SignIn
Kerala Kaumudi Online
Saturday, 17 August 2024 9.58 AM IST

ആവേശ ഗുണ്ടകളും ആളില്ലാപ്പൊലീസും

gunda

ഗുണ്ടാവിളയാട്ടങ്ങളുടെ ഞെട്ടിക്കുന്നതും നാണംകെടുത്തുന്നതുമായ ക്രൂരകഥകളില്ലാതെ ഒരു ദിവസവും അസ്തമിക്കുന്നില്ലെന്നതാണ് സ്ഥിതി. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയിൽ പിറക്കുന്ന ചോരക്കളിയിൽ നിന്നു മാറി,​ ക്വട്ടേഷൻ ജോലി ഏറ്റെടുത്ത ഗുണ്ടകൾ മറ്റാർക്കോ വേണ്ടി നടപ്പാക്കുന്ന ഹീനകൃത്യങ്ങളിൽ ചെന്നെത്തിനില്ക്കുന്നു,​ അഭിനവ ഗുണ്ടാചരിതം! പ്രണയനിരാസത്തിന്റെയും ദാമ്പത്യ കലഹങ്ങളുടെയും പ്രതികാരങ്ങൾ വരെ ലക്ഷങ്ങൾ ഫീസ് വാങ്ങി ക്വട്ടേഷൻ അസൈൻമെന്റ് ആയി ഏറ്റെടുക്കുന്ന പ്രൊഫഷണൽ സംഘങ്ങളുടേതാണ് പുതിയ കാലം. ഇരകളാക്കപ്പെടുന്നതാകട്ടെ,​ പലപ്പോഴും സാധാരണക്കാരായിരിക്കും! പകവീട്ടലിന്റെയും ക്വട്ടേഷൻ പണിയുടെയും ഈ ഫ്രെയിമിൽ നമ്മുടെ പൊലീസിന് തീരെ റോളില്ലെന്നതാണ് ഏറ്റവും ദയനീയം. പലപ്പോഴും വിവരമറിയാഞ്ഞിട്ടാവില്ല,​ അറിഞ്ഞാലും കണ്ണടയ്ക്കും. കാരണം,​ രാഷ്ട്രീയത്തിൽ അത്രയ്ക്കു വലുതാണ് ഗുണ്ടാ നേതാക്കളുടെ സൗഹൃദസമ്പത്തും സ്വാധീനശേഷിയും!

ഗുണ്ടാക്കഥകളുടെ തുടർപരമ്പരയിൽ പൊലീസിനെ അക്ഷരാർത്ഥത്തിൽ നാണംകെടുത്തിയ സംഭവമാണ് തൃശൂരിൽ ഗുണ്ടാനേതാവിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ആവേശപ്പാർട്ടി"ക്കു നേരെ കണ്ണടച്ചുകൊടുത്ത ഔദാര്യം ഒടുവിൽ അങ്ങാടിപ്പാട്ടായത്. കുറ്റൂരിൽ,​ ഒരു വയലിൽ അറുപതോളം ക്രിമിനലുകൾ ഒത്തുചേരുന്ന വിവരം നാട്ടുകാർ യഥാസമയം പൊലീസിനെ അറിയിച്ചിരുന്നു. അവർ കൃത്യമായി സ്ഥലത്തെത്തി,​ ഹാജർവച്ച്,​ വിവരം സത്യമെന്നു ബോദ്ധ്യപ്പെട്ട് മടങ്ങുകയും ചെയ്തു. മറ്റു ജില്ലകളിൽ നിന്നുപോലുമുള്ള പിടികിട്ടാപ്പുള്ളികളുണ്ടായിരുന്നത്രേ സീനിയർ ഗുണ്ടയുടെ ആവേശപ്പാർട്ടിയിൽ. ഒടുവിൽ ആ ഗുണ്ട തന്നെ 'ആവേശം" എന്ന സിനിമയിലെ നായകഗുണ്ടയുടെ സൂപ്പർഹിറ്റ് ഡയലോഗും ചേർത്ത് ഇൻസ്റ്റഗ്രാം റീൽ റിലീസ് ചെയ്തതോടെ സംഗതി മാറി. പൊലീസ് ശരിക്കും ഉണർന്നു. സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണമായി,​ റിപ്പോർട്ടായി,​ അതിന്മേൽ വകുപ്പുതല അന്വേഷണമായി....

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ നിന്നായി ഗുണ്ടാവിളയാട്ടങ്ങൾ പതിവു വാർത്തയായി മാദ്ധ്യമങ്ങളിൽ നിറയുന്നതിനിടയിൽ തന്നെയായിരുന്നു. തൃശൂരിലെ ഗുണ്ടാപ്പാർട്ടിയും! എന്തായാലും,​ 'ഗുണ്ടകൾക്കു മീതെ പറക്കാതെ പൊലീസ്"എന്ന തലക്കെട്ടോടെ കഴിഞ്ഞ തിങ്കളാഴ്ച കേരളകൗമുദി പ്രസിദ്ധീകരിച്ച മുഖ്യവാർത്ത പൊലീസിനെ കുലുക്കിയുണർത്തി. ഗുണ്ടാപ്രശ്നം ഗൗരവപൂർവം കൈകാര്യം ചെയ്യാൻ ഉടൻ നടപടിയുമായി. 'ഗുണ്ടകളെ പൂട്ടും" എന്ന തലക്കെട്ടിലാണ് ഇത് ഇന്നലെ കേരളകൗമുദി മുഖ്യവാർത്തയാക്കിയത്. പൊലീസിന്റെ കൈവശമുള്ള ഗുണ്ടാലിസ്റ്റ് പുതുക്കുകയും സ്ഥിരം കുറ്റവാളികളെ ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്യും. ശിക്ഷാകാലം കഴിഞ്ഞ് ജയിലിൽ നിന്നിറങ്ങി വീണ്ടും അക്രമം കാട്ടുന്നവരെ കാപ്പ ചുമത്തി നാടുകടത്തുകയോ കരുതൽ തടങ്കലിലാക്കുകയോ ചെയ്യും. മോചിതരാകുന്ന കുറ്റവാളികളെ പിന്നീട് നിരീക്ഷിക്കാൻ കാര്യക്ഷമമായ സംവിധാനം നിലവിലില്ലാത്തതാണ് പ്രധാന പ്രശ്നം. അത്തരം നിരീക്ഷത്തിനും അടിയന്തരയോഗത്തിൽ തീരുമാനമായി.

ഇതെല്ലാം അടിയന്തരമായി നടപ്പാക്കേണ്ടവ തന്നെ. പക്ഷേ,​ അതിന് പൊലീസ് ഉണർന്നാൽ മാത്രം പോരാ,​ ഗുണ്ടാസംഘങ്ങൾക്കും ഗുണ്ടാനേതാക്കൾക്കും പലപ്പോഴും സംരക്ഷണം നല്കുന്ന നടപടിയിൽ നിന്ന് രാഷ്ട്രീയപ്പാർട്ടികൾ വിട്ടുനില്കുകയും വേണം. കാര്യമറിഞ്ഞാലും പൊലീസ് കണ്ണടയ്ക്കുന്നതിന്റെ പ്രധാന രഹസ്യം ഗുണ്ടകളുടെ ഈ രാഷ്ട്രീയ പിൻബലമാണ്. അതു മാത്രമല്ല,​ കുറ്റാന്വേഷണവും ക്രമസമാധാനപാലനവും നേരെചൊവ്വേ കൊണ്ടുനടക്കണമെങ്കിൽ സേനയ്ക്ക് ആവശ്യത്തിനുള്ള അംഗബലം വേണം. ആഴ്ചയിലൊരു ദിവസത്തെ ഓഫോ,​ അത്യാവശ്യങ്ങൾക്കു പോലും അവധിയോ എടുക്കാൻ പറ്റാത്ത വിധം സമ്മർദ്ദത്തിലാണ് പൊലീസുകാർ. സ്റ്രേഷനുകളിലെ തസ്തികകൾ ഇരട്ടിയാക്കണം എന്നൊരു ശുപാർശ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ വകയായി സർക്കാരിനു മുന്നിലുണ്ട്. അതിൽ അടിയന്തര തീരുമാനം വേണം. ഓടാൻ ആളില്ലാതെ വെറുതെ വിസിൽ മുഴക്കിയിട്ടെന്ത്!

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.