
കൊച്ചി: ഒഡീഷയിലെ ഭുവനേശ്വറിൽനിന്ന് ട്രെയിനിൽ കടത്തിയ 13.50 കിലോ മേൽത്തരം കഞ്ചാവുമായി യുവതിയെ ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്യൂറോ അറസ്റ്റുചെയ്തു. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി സാഗർ ഖാതുൺ ബിദിയാണ് (35) എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ നാലാംനമ്പർ പ്ലാറ്റ്ഫോമിൽ നിന്ന് പിടിയിലായത്.
പാട്നയിൽനിന്ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തിയ പട്ന എക്‌സ്‌പ്രസ് ട്രെയിനിലാണ് കഞ്ചാവ് കടത്തിയത്. ട്രെയിൻ എത്തിയശേഷം ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്യൂറോ എ.എസ്.ഐ സിജു സേവ്യറും എച്ച്.സി ജി. വിബിനും നടത്തിയ പ്ലാറ്റ്ഫോം പരിശോധനയിലാണ് സംശയാസ്പദമായ നിലയിൽ യുവതിയെ കണ്ടത്. കൈവശമുണ്ടായിരുന്ന പ്ലാസ്റ്റിക് കവർ അഴിച്ചു പരിശോധിച്ചപ്പോൾ കഞ്ചാവാണെന്ന് സ്ഥിരീകരിച്ചു.
ഇടപ്പള്ളിയിലെ ഫ്ലാറ്റുകളിൽ ശുചീകരണ തൊഴിലാളിയായ സാഗർ ഖാതുൺ ബിദി നാട്ടിൽ പോയി മടങ്ങുംവഴിയാണ് ഭുവനേശ്വറിൽനിന്ന് കഞ്ചാവുമായി കൊച്ചിയിലേക്ക് വന്നത്. സുരക്ഷിതമായി കൈമാറിയാൽ 5000 രൂപയാണ് പ്രതിഫലം വാഗ്ദാനം ചെയ്തത്. യുവതിയെ കഞ്ചാവ് കടത്തുസംഘം കാരിയറായി ഉപയോഗിച്ചതാണെന്ന് സംശയിക്കുന്നു. കഞ്ചാവ് ഏൽപ്പിച്ചവരെക്കുറിച്ച് അറിയില്ലെന്നാണ് യുവതിയുടെ മൊഴി. എറണാകുളത്ത് എത്തുമ്പോൾ ആളെത്തി വാങ്ങിക്കുമെന്നാണ് ഏൽപ്പിച്ചവർ യുവതിയോട് പറഞ്ഞത്. കേരളത്തിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അന്യസംസ്ഥാനങ്ങളിൽനിന്ന് ട്രെയിനിൽ വൻതോതിൽ ലഹരികടത്തിന് സാദ്ധ്യതയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പുണ്ട്. ഇതേത്തുടർന്ന് ആർ.പി.എഫും ക്രൈംബ്യൂറോയും റെയിൽവേ പൊലീസും ഡാൻസാഫും പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിരിക്കെയാണ് സൗത്ത് സ്റ്റേഷനിൽ കഞ്ചാവ് പിടികൂടിയത്. എറണാകുളം റെയിൽവേ പൊലീസ് കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |