
വാഷിംഗ്ടൺ: യു.എസിലെ മിനിയപൊലിസിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ വ്യാപക പ്രതിഷേധം. പലയിടത്തും പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഏറ്റുമുട്ടി. ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ തുരത്താൻ പെപ്പർ സ്‌പ്രേയും ടിയർ ഗ്യാസും പ്രയോഗിക്കുന്നുണ്ട്. മിനിയപൊലിസ് സ്വദേശിയായ അലക്സ് പ്രെറ്റി (37) എന്ന നഴ്സ് ശനിയാഴ്ചയാണ് കൊല്ലപ്പെട്ടത്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്‌മെന്റ് (ഐ.സി.ഇ) ഏജന്റുമാരുടെ പരിശോധനയ്ക്കിടെയാണ് പ്രെറ്റി കൊല്ലപ്പെട്ടത്. പ്രെറ്റി തോക്കുമായി ഏജന്റുമാരെ തടയാൻ ശ്രമിക്കുകയായിരുന്നു. തോക്ക് പിടിച്ചെടുത്ത് കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ പ്രെറ്റി അക്രമാസക്തനായെന്നും ഏജന്റുമാരിൽ ഒരാൾ സ്വയം പ്രതിരോധത്തിന്റെ ഭാഗമായി വെടിയുതിർത്തെന്നുമാണ് ഫെഡറൽ സർക്കാരിന്റെ വിശദീകരണം. എന്നാൽ, പ്രെറ്റിയുടെ കൈയിൽ ആദ്യം തോക്കുണ്ടായിരുന്നില്ലെന്നും മേഖലയിൽ ഇമിഗ്രേഷൻ ഏജന്റുമാർക്കെതിരെ പ്രതിഷേധിച്ചവരെ സഹായിക്കാൻ ശ്രമിക്കവെയാണ് പ്രെറ്റിയ്ക്ക് വെടിയേറ്റതെന്നും ചില ദൃക്സാക്ഷികൾ പറയുന്നു. ഏജന്റുമാർ പ്രെറ്റിയ്ക്ക് നേരെ പെപ്പർ സ്‌പ്രേ പ്രയോഗിക്കുകയും ചെയ്തു. പ്രെറ്റിയുടെ പക്കൽ നിന്ന് ഏജന്റുമാരിൽ ഒരാൾ തോക്ക് പിടിച്ചെടുക്കുന്നതിന്റെ ദൃശ്യവും പുറത്തുവന്നു. കഴിഞ്ഞ 7ന് മിനിയപൊലിസിൽ തന്നെ, അമേരിക്കൻ പൗരയും മൂന്ന് കുട്ടികളുടെ അമ്മയുമായ റെനി നിക്കോൾ ഗുഡിനെ (37) ഇമിഗ്രേഷൻ ഏജന്റ് വെടിവച്ച് കൊന്നത് വ്യാപക പ്രതിഷേധത്തിന് വഴിവച്ചിരുന്നു. റെനി ഉദ്യോഗസ്ഥനെ കാറിടിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു വാദം. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള ഫെഡറൽ ദൗത്യം നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് മിനിയപൊലിസ് ഉൾപ്പെടുന്ന മിനസോട്ട സംസ്ഥാനത്തെ അറ്റോർണി ജനറൽ കെയ്‌ത്ത് എല്ലിസൺ പറഞ്ഞു. ഇമിഗ്രേഷൻ ഏജന്റുമാർ നുണ പറയുകയാണെന്ന് ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങളായ മിനിയപൊലിസ് മേയർ ജേക്കബ് ഫ്രേയും മിനസോട്ട ഗവർണർ ടിം വാൽസും ആരോപിച്ചു. അതേ സമയം, പ്രാദേശിക നേതാക്കൾ ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുറ്റപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |