ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് കനയ്യകുമാറിന് നേരെ ആക്രമണം. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തിലെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായ കനയ്യക്ക് നേരെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ആക്രമണമുണ്ടായത്. സ്ഥാനാര്‍ത്ഥിയെ മാലയിട്ട് സ്വീകരിക്കാനെന്ന വ്യാജേന അടുത്തെത്തിയ ചിലരാണ് കനയ്യകുമാറിനെ ആക്രമിച്ചത്. സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന ആംആദ്മി പാര്‍ട്ടിയുടെ വനിതാ കൗണ്‍സിലര്‍ ഛായ ഗൗരവ് ശര്‍മ്മയ്ക്ക് നേരെയും അക്രമികള്‍ മോശമായി പെരുമാറിയെന്നാണ് പരാതി.
തന്റെ ഷാള്‍ തട്ടിയെടുത്തുവെന്നും ഭര്‍ത്താവിനെ മാറ്റിനിര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും ഛായ ശര്‍മ പരാതിയില്‍ പറയുന്നു. ആള്‍ക്കൂട്ടത്തിന് നേരെ കറുത്ത മഷി എറിയുകയും സ്ഥലത്തുണ്ടായിരുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൗണ്‍സിലര്‍ ഛായ ശര്‍മ്മയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കനയ്യ കുമാര്‍ കര്‍ത്താര്‍ നഗറിലെ എഎപി ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ആക്രമണമുണ്ടായതെന്ന് പോലീസ് പറയുന്നു.
പുറത്തിറങ്ങിയ ഉടനെ അടുത്ത് മാലയുമായി ചിലര്‍ ഓടിയെത്തിയപ്പോള്‍ അത് പ്രവര്‍ത്തകരായിരിക്കുമെന്നാണ് ആദ്യം കരുതിയത്. ഹാരമണിയിച്ച ശേഷം കനയ്യ കുമാറിന് നേരെ ചിലര്‍ മഷി എറിയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഛായ ശര്‍മ്മ ഇടപെടാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു, - ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ ബിജെപിയുടെ മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ മനോജ് തിവാരിക്കെതിരെയാണ് ഇന്ത്യ മുന്നണിയുടെ ഭാഗമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കനയ്യകുമാര്‍ മത്സരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |