അഗത്തി: വിമാനത്തിന്റെ സാങ്കേതിക തകരാർ മൂലം ലക്ഷദ്വീപ് അഗത്തി വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നവരുടെ യാത്ര പുനഃരാരംഭിക്കുന്നതിൽ അനിശ്ചിതത്വം. രണ്ട് ദിവസമായി ഭക്ഷണമോ വെള്ളമോ ലഭിക്കാതെ ദുരിതത്തിലാണ് യാത്രക്കാർ. വിമാനത്താവളത്തിലെ പാർക്കിംഗ് മേഖലയിലാണ് അലയൻസ് എയറിന്റെ വിമാനം കുടുങ്ങിയത്. ഇതോടെ മറ്റ് വിമാന സർവീസുകളും മുടങ്ങി.
നൂറുകണക്കിന് മലയാളികളാണ് നാട്ടിലെത്താൻ കഴിയാതെ വലയുന്നത്. കുട്ടികളും വയോധികരും ഇതിലുണ്ട്. ഇന്നലെ തകരാറായ വിമാനം ഇന്ന് ഉച്ച കഴിഞ്ഞിട്ടും ശരിയാക്കിയിട്ടില്ല. ഇന്നലെ രാവിലെ 11 മണിയോടെ ലക്ഷദ്വീപിൽ നിന്ന് കൊച്ചിയിലേക്ക് പോകേണ്ടതായിരുന്നു വിമാനം. യാത്രക്കാരെ കയറ്റിയെങ്കിലും അൽപ്പസമയത്തിനുള്ളിൽ എല്ലാവരോടും ഇറങ്ങാൻ പറഞ്ഞു. വിമാനത്തിന് തകരാറുണ്ടെന്ന് അറിയിച്ച ശേഷം യാത്രക്കാരെ തിരിച്ച് പവലിയനിലെത്തിച്ചു.
അഗത്തി വിമാനത്താവളത്തിൽ ഒരു ചായ പോലും ലഭിക്കില്ല. അടുത്തൊന്നും കടകളുമില്ല. വിശന്ന് വലയുകയാണ് യാത്രക്കാർ. ഇതിനിടെ കുറച്ച് ഉണക്കിയ പഴങ്ങളും ബിസ്‌കറ്റുമടങ്ങിയ പാക്കറ്റ് ചില എയർലൈൻസ് കമ്പനികൾ വിതരണം ചെയ്‌തിരുന്നു. തങ്ങളുടെ താമസത്തിന്റെയും ഭക്ഷണത്തിന്റെയും ചെലവ് അധികൃതർ വഹിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു. സാമ്പത്തിക നഷ്ടത്തിനേക്കാൾ സമയ നഷ്ടവും മാനസിക സംഘർഷവും അനുഭവിക്കേണ്ടിവന്നിട്ടുണ്ടെന്നും ഡിജിസിഎക്ക് പരാതി നൽകുമെന്ന് യാത്രക്കാർ പറഞ്ഞു.
എഞ്ചിൻ തകരാറാണെന്നും ഹൈദരാബാദിൽ നിന്നും മെഷീനും മെക്കാനിക്കും എത്തി സാങ്കേതിക തടസം പരിഹരിച്ചാൽ മാത്രമേ സർവീസ് നടത്താനാകൂ എന്നും അലയൻസ് എയർ അധികൃതർ അറിയിച്ചു. എന്നാൽ, സർവീസ് എപ്പോൾ പുനരാരംഭിക്കാൻ കഴിയുമെന്ന് വ്യക്തമാകാത്തതോടെ യാത്രക്കാർ ഒന്നടങ്കം രോഷാകുലരായി. എറണാകുളത്ത് നിന്നും കണക്ഷൻ വിമാനത്തിൽ മറ്റ് സ്ഥലങ്ങളിലേക്ക് പോകേണ്ടവരും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |