
ബേപ്പൂർ: പരമ്പരാഗത മത്സ്യതൊഴിലാളികൾക്ക് വൻ ഭീഷണിയായി ആശാസ്ത്രീയ രീതിയിലുള്ള മത്സ്യബന്ധനം വഴി കടൽ കൊള്ളയടിക്കപ്പെടുന്നത് മത്സ്യസമ്പത്തിന് വൻ ഭീഷണിയായിരിക്കുകയാണ്. ഉഗ്രസ്ഫോടന ശേഷിയുള്ള ഗുണ്ട് എന്നറിയപ്പെടുന്ന സ്ഫോടക വസ്തു പൊട്ടിച്ചുള്ള മത്സ്യബന്ധനമാണ് വ്യാപകം. ഇതര സംസ്ഥാന ഫൈബർ വള്ളങ്ങളാണ് പ്രധാനമായും ശക്തിയേറിയ ഗുണ്ട് പൊട്ടിച്ച് മത്സ്യബന്ധനം നടത്തുന്നത്. കൂന്തൾ, ആവോലി, അയക്കൂറ എന്നീ മത്സ്യങ്ങളാണ് പ്രധാനമായും വേട്ടയാടപ്പെടുന്നത്. ഭക്ഷ്യയോഗ്യമല്ലാത്ത കടൽ ജീവികൾ വലയിലേക്ക് കയറാതിരിക്കാനും സ്ഫോടക വസ്തു ഉപയോഗിക്കുന്നുണ്ട്. സ്ഫോടനം നടക്കുമ്പോൾ കടലിന്റെ അടിത്തട്ടിലെ പവിഴപ്പുറ്റുകളും നശിക്കുന്നതായി മത്സ്യതൊഴിലാളികൾ പറയുന്നു.
1500 മുതൽ 2000 വോൾട്ടുകളുള്ള കൂറ്റൻ ലൈറ്റുകൾ കടലിലിറക്കി തീവ്ര വെളിച്ചം ഉപയോഗിച്ച് അടിത്തട്ടിലും ദൂരദിക്കിലുമുള്ള മത്സ്യങ്ങളെ ആകർഷിച്ചും കടലിന്റെ അടിത്തട്ടിലുള്ള മത്സ്യങ്ങളെ മുകളിലേക്ക് ആകർഷിച്ചും വലയിലാക്കുന്ന മത്സ്യബന്ധനം, രണ്ട് ബോട്ടുകളും വള്ളങ്ങളും ചേർത്ത് നിറുത്തിയുള്ള മത്സ്യബന്ധനം (പെയർ ട്രോളിങ്ങ്), കടലിനെ മലിനമാക്കുന്ന കൃത്രിമ പാരുകൾ നിർമ്മിച്ച് മത്സ്യബന്ധനം എന്നിങ്ങനെ അശാസ്ത്രീയ മത്സ്യബന്ധനം വഴി കടൽ സമ്പത്ത് ദിനംപ്രതി കൊള്ളയടിക്കപ്പെടുകയാണ്.
മുൻ കാലങ്ങളിൽ ചില ബോട്ടുകളാണ് കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയതെങ്കിൽ പരമ്പരാഗത രീതിയിലുള്ള മത്സ്യബന്ധനം വഴി മത്സ്യലഭ്യത കുറഞ്ഞതോടെ ഫൈബർ വള്ളങ്ങളും കൃത്രിമ വെളിച്ചം ഉപയോഗിക്കാൻ തുടങ്ങിയതോടെ കടൽ സമ്പത്ത് വൻ ഭീഷണി നേരിടുകയാണ്. കൂറ്റൻ ജനറേറ്റർ, കൃത്രിമ ലൈറ്റുകൾ എന്നിവക്ക് 6 ലക്ഷത്തോളം ചെലവഴിച്ചാണ് ഫൈബർ വള്ളങ്ങളും നിയമ വിരുദ്ധ മത്സ്യബന്ധനത്തിനായി പോകുന്നത്. പുതിയാപ്പ, ചാലിയം, വെള്ളയിൽ, ബേപ്പൂർ എന്നിവിടങ്ങളിൽനിന്ന് മാത്രമായി നൂറുകണക്കിന് വള്ളങ്ങളാണ് കൃത്രിമ വെളിച്ചത്തെ ആശ്രയിക്കുന്നത്. കുലച്ചിൽ, പൂഴി നിറച്ച പ്ലാസ്റ്റിക്ക് ചാക്ക്, പ്ലാസ്റ്റിക്ക് കുപ്പികൾ, ബൾബുകൾ എന്നിവ ഉപയോഗിച്ചാണ് കടലിൽ കൃത്രിമ പാരുകൾ സൃഷ്ടിക്കുന്നത്. മത്സ്യബന്ധനത്തിനുശേഷം ഇത്തരം പാരുകൾ കടലിൽ ഉപേക്ഷിക്കുന്നത് വൻ പാരിസ്ഥിതിക പ്രശ്നങ്ങൾക്കും ഇടയാക്കുന്നു. ഫിഷറീസ് അധികൃതരുടെ പിടിയിലാകുമ്പോൾ പിഴയടച്ച് വീണ്ടും പിടിക്കപ്പെടുന്നതുവരെ നിയമവിരുദ്ധ മത്സ്യബന്ധനം ആവർത്തിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |