SignIn
Kerala Kaumudi Online
Sunday, 31 May 2026 5.54 PM IST

പിതാവിനെയും മകനെയും വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിയും സഹായികളും പിടിയിൽ

crime

കോഴിക്കോട്: വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെയും പിതാവിനെയും വെട്ടി കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയും സഹായികളും പൊലീസ് പിടിയിൽ. പെരുമണ്ണ മുണ്ടുപാലം വളയം പറമ്പ് ഷനൂബ് (42 ) പന്തീരങ്കാവ് വള്ളിക്കുന്ന് വെൺമയത്ത് രാഹുൽ (35) പന്തീരങ്കാവ് പന്നിയൂർകുളം തെക്കേ താനിക്കാട്ട് റിഷാദ് (33) എന്നിവരെയാണ് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അനൂജ് പലിവാളിന്റെ കീഴിലള്ള സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പും, ഫറോക്ക് അസി. കമ്മിഷണർ സജു എബ്രഹാമിന്റെ നേതൃത്വത്തിൽ പന്തീരങ്കാവ് ഇൻസ്‌പെക്ടർ വിനോദ്കുമാറും സംഘവും പിടികൂടിയത്.
ഇന്നലെ പുലർച്ചെ രണ്ടിനായിരുന്നു സംഭവം. കോഴിക്കോട് മീഞ്ചന്ത സ്വദേശികളായ മുഹമ്മദ് ഷാഫിർ, അബൂബക്കർ എന്നിവരെ വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ആയുധം ഉപയോഗിച്ച് വെട്ടി കൊല്ലാൻ ശ്രമിച്ചെന്നാണ് കേസ്. ഷാഫിറിന് തലയ്ക്കും കഴുത്തിനും വെട്ടേറ്റു. മകനെ വെട്ടിയപ്പോൾ തടയാൻ ശ്രമിച്ച അബൂബക്കറിന് കൈക്കാണ് വെട്ടേറ്റത്. പരിക്കേറ്റ ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ഇവരുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് ഇൻസ്‌പെക്ടർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി വരുന്നതിനിടയിൽ ജില്ലാ പൊലീസ് മേധാവി രാജ്പാൽ മീണ സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതികളെ എത്രയും വേഗം പിടികൂടുന്നതിനായി സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പിന് നിർദ്ദേശം നൽകുകയായിരുന്നു. റിഷാദിനെ പന്തീരങ്കാവിൽ വെച്ചാണ് പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്ന് മറ്റു പ്രതികൾ പോകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ രഹസ്യ നിരീക്ഷണം നടത്തുകയും ചെയ്തു. മാങ്കാവിലുള്ള സ്വകാര്യ ലോഡ്ജിൽ വ്യാജ രേഖകൾ ഉപയോഗിച്ച് പ്രതികൾ താമസിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ച പൊലീസ് അവിടെയെത്തി കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. പ്രതികളിൽ ഷനൂപിന് വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്.

സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പിലെ സീനിയർ സി.പി.ഒമാരായ ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമ്മണ്ണ, സുമേഷ് ആറോളി, സി.പി.ഒ രാകേഷ് ചൈതന്യം, പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിലെ സീനിയർ സി.പി. ഒ മാരായ രഞ്ജിത്ത് എം, പ്രമോദ് പി ,സി.പി.ഒ ബീജീഷ്എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

വ്യക്തമായ രേഖകൾ സൂക്ഷിക്കാതെ ആളുകളെ താമസിപ്പിക്കുന്ന ജില്ലയിലെ ലോഡ്ജുകൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ലോഡ്ജുകളിൽ പൊലീസിന്റെ രഹസ്യ നിരീക്ഷണം നടത്തുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY