SignIn
Kerala Kaumudi Online
Tuesday, 30 July 2024 2.19 AM IST

വെറുതേ പഴികേട്ട ഇലക്‌ഷൻ കമ്മിഷൻ

election-commition

ജനാധിപത്യ മാതൃകയിലുള്ള ലോകത്തെ ഏറ്റവും വലിയ തിരഞ്ഞെടുപ്പാണ്,​ പറയത്തക്ക അനിഷ്ടസംഭവങ്ങളൊന്നും കൂടാതെ ഇന്ത്യയിൽ സമാപിച്ചിരിക്കുന്നത്. കൃത്യതയോടെയും സൂക്ഷ്മതയോടെയും നിഷ്‌പക്ഷമായും ഇത് സാദ്ധ്യമാക്കിയതിന് ചുക്കാൻ പിടിച്ച കേന്ദ്ര ഇലക്‌ഷൻ കമ്മിഷൻ തികഞ്ഞ അഭിനന്ദനം അർഹിക്കുന്നു. തിരഞ്ഞെടുപ്പ് കാലയളവിൽ നിരുത്തരവാദപരമായ രീതിയിൽ പ്രമുഖ രാഷ്ട്രീയകക്ഷികളുടെ നേതാക്കൾ പോലും തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ 'ഇവരെ കാണാനില്ല" എന്ന അടിക്കുറിപ്പോടെ മുഖ്യ ഇലക‌്‌ഷൻ കമ്മിഷണറുടെയും അംഗങ്ങളുടെയും പടങ്ങൾ പോലും നൽകി ഇത്രയും ആത്മാർത്ഥവും നീതിയുക്തവുമായ രീതിയിൽ കൃത്യനിർവഹണം നടത്തിയ ഇലക്‌ഷൻ കമ്മിഷനെ ആക്ഷേപിക്കുകയാണ് ചെയ്തത്.

ഇത്തരം ശ്രമങ്ങൾ മറ്റു രാജ്യങ്ങളുടെ മുന്നിൽ ഇന്ത്യയുടെ വില ഇടിച്ചു കാണിക്കാൻ മാത്രം ഉതകുന്നതാണ്. ചീഫ് ഇലക്‌ഷൻ കമ്മിഷണർ രാജീവ്‌കുമാർ, കമ്മിഷണർമാരായ ഗ്യാനേഷ്‌കുമാർ, എസ്.എസ്. സന്ധു എന്നിവർ ഇലക്‌ഷൻ കമ്മിഷൻ ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തിൽ ഇലക്‌ഷൻ കമ്മിഷനെതിരെ രാജ്യത്ത് പ്രചരിച്ച തെറ്റായ വാർത്തകൾ തങ്ങളെ വേദനിപ്പിച്ചതായി തുറന്ന് പറയുകയുണ്ടായി. 2019-ലെ തിരഞ്ഞെടുപ്പ് സമയത്തും സമാനമായ പ്രചാരണമുണ്ടായിരുന്നു. വോട്ടർ പട്ടിക, വോട്ടിംഗ് യന്ത്രമായ ഇ.വി.എം, വോട്ടിംഗ് ശതമാനം, വോട്ടെണ്ണൽ എന്നിവയെപ്പറ്റി ഒരേ മാതൃകയിലാണ് ആരോപണങ്ങൾ വന്നുകൊണ്ടിരുന്നതെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞത്. ഇലക്‌ഷൻ കമ്മിഷൻ കൃത്യമായ മറുപടികൾ ഓരോ സമയത്തും നൽകിക്കൊണ്ടിരുന്നു.

തിരഞ്ഞെടുപ്പ് കമ്മിഷനെക്കുറിച്ച് കള്ളപ്രചാരണമുണ്ടാവുമെന്ന് കരുതിയിരുന്നില്ല. ഇന്ത്യയിലെ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത തകർക്കാൻ വിദേശത്തു നിന്ന് നീക്കമുണ്ടായാൽ തടയാൻ നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ രാജ്യത്തിനകത്തു നിന്ന് അത്തരമൊരു നീക്കം കമ്മിഷൻ പ്രതീക്ഷിച്ചിരുന്നില്ല. കേന്ദ്രമന്ത്രിമാരുടെ അടക്കം ഹെലിക്കോപ്‌റ്ററുകൾ ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നെങ്കിലും ചിലതു മാത്രമാണ് വിവാദമാക്കിയത്. പെരുമാറ്റച്ചട്ട ലംഘന പരാതികളിൽ 90 ശതമാനവും കമ്മിഷൻ തീർപ്പാക്കി. വോട്ടിംഗ് യന്ത്രത്തിന്റെ കൺട്രോൾ യൂണിറ്റിന്റെ നീക്കം പൂർണമായും സി.സി.ടിവി ക്യാമറ നീരിക്ഷണത്തിലാക്കുകയും വോട്ടെണ്ണൽ പൂർണമായും വീഡിയോയിൽ പകർത്തുകയും ചെയ്തു. വോട്ടെണ്ണൽ അടക്കം തിരഞ്ഞെടുപ്പ് പ്രക്രിയകളെല്ലാം സുതാര്യമായിരുന്നെന്ന് തെളിയിക്കുക കൂടി ചെയ്തു,​ തിരഞ്ഞെടുപ്പ് ഫലം. വോട്ടിംഗ് യന്ത്രത്തെ പഴിപറഞ്ഞിരുന്നവരുടെ നാവടക്കിയ തിരഞ്ഞെടുപ്പ് കൂടിയാണിത്.

നിരുത്തരവാദപരമായി ആവശ്യമില്ലാത്ത സംശയങ്ങൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നത് ഒരു ശീലമാക്കി മാറ്റരുതെന്ന് രാഷ്ട്രീയ കക്ഷികളെ തെര്യപ്പെടുത്തുന്നതുകൂടിയായി ഈ തിരഞ്ഞെടുപ്പ്. ഏഴു ഘട്ടമായി നീണ്ട ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 64.2 കോടി വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഇതിൽ 31.2 കോ‌ടി സ്ത്രീകളാണ് എന്ന സവിശേഷതയുമുണ്ട്. അടുത്ത തിരഞ്ഞെടുപ്പെങ്കിലും ഇത്രയും നീണ്ടുനിൽക്കാതിരിക്കാൻ കമ്മിഷൻ ശ്രദ്ധിക്കണം. പെരുമാറ്റച്ചട്ടങ്ങളുടെ പേരിൽ ദീർഘനാൾ ഭരണസ്തംഭനമുണ്ടാകുന്നത് അഭികാമ്യമല്ല.

തിരഞ്ഞെടുപ്പ് പ്രക്രിയ ഭാവിയിൽ വേനലിനു മുമ്പ് പൂർത്തീകരിക്കുമെന്ന് മുഖ്യ കമ്മിഷണർ പറഞ്ഞത് പൊതുവെ എല്ലാവരും സ്വാഗതം ചെയ്യുന്ന ഒന്നാണ്. ജമ്മു കാശ്മീരിലെ തിരഞ്ഞെടുപ്പ് പ്രക്രിയ ഉടനെ ആരംഭിക്കുമെന്നും കമ്മിഷൻ അറിയിച്ചു. ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത ഇടിച്ചുകാണിക്കുന്ന വ്യാജ ആരോപണങ്ങളെ പ്രോത്സാഹിപ്പിക്കാതിരിക്കാൻ രാഷ്ട്രീയ കക്ഷികളും ഇനിയെങ്കിലും ശ്രദ്ധ പുലർത്തേണ്ടതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.