പയ്യന്നൂർ: പെരുമ്പ ആമ്പിലേരി കോളനിക്ക് സമീപത്തെ വി.വി.ആമു- സി.എച്ച്. സുഹറ ദമ്പതികളുടെ വീട്ടിൽ തിങ്കളാഴ്ച രാത്രി നടന്ന മോഷണത്തിൽ നഷ്ടപ്പെട്ടു എന്നു കരുതിയ 76 പവൻ സ്വർണാഭരണങ്ങളിൽ 36 പവൻ ആഭരണങ്ങൾ വീട്ടിൽ നിന്ന് തന്നെ ലഭിച്ചു. ഈ ആഭരണങ്ങൾ വീട്ടിൽ തന്നെ മറ്റൊരിടത്ത് സൂക്ഷിച്ചിരുന്നതിനാൽ മോഷ്ടാക്കളുടെ ശ്രദ്ധയിൽ പെടാതെ പോയതാണ്. ഇതോടെ
40 പവൻ ആഭരണങ്ങളാണ് മോഷണം പോയിട്ടുള്ളതെന്ന് വ്യക്തമായി. നേരത്തെ 76 പവൻ ആഭരണങ്ങൾ നഷ്ടപ്പെട്ടുവെന്നാണ് പരാതി ഉണ്ടായിരുന്നത്.
അതേസമയം, വീട്ടുകാർ ഉറങ്ങി കിടക്കവേ വീടിന്റെ മുൻ വാതിൽ കുത്തിത്തുറന്ന് അകത്ത് മുറികളിലെ അലമാരകളിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങളും 4000 രൂപയും കവർച്ച ചെയ്ത സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതായി പയ്യന്നൂർ ഡിവൈ.എസ്.പി എ.ഉമേഷ് പറഞ്ഞു. സി.സി.ടി.വി.ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളിൽ നിന്ന് നിർണ്ണായകമായ ചില വിവരങ്ങൾ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. വീട്ട് പറമ്പിലെ പുറക് വശത്തുള്ള ഇടവഴിയിൽ കൂടി പുലർച്ചെ രണ്ടേകാലിന് ശേഷം ഒരാൾ
ദേശീയപാതയിലേക്ക് നടന്ന് പോകുന്നതായി സി.സി.ടി.വി.ദൃശ്യത്തിലുണ്ട്.
മണം പിടിച്ച പൊലീസ് നായ ഇടവഴിയിലൂടെ ദേശീയപാതയിൽ കയറി കണ്ടോത്ത് ഭാഗത്ത് നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ എത്തി നിൽക്കുകയായിരുന്നു. അന്വേഷണത്തിന് പൊലീസ് പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചിട്ടുണ്ട്.
ഡിവൈ.എസ്.പി എ.ഉമേഷിന്റെ മേൽനോട്ടത്തിൽ സി.ഐ സ്റ്റീഫൻ ജോസഫ്, എസ്.ഐ എം.കെ.രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. വാതിൽ തകർക്കാനുപയോഗിച്ച കമ്പിപ്പാര, കത്തിവാൾ തുടങ്ങിയവ സംഭവസ്ഥലത്തു നിന്നു തന്നെ കണ്ടെത്തിയിരുന്നു. ഇത് നിർണ്ണായക തെളിവാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
1.നഷ്ടപ്പെട്ടത് 40 പവൻ ആഭരണങ്ങളും പണവും
2.അന്വേഷണത്തിന് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ്
3.മണം പിടിച്ച പൊലീസ് നായ ഇടവഴിയിലൂടെ ദേശീയപാതയിലെത്തി
4.വാതിൽ തകർക്കാനുപയോഗിച്ച ആയുധങ്ങളും നിർണായകം
കൂടുതൽ നിരീക്ഷണ കാമറകൾ പരിശോധിക്കുന്നു
പ്രദേശത്തെയും പാതയോരത്തെയും നിരീക്ഷണ കാമറകൾ പരിശോധിക്കുകയും സംശയം തോന്നുന്ന വാഹനങ്ങൾ ഉൾപ്പെടെ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ നിന്ന് വിരമിച്ച ആമു അസുഖത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണുള്ളത്. ഭർത്താവിന് കൂട്ടിരിപ്പായി സുഹറയും ആശുപത്രിയിലാണുള്ളത്. ഇവരുടെ മകളും മകന്റെ ഭാര്യയും കുട്ടികളുമാണ് ഇരുനില വീട്ടിൽ സംഭവ ദിവസം രാത്രി ഉണ്ടായിരുന്നത്. ഇവർ മുകളിലെ മുറികളിലാണ് ഉറങ്ങിയിരുന്നത്. താഴത്തെ രണ്ട് മുറികളിലെ അലമാരകളിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |