽ സീറ്റുകൾ ഹയർസെക്കൻഡറിക്കുണ്ട്. സയൻസ് വിഷയങ്ങളിലെ സീറ്റുകളുടെ കുറവും പ്രതിസന്ധിയാണ്. അതുകൊണ്ട് യോഗ്യതയുള്ള എല്ലാവർക്കും പ്ളസ് വണ്ണിന് സീറ്റു ലഭിക്കണമെന്നില്ല. മറ്റു വിഷയങ്ങളിലാണ് സീറ്റെണ്ണം കൂടുതൽ. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുണ്ടെങ്കിലും ഹയർ സെക്കൻഡറി ഫലത്തിൽ ജില്ല എന്തുകൊണ്ട് പിന്നിൽ നിൽക്കുന്നു എന്ന ചർച്ച ഉയർന്നതിനാലാണ് പഠന നിലവാരത്തിന്റെ കുറവ് കണ്ടെത്തി പരിഹാര മാർഗങ്ങൾ നടപ്പക്കാക്കാൻ കഴിഞ്ഞത്. പ്ളസ് ട‌ു വിദ്യാർത്ഥികളുടെ റിസൾട്ട് മെച്ചപ്പെടുത്താൻ ചില അദ്ധ്യാപകർ ആത്മാർത്ഥമായ ഇടപെടൽ നടത്തുന്നില്ലെന്ന ആക്ഷേപമുണ്ട്. സർക്കാർ, എയിഡഡ് മേഖലയിൽ വിദ്യാർത്ഥികളോടുള്ള ഇത്തരം സമീപനം കാണാം. കുട്ടികളെ ട്യൂഷനു പോയി പഠിച്ചു കൊള്ളാൻ പ്രേരിപ്പിക്കുന്ന അദ്ധ്യാപകരുണ്ട്. രക്ഷിതാക്കൾക്കുള്ള വരുമാനക്കുറവ് കാരണം ട്യൂഷനു പോകാൻ സാധിക്കാത്ത കുട്ടികളുണ്ട്. അദ്ധ്യാപകർ ഒരു കൈത്താങ്ങ് നൽകിയാൽ പലരുടെയും പഠന നിലവരം മെച്ചപ്പെടും. സ്കൂളിന് നല്ല റിസൾട്ട് ലഭിക്കുകയും ചെയ്യും. പക്ഷെ, സേവന വേതന വ്യവസ്ഥകളിലെ അവകാശത്തെയും അവകാശ നിഷേധത്തെക്കുറിച്ചും ടീച്ചേഴ്സ് റൂമുകളിലും സംഘടനാ യോഗങ്ങളിലും നീണ്ട ചർച്ച നടത്തുന്നവർ, കുട്ടികളുടെ പഠിക്കാനുള്ള അവകാശങ്ങളെ നിഷേധിക്കുകയാണ്. ഈ നിലപാടിൽ നിന്നുള്ള മാറ്റം അനിവാര്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PATHANAMTHITTA, SSLCRESULT, SCHOOL, PLUS TWO
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.