ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വസതിയിൽ സ്വാതി മലിവാൾ കൈയേറ്റത്തിനിരയായ വിഷയത്തിൽ മൗനം അവസാനിപ്പിച്ച് ആം ആദ്മി പാർട്ടി. എ.എ.പി എം.പിയും ഡൽഹി വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷയുമായ മലിവാളിനോട് മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി ബിഭവ്കുമാർ മോശമായി പെരുമാറിയെന്ന് പാർട്ടി സമ്മതിച്ചു. സംഭവത്തെ അപലപിച്ച രാജ്യസഭാ എം.പി സഞ്ജയ് സിംഗ്, പാർട്ടി മലിവാളിനൊപ്പമാണെന്ന് അറിയിച്ചു. അരവിന്ദ് കേജ്‌രിവാൾ ഗൗരവമായാണ് സംഭവത്തെ സമീപിച്ചിരിക്കുന്നത്. കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച്ച രാവിലെ ഒൻപതോടെയാണ് കേജ്‌രിവാളിനെ കാണാൻ മലിവാൾ എത്തിയത്. സന്ദർശകമുറിയിൽ ഇരിക്കുകയായിരുന്ന സ്വാതി മലിവാളുമായി പേഴ്സണൽ സ്റ്റാഫ് വാക്കുതർക്കത്തിലേർപ്പെട്ടു. താൻ കൈയേറ്റത്തിനിരയായെന്ന് സ്വാതി മലിവാൾ കൺട്രോൾ റൂമിലേക്ക് വിളിച്ചുപറഞ്ഞിരുന്നു. എന്നാൽ രേഖാമൂലം പരാതി നൽകിയിരുന്നില്ല.
മലിവാൾ മനസു തുറക്കണം
സംഭവത്തെ കുറിച്ച് സ്വാതി മലിവാൾ മനസു തുറന്നു സംസാരിക്കണമെന്ന് ദേശീയ വനിതാ കമ്മിഷൻ അദ്ധ്യക്ഷ രേഖാ ശർമ്മ ആവശ്യപ്പെട്ടു. പൊലീസിൽ പരാതി നൽകാത്തത് സമ്മർദ്ദം കൊണ്ടാണോയെന്ന് അവർ സംശയം പ്രകടിപ്പിച്ചു. മലിവാൾ ധൈര്യം കാണിക്കണം. മലിവാളിന്റെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും രേഖാ ശർമ്മ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |