തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് പൊലീസ് പിടിച്ചെടുത്ത ഉത്തരക്കടലാസുകൾ കോളേജിൽ നിന്ന് മോഷ്ടിച്ചതല്ലെന്നും ,യൂണിവേഴ്സിറ്റി പരീക്ഷയ്ക്ക് ഹാളിൽ വിതരണം ചെയ്തതാണെന്നും കോളേജ് അധികൃതർ പൊലീസിനെ അറിയിച്ചു.
നാക് സമിതിയുടെ പരിശോധനയ്ക്കിടെ, കോളേജ് ജീവനക്കാരന് ശിക്ഷ കിട്ടാൻ കോളേജിൽ നിന്ന് ഉത്തരക്കടലാസുകൾ താൻ എടുത്തുമാറ്റിയതാണെന്നാണ് ശിവരഞ്ജിത്ത് പൊലീസിന് നൽകിയിരുന്ന മൊഴി.
സർവകലാശാലയുടെ സീരിയൽ നമ്പറും കോഡ് നമ്പറും 22പേജുകളുമുള്ള 16 ബുക്ക്‌ലെറ്റുകളാണ് ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത്. . ഇതിൽ ഒരെണ്ണം എസ്.എഫ്.ഐ നേതാവായ പ്രണവിന് പരീക്ഷാഹാളിൽ നൽകിയതാണ്. പ്രണവിനായിരുന്നു പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ രണ്ടാം റാങ്ക്. ബാക്കി 15 ബുക്ക്‌ലെറ്റുകളും ശിവരഞ്ജിത്തിന് നൽകിയതാണ്.
ഹാളിൽ വാങ്ങിയ ഉത്തരക്കടലാസുകൾക്ക് പകരം വേറെ ബുക്ക്‌ലെറ്റിൽ ഉത്തരമെഴുതി തിരികെ നൽകിയെന്നാണ് സംശയിക്കേണ്ടതെന്ന് കന്റോൺമെന്റ് പൊലീസ് പറഞ്ഞു. ഇതും പരിശോധിക്കാൻ പൊലീസ് ശ്രമിക്കുന്നുണ്ട്.ഉത്തരക്കടലാസുകളും ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ സീലും പിടിച്ചെടുത്ത സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. സർവകലാശാലാ രജിസ്ട്രാറുടെ പരാതി പൊലീസിന് കിട്ടിയിട്ടില്ല.
ഉത്തരക്കടലാസ് മോഷണത്തിന് ശിവരഞ്‌ജിത്തിനെതിരെ പൊലീസിൽ പരാതി നൽകാൻ സിൻഡിക്കേറ്റ് തീരുമാനിച്ചെങ്കിലും ഈ പരാതിയും പൊലീസിലെത്തിയിട്ടില്ല. കോളേജിലെ യൂണിയൻ ഒാഫീസ് മുറിയിൽ നിന്ന് ഉത്തരക്കടലാസ് പിടിച്ചതായി കോളേജ് അധികൃതരും പൊലീസിനെ അറിയിച്ചിട്ടില്ല. പിടിച്ചെടുത്ത ഉത്തരക്കടലാസുകളുടെ സീരിയൽ നമ്പറുകൾ സഹിതം സർവകലാശാലയ്ക്ക് പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. എല്ലാ പേപ്പറുകളും യൂണിവേഴ്സിറ്റി കോളേജിലേക്ക് അയച്ചവയാണെന്നായിരുന്നു സർവകലാശാലയുടെ മറുപടി. അതേസമയം, ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് 9 ഉത്തരക്കടലാസുകൾ മാത്രമാണ് പിടിച്ചതെന്നാണ് സർവകലാശാല വിശദീകരിച്ചത്. കോൺസ്റ്റബിൾ റാങ്ക്‌ലിസ്റ്റിൽ വെയ്റ്റേജിനായി ശിവരഞ്ജിത്ത് നൽകിയ സ്പോർട്സ് സർട്ടിഫിക്കറ്റിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ക്ലാസിൽ കയറാത്ത ദിവസങ്ങളിൽ കായിക പരിശീലനങ്ങൾക്കും മറ്റും പങ്കെടുത്തുവെന്ന് കാട്ടി സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശിവരഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |