കോട്ടയം : വൈക്കത്ത് ഭാര്യയെയും ഭാര്യാമാതാവിനെയും ഭർത്താവ് വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വൈക്കം മറവന്തുരുത്ത് സ്വദേശികളായ ഗീത (58 ) മകൾ ശിവപ്രിയ (30 ) എന്നിവരാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ശേഷം ശിവപ്രിയയുടെ ഭർത്താവ് നിതീഷ് പൊലീസിൽ കീഴടങ്ങിയിരുന്നു.
തിങ്കളാഴ്ച വൈകിട്ടാണ് കൊലപാതകങ്ങൾ നടന്നത്. കൃത്യം നടത്താനുണ്ടായ കാരണമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഗീതയുടെ മകൻ ശിവപ്രസാദ് പ്രവാസിയായിരുന്നു. ഒന്നരവർഷം മുമ്പ് നാട്ടിലെത്തി, ഒരു ബൈക്കപകടത്തിൽ ശിവപ്രസാദ് മരിച്ചിരുന്നു. സംഭവശേഷം ഗീത ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ഇതിനിടെ ഗീത വീണു, കൈക്ക് പരിക്ക് പറ്റി. ഇതോടെ വാടക വീട്ടിൽ താമസിച്ചിരുന്ന ശിവപ്രിയ ഇങ്ങോട്ടേക്ക് താമസം മാറ്റി.
നിതീഷ് - ശിവപ്രിയ ദമ്പതികൾക്ക് നാല് വയസുള്ള ഒരു മകളുണ്ട്. കുട്ടിയെ നിതീഷ് ഇടയ്ക്ക് ശിവപ്രിയയുടെ അടുത്ത് കൊണ്ടുവരുമായിരുന്നു. അടുത്തിടെ യുവതിക്ക് വൈക്കത്തെ കമ്പ്യൂട്ടർ ഷോപ്പിൽ ജോലി ലഭിച്ചിരുന്നു. ഇതിനുശേഷം ഭാര്യ വീട്ടുകാർ തന്നെ അവഗണിച്ചെന്നും തനിക്ക് വേണ്ടത്ര പരിഗണന ലഭിക്കാതായതോടെയാണ് കൃത്യം നടത്തിയതെന്നുമാണ് നിതീഷ് പൊലീസിനോട് പറഞ്ഞത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് നിതീഷ് ഭാര്യ വീട്ടിലെത്തിയിരുന്നു. മദ്യലഹരിയിലായിരുന്നു പ്രതി. ഈ സമയം ഗീത മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇരുവരും തമ്മിൽ തർക്കമുണ്ടായി. മൂന്ന് മണിയോടെനിതീഷ് ഗീതയെ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തി. ശേഷം സ്‌കൂളിൽ പോയി മകളെയും കൂട്ടി ബന്ധുവീട്ടിലെത്തി.
തുടർന്ന് ഒറ്റയ്ക്ക് ഇയാൾ വീണ്ടും ഭാര്യയുടെ വീട്ടിലെത്തി. ശിവപ്രിയ ജോലി കഴിഞ്ഞ് വന്നതും ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് കത്തി ഉപയോഗിച്ച് ഭാര്യയെ കുത്തിക്കൊന്നു. വീട്ടിലെത്തി ബന്ധുക്കളോട് വിവരം പറഞ്ഞു. അവരാണ് പൊലീസിൽ വിവരമറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |