
പാലക്കാട്: ജില്ലയിൽ ഇടതുകോട്ടകൾ തകർത്ത് ജില്ലാ- ബ്ലോക്ക്- ഗ്രാമപഞ്ചായത്തുകളിൽ യു.ഡി.എഫ് സീറ്റുകൾ വർദ്ധിപ്പിച്ചു. 2020ൽ ജില്ലാപഞ്ചായത്തിൽ കോൺഗ്രസിന് ഒന്ന്, മുസ്ലീംലീഗിന് രണ്ട് എന്നിങ്ങനെയായിരുന്നു സീറ്റ് നില. ഇത്തവണ യു.ഡി.എഫ് 12ലേക്ക് ഉയർന്നു. 88 ഗ്രാമപഞ്ചായത്തുകളിൽ 46ഇടത്ത് എൽ.ഡി.എഫ്. 31 ഇടങ്ങളിൽ യു.ഡി.എഫ്. രണ്ടിടത്ത് എൻ.ഡി.എ. 9 പഞ്ചായത്തുകളിൽ ഇടതു- വലതു മുന്നണികൾ ഒപ്പത്തിനൊപ്പം.
നഗരസഭകളിൽ ഇടതിന്റെ കൈയിലുണ്ടായിരുന്ന പട്ടാമ്പിയും ചിറ്റൂർ-തത്തമംഗലവും യു.ഡി.എഫ് പിടിച്ചെടുത്തു. ഷൊർണൂരും ചെർപ്പുളശേരിയും ഒറ്റപ്പാലവും മാത്രമാണ് ഇടതിന് നിലനിറുത്താനായത്. പാലക്കാട് നഗരസഭയിൽ 25 സീറ്റുകൾ നേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 13 ബ്ലോക്ക് പഞ്ചായത്തിൽ രണ്ടെണ്ണം ഇടതുപക്ഷത്തെ കൈവിട്ടു. കഴിഞ്ഞതവണ പട്ടാമ്പിയും മണ്ണാർക്കാടും മാത്രമായിരുന്നു യു.ഡി.എഫ് വിജയിച്ചത്. ഇക്കുറി അട്ടപ്പാടി കൂടി പിടിച്ചെടുത്തു തൃത്താല ബ്ലോക്കിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്.
ഒരു ഡസനോളം ഗ്രാമപഞ്ചായത്തുകൾ എൽ.ഡി.എഫിൽ നിന്നും യു.ഡി.എഫ് പിടിച്ചെടുത്തു. അട്ടപ്പാടിയിലെ പുതുർ പഞ്ചായത്തിലും അകത്തേത്തറ പഞ്ചായത്തിലും ബി.ജെ.പി വിജയിച്ചു. ജില്ലയിൽ ആദ്യമായാണ് പഞ്ചായത്തിൽ ബി.ജെ.പി വിജയിക്കുന്നത്. എൽ.ഡി.എഫ് ടിക്കറ്റിൽ മൽസരിച്ച മുൻ ഡി.സി.സി പ്രസിഡന്റ് എ.വി.ഗോപിനാഥ് പെരിങ്ങോട്ടുകുറിശ്ശിയിൽ പരാജയപ്പെട്ടു.
കക്ഷിനില
ജില്ലാ പഞ്ചായത്ത് (31 ഡിവിഷൻ): യു.ഡി.എഫ് 12, എൽ.ഡി.എഫ് 19
ബ്ലോക്ക് പഞ്ചായത്ത് (13): യു.ഡി.എഫ് 4, എൽ.ഡി.എഫ് 9
നഗരസഭകൾ (7): യു.ഡി.എഫ് 3, എൽ.ഡി.എഫ് 3, ബി.ജെ.പി 1
ഗ്രാമപഞ്ചായത്ത് (88): യു.ഡി.എഫ് 32, എൽ.ഡി.എഫ് 54, ബി.ജെ.പി 2
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |