ആന്ധ്ര, ബീഹാർ പ്രാതിനിദ്ധ്യം കൂടും
ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റുവിന് ശേഷം തുടർച്ചയായി മൂന്നാം തവണ പ്രധാനമന്ത്രിയാകുന്ന റെക്കാഡ് കുറിച്ച് നരേന്ദ്രമോദിയുടെ എൻ.ഡി.എ സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാഷ്‌ട്രപതി ഭവൻ അങ്കണത്തിൽ വൈകിട്ട് 7.15ന് രാഷ്‌ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും.
രാഷ്‌ട്രത്തലവൻമാർ, മതമേലദ്ധ്യക്ഷൻമാർ, ഉത്തരാഖണ്ഡിലെ തുരങ്കത്തിൽ രക്ഷാപ്രവർത്തനം നടത്തിയ റാറ്റ് മൈനേഴ്സ്, വന്ദേഭാരത് ട്രെയിൻ നിർമ്മിക്കുന്ന റെയിൽവേ ജീവനക്കാർ, കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കൾ, 'വികസിത് ഭാരത്' അംബാസഡർമാർ തുടങ്ങി 9000ത്തോളം അതിഥികൾ പങ്കെടുക്കും.
ചടങ്ങിന്റെ ഭാഗമായി ഡൽഹിയിൽ മൂന്നുനിര സുരക്ഷ ഒരുക്കി.
ടി.ഡി.പിക്കും ജെ.ഡി.യുവിനും ഒരു ക്യാബിനറ്റ് മന്ത്രിയും രണ്ട് സഹമന്ത്രിമാരും ഇരു സംസ്ഥാനങ്ങൾക്കും കൂടുതൽ സഹായ പാക്കേജുകളുമാണ് വാഗ്‌ദാനം. എൽ.ജെ.പി, ശിവസേന, എൻ.സി.പി. ജെ.ഡി.എസ്, അപ്‌നാദൾ എന്നിവർക്ക് ഒരു ക്യാബിനറ്റ് മന്ത്രി അല്ലെങ്കിൽ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയെ ലഭിച്ചേക്കും. ജനസേനയ്‌ക്ക് സഹമന്ത്രിയും.ഇക്കൊല്ലം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്‌ട്രയ്‌ക്കും മികച്ച പരിഗണന ലഭിച്ചേക്കും.
മന്ത്രിമാരുടെ സാദ്ധ്യതാ പട്ടിക
ബി.ജെ.പി:
സുരേഷ് ഗോപി, രാജ്നാഥ് സിംഗ്, അമിത് ഷാ, നിതിൻ ഗഡ്കരി, രവിശങ്കർ പ്രസാദ്, പീയൂഷ് ഗോയൽ, എസ്.ജയശങ്കർ, അശ്വനി വൈഷ്‌ണവ്, ധർമ്മേന്ദ്ര പ്രധാൻ, ജ്യോതിരാദിത്യ സിന്ധ്യ, അനുരാഗ് സിംഗ് താക്കൂർ, കിരൺ റിജിജു, ജിതേന്ദ്ര സിംഗ്, അർജുൻ മേഘ്‌വാൾ, സർബാനന്ദ സോണോവാൾ, ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, ശിവ് രാജ് സിംഗ് ചൗഹാൻ, ബിപ്ലവ് ദേവ്, കിഷൻ റെഡ്‌ഡി, നാരായൺ റാണെ, സുകേന്ദു അധികാരി, ബാൻസുരി സ്വരാജ്, ശോഭാ കരന്ത്ലാജെ, ഡി. പുരന്ദേശ്വരി
സഖ്യ കക്ഷികൾ:
റാം മോഹൻ നായിഡു, ഹരീഷ് ബാലയോഗി, ദഗ്ഗുമല പ്രസാദ് (ടി.ഡി.പി),
ലലൻ സിംഗ്, രാംനാഥ് താക്കൂർ (രാഷ്‌ട്രം ഭാരത രത്നം നൽകി ആദരിച്ച അന്തരിച്ച കർപ്പൂരി ഠാക്കൂറിന്റെ പുത്രൻ ), സഞ്ജയ് ഝാ (ജെ.ഡി.യു),
ചിരാഗ് പാസ്വാൻ (എൽ.ജെ.പി), എച്ച്.ഡി. കുമാരസ്വാമി (ജെ.ഡി.എസ്), വല്ലഭനേനി ബാലശൗരി (ജനസേന), അനുപ്രിയ പട്ടേൽ (അപ്‌നാദൾ), ജിതൻ റാം മാഞ്ചി (എച്ച്.എ.എം), ജയന്ത് ചൗധരി (ആർ.എൽ.ഡി), പ്രഫുൽ പട്ടേൽ, സുനിൽ തത്‌ക്കരെ (എൻ.സി.പി), രാംദാസ് അതവാലെ (ആർ.പി.ഐ)
ശോഭ സുരേനെ ഡൽഹിക്ക് വിളിപ്പിച്ചു
ആലപ്പുഴയിൽ മത്സരിച്ച എൻ.ഡി.എ സ്ഥാനാർത്ഥിയും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റുമായ ശോഭ സുരേന്ദ്രനെ ബി.ജെ.പി കേന്ദ്രനേതൃത്വം ഇന്ന് ഡൽഹിക്ക് വിളിപ്പിച്ചു. കേന്ദ്രമന്ത്രിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ശോഭയെ വിളിപ്പിച്ചത്. ശോഭ ഇന്നലെ ഡൽഹിക്ക് തിരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |