ദുബായ്: ഈ മാസം 22ന് ആകാശത്ത് ഒരു അത്ഭുതം നടക്കും. യുഎഇയിൽ താമസിക്കുന്നവർക്കാണ് ഈ പ്രതിഭാസം കാണാൻ സാധിക്കുന്നത്. രാത്രി ആകാശത്തെ മനോഹരമാക്കുന്ന ഈ പ്രതിഭാസത്തിന്റെ പേരാണ് 'ഫ്ലവർ മൂൺ'.
പൂക്കൾ വിരിഞ്ഞ് നിൽക്കുന്നത് പോലെയാകും അന്ന് ചന്ദ്രനെ കാണാൻ സാധിക്കുക. ലോകത്തിന്റെ പല ഭാഗത്തും ഈ പ്രതിഭാസം ചെറിയ രീതിയിൽ കാണാൻ സാധിക്കും. എന്നാൽ, ദുബായിലാണ് ഏറ്റവും തെളിച്ചത്തിൽ ഇത് കാണാൻ സാധിക്കുന്നത്. ടെലിസ്കോപ്പുകളോ ബൈനോക്കുലറുകളോ ഇല്ലാതെ തന്നെ കണ്ണുകൾ കൊണ്ട് നേരിട്ട് ഇത് കാണാൻ സാധിക്കും.
ചന്ദ്രൻ ഉദിച്ച് വരുന്ന സമയമാണ് ഇതിന്റെ ചിത്രം പകർത്താൻ ഏറ്റവും ഉത്തമം എന്നാണ് ദുബായ് അസ്‌ട്രോണമി ഗ്രൂപ്പ് സിഇഒ ഹസൻ അൽ ഹരീരി പറഞ്ഞത്. ഫ്ലവർ മൂണിന്റെ ചിത്രങ്ങൾ വ്യക്തമായി പകർത്താനും കാണാനുമായി ഉയരമുള്ള കെട്ടിടങ്ങൾക്ക് മുകളിലോ, ആകാശം മറയാത്ത സ്ഥലങ്ങളിലോ നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്ലാന്റിംഗ് മൂൺ, മിൽക്ക് മൂൺ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. അമേരിക്കയിൽ നിന്നാണ് ഫ്ലവർ മൂൺ എന്ന പേര് ഉത്ഭവിച്ചത്.
'ഓരോ കാലാവസ്ഥയ്‌ക്കനുസരിച്ചാണ് ഓരോ മാസം ഉണ്ടാകുന്ന പൂർണ ചന്ദ്രനും പണ്ട് പേര് നൽകിയിരുന്നത്. മേയ് മാസത്തിൽ അമേരിക്കയിൽ പൂക്കൾ കൊണ്ട് നിറയും. അതിനാലാണ് ഈ ചന്ദ്രന് ഫ്ലവർ മൂൺ എന്ന പേര് വന്നത്.' - അമിറ്റി ദുബായ് സാറ്റ്‌ലൈറ്റ് ഗ്രൗണ്ട് സ്റ്റേഷൻ പ്രോജക്‌ട് ഡയറക്‌ടർ ശരത് രാജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |