മുംബയ്: ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ജോലി അതിവേഗത്തിൽ പുരോഗമിക്കുകയാണ്. മുംബയ്- അഹമ്മദാബാദ് റൂട്ടിലാണ് രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതി ഒരുങ്ങുന്നത്. എയറോ ഡൈനാമിക് ഡിസൈനിലുള്ള ബുള്ളറ്റ് ട്രെയിനുകൾ 2028ഓടെ ഓടിത്തുടങ്ങുമെന്നാണ് റെയിൽവെ മന്ത്രാലയം നേരത്തെ അറിയിച്ചത്. ആദ്യ സർവീസ് ഗുജറാത്തിലെ സൂറത്ത് മുതൽ ബിലിമോറ വരെയാകും.
പദ്ധതിയുടെ നിർമ്മാണത്തിന്റെ ഭാഗമായി 21 കിലോ മീറ്റർ ദൈർഘ്യമുള്ള തുരങ്കത്തിന്റെ ജോലി അടുത്തിടെ പൂർത്തിയായിരുന്നു. ഇപ്പോഴിതാ ഈ തുരങ്ക നിർമ്മാണത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് വെസ്റ്റേൺ റെയിൽവെ. ഇന്ത്യയുടെയും നാഷണൽ ഹൈസ്‌പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെയും എഞ്ചിനീയറിംഗും സാങ്കേതിക വൈദഗ്ധ്യവും തെളിയിക്കുന്ന വീഡിയോയാണ് ഇപ്പോൾ റെയിൽവെ ഔദ്യോഗിക എക്സ് പേജിലൂടെ പങ്കുവച്ചത്. ബാന്ദ്ര കുർള കോംപ്ലക്സിനും ശിൽഫാതയ്ക്കും ഇടയിൽ 21 കിലോമീറ്റർ നീളമുള്ള ബുള്ളറ്റ് ട്രെയിൻ ടണലിന്റെ നിർമ്മാണം അതിവേഗത്തിലാണ് പൂർത്തിയാക്കിയത്.
'ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി മഹാരാഷ്ട്രയിൽ 21 കിലോമീറ്റർ നീളമുള്ള തുരങ്കം അതിവേഗം പൂർത്തിയാക്കിയിരിക്കുന്നു. എഞ്ചിനീയറിംഗിലും സാങ്കേതികവിദ്യയിലും അവിശ്വസനീയമായ നേട്ടമാണ് ഇതിലൂടെ വ്യക്തമാകുന്നത്' - വെസ്റ്റേൺ റെയിൽവെ എക്സിൽ കുറിച്ചത് ഇങ്ങനെയാണ്. രണ്ട് ട്രാക്കുകൾ രൂപപ്പെടുത്താൻ സാധിക്കുന്ന ഒരു വലിയ ടണലിന്റെ ജോലിയാണ് പൂർത്തിയാകുന്നത്. ഈ തുരങ്കം നിർമ്മിക്കാൻ, 13.6 മീറ്റർ വ്യാസമുള്ള കട്ടർ ഹെഡുകളുള്ള ടണൽ ബോറിംഗ് മെഷീനുകളാണ് (ടി ബി എം) ഉപയോഗിച്ചത്.
2020 ഏപ്രിലിലാണ് ജോലികൾ ആരംഭിച്ചത്. 2028ൽ ജോലികൾ പൂർത്തിയാക്കി സർവീസ് ആരംഭിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. ബുള്ളറ്റ് ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ മുംബയിൽ നിന്നും അഹമ്മദാബാദിലേക്കെത്താൻ വെറും മൂന്ന് മണിക്കൂർ മാത്രം മതിയാകും. 508.17 കിലോ മീറ്ററാണ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ദൂരം. 12 സ്റ്റേഷൻ ഉൾപ്പെടുന്ന ഈ പദ്ധതിക്ക് 1.1 ലക്ഷം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയുടെ അതിവേഗ റെയിൽ ഇടനാഴിയുടെ നിർവഹണത്തിനായി നാഷണൽ ഹൈസ്‌പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് 2016ൽ ആണ് ആരംഭിച്ചത്. ജപ്പാൻ ഭാഷയിൽ ഷിൻകാൻസെൻ (ബുള്ളറ്റ് ട്രെയിൻ) എന്ന് പ്രശസ്തമായ 24 ബുള്ളറ്റ് ട്രെയിനുകളാണ് വാങ്ങുന്നത്. പുതിയ പദ്ധതി നടപ്പിലാകുന്നതോടെ ഇന്ത്യയുടെ റെയിൽവെ മേഖലയിൽ വിപ്ലവ മാറ്റമായിരിക്കും നടക്കാൻ പോകുന്നത്.
റെയിൽവെ പുറത്തുവിട്ട വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://www.facebook.com/reel/1507542373160692
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |