SignIn
Kerala Kaumudi Online
Friday, 11 September 2026 6.21 PM IST

ആംബുലൻസിന് കാത്തുനിന്നത് 4 മണിക്കൂർ അട്ടപ്പാടിയിൽ ചികിത്സവൈകി ആദിവാസി മരിച്ചു

 മൂന്നുദിവസത്തിനിടെ രണ്ടാമത്തെ മരണം

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ചികിത്സ വൈകി മരണം. ആദിവാസി വൃദ്ധൻ മേലെ ഭൂതയാർ സ്വദേശി ചെല്ലൻ (55) ആണ് ഇന്നലെ മരിച്ചത്. മൂന്ന് ദിവസത്തിനിടെ ചികിത്സ വൈകിയുള്ള രണ്ടാമത്തെ മരണമാണിത്.

25ന് പകൽ ആടുമേയ്ക്കാൻ വനത്തിനകത്തേക്ക് പോയ ചെല്ലൻ ഏറെ വൈകിയും തിരികെവന്നില്ല. തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിൽ വനത്തിനുള്ളിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ ഊരുനിവാസികളും ബന്ധുക്കളും ചേർന്ന് ഊരിലെത്തിക്കുകയും അവിടെ നിന്ന് ഒരുകിലോമീറ്ററോളം ചെല്ലനെ തോളിൽ ചുമന്ന് വാഹനം സൗകര്യമുള്ള സ്ഥലത്തെത്തിച്ച ശേഷമാണ് രാത്രി 8.30ഓടെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൃശൂർ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തെങ്കിലും ആംബുലൻസ് എത്താൻ നാല് മണിക്കൂറോളം കാത്തിരിക്കേണ്ടിവന്നു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്.

ഇതേ ദിവസം തന്നെ ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണ് പരിക്കേറ്റ ഒമ്മല സ്വദേശിയെ ഫൈസലിനെ (25)ആംബുലൻസിൽ എത്തിക്കേണ്ടിയിരുന്നതിനാലാണ് ചെല്ലന്ആംബുലൻസിന് വേണ്ടി നാല് മണിക്കൂറോളം കാത്തിരിക്കേണ്ടിവന്നത്. ഫൈസലും ചികിത്സ വൈകിയതിനെ തുടർന്ന് മരിച്ചിരുന്നു. പരിക്കുകളോടെ കോട്ടത്തറ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നരമണിക്കൂർ വൈകി ഒറ്റപ്പാലത്ത് നിന്നും എത്തിയ ആംബുലൻസിലാണ് മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആംബുലൻസിന്റെ അപര്യാപ്തത കാരണം മരണം പതിവായതോടെ അട്ടപ്പാടിയിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA