കൊല്ലം: 'എനിക്ക് മരുന്നൊന്നും വേണ്ട ഉമ്മാ... നമുക്ക് സമാധാനത്തോടെ ഉറങ്ങാൻ ഒരു വീടു മതി", വേദന കടിച്ചമർത്തി പന്ത്രണ്ടുകാരൻ ആസിഫ് ഇത് പറയുമ്പോൾ കണ്ണീർ പൊടിയും. നിസഹായയായ ഉമ്മ അപ്പോൾ മകനെ ചേർത്ത് പിടിച്ച് പൊട്ടിക്കരയും. കാവനാട് മീനത്തുചേരി ക്ലാവറത്തറയിൽ നൗഷാദിന്റെയും ഷീജയുടെയും മകൻ മുഹമ്മദ് ആസിഫിനെ വൃക്കരോഗം പിടികൂടിയിട്ട് ഒമ്പത് വർഷമായി. മകന്റെ ചികിത്സയ്‌ക്കായി കൂലിപ്പണിക്കാരനായ നൗഷാദ് ഏറെ അലഞ്ഞു. ആശുപത്രിവാസം കാരണം കൃത്യമായി ജോലിക്ക് പോകാനും കഴിഞ്ഞില്ല. കിടപ്പാടം വരെ വിറ്റ് ചികിത്സിച്ചിട്ടും ഫലമുണ്ടായില്ല. ഇപ്പോൾ ആസിഫിനെയും സഹോദരി നാദിയയെയും കൊണ്ട് എവിടെ പോകണമെന്നറിയാതെ വിഷമിക്കുകയാണ് കുടുംബം. ചില ബന്ധുവീടുകളിലാണ് ഇവർ കഴിഞ്ഞുകൂടുന്നത്.
മൂന്നാം വയസിലാണ് ആസിഫിന് വൃക്കയിൽ നീര് കെട്ടുന്ന രോഗം ബാധിച്ചത്. വാടക കൊടുക്കാൻ വകയില്ലാതായപ്പോൾ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായം തേടി. സ്നേഹത്തോടെ ചിലരൊക്ക വാതിൽ തുറന്നു. മറ്റ് ചിലർ കൊട്ടിയടച്ചു. ഓരോ മാസവും മരുന്നിനും വിവിധ പരിശോധനകൾക്കുമായി 20000 രൂപ വേണം. തുടർച്ചയായി മരുന്ന് കഴിച്ചാൽ രോഗം നിയന്ത്രിച്ച് സാധാരണ ജീവിതത്തിലേക്ക് ആസിഫിന് മടങ്ങാമെന്നാണ് ഡോക്‌ടർമാരുടെ അഭിപ്രായം. പക്ഷേ പണമില്ലാതെ മരുന്നും പരിശോധനകളും നിലച്ചിട്ട് നാല് മാസമായി.
കാലുകളിൽ നീര് കെട്ടി വേദന കൂടുമ്പോൾ ആസിഫ് നിലവിളിക്കും. മരുന്ന് കഴിച്ച് രോഗം മാറി വീണ്ടും സ്‌കൂളിൽ പോകുന്നതിനെക്കുറിച്ചായിരുന്നു പണ്ട് അനുജത്തി നാലാം ക്ലാസുകാരി നാദിയയോട് അവൻ പറഞ്ഞിരുന്നത്. പക്ഷേ സ്വന്തമായി വീടില്ലാത്തതിന്റെ വേദന അവൻ തിരിച്ചറിഞ്ഞതു മുതൽ ഉമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു പറയുന്നത് ഒരു കാര്യം മാത്രം. ഉമ്മാ... നമുക്കൊരു വീട് വേണം.
മേക്കോൺ എസ്.സി.ഡി യു.പി.എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണെങ്കിലും സ്‌കൂളിലേക്ക് പോകാനാകുന്നില്ല. മാറി മാറിയുള്ള താമസത്തിനിടെ അനുജത്തിയുടെ പഠനവും മുടങ്ങി. മകന് ചികിത്സ മാത്രമല്ല, നല്ല ഭക്ഷണം പോലും കൊടുക്കാൻ കഴിയാതെ കണ്ണീരൊഴുക്കുന്ന മാതാപിതാക്കൾക്ക് സ്വന്തം വീട് ഒരു വിദൂര സ്വപ്‌നം മാത്രം. ഒരുപക്ഷേ സുമനസുകൾ കനിഞ്ഞാൽ സ്വന്തം വീട്ടിൽ അന്തിയുറങ്ങാൻ അവർക്ക് കഴിഞ്ഞേക്കും. ഒപ്പം, മകനെ ചികിത്സിച്ച് രക്ഷപ്പെടുത്താനും. ആ പ്രതീക്ഷയിൽ ഉപ്പൂപ്പ അബൂബക്കറിന്റെ പേരിൽ എസ്.ബി.ഐ ചിന്നക്കട ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ : 341990 28244. ഐ.എഫ്.എസ്.സി - SBIN0008668. നൗഷാദിന്റെ ഫോൺ നമ്പർ : 75930 52519.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |