തിരുവനന്തപുരം:ലോകസഭാതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ പരാജയത്തിന്റെ പേരിൽ മുഖ്യമന്ത്രിയുടെ രാജി ചോദിച്ച് ആരും വരേണ്ടെന്ന് പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ധനാഭ്യർത്ഥനബില്ലുകളുടെ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പരാജയപ്പെട്ടത് സംസ്ഥാനത്തെ ഭരണത്തോടുള്ള ജനങ്ങളുടെ എതിർപ്പാണെന്നാണ് പറയുന്നത്. തോൽവിയെ അങ്ങനെ വിലയിരുത്തുന്നതിന് മുമ്പ് കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിലും കർണാടകത്തിലും തെലുങ്കാനയിലും മുഖ്യമന്ത്രിമാരെ രാജിവെപ്പിക്കേണ്ടതല്ലേ, കർണാടകത്തിൽ 28ൽ 19ഉം ഹിമാചലിൽ എല്ലാസീറ്റും തെലങ്കാനയിൽ എട്ട് സീറ്റും ബി.ജെ.പി.നേടി.അവിടെ ഭരണത്തോട് ജനങ്ങൾക്ക് എതിർപ്പില്ലേ. 2004ൽ കേരളത്തിലെ തോൽവിയെ തുടർന്ന് മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണി രാജിവെച്ചത് പാർട്ടിയിലെ സംഘടനാപ്രശ്നങ്ങൾ കാരണമാണ്.ആ ന്യായവുമായി ഇപ്പോൾ രാജിചോദിച്ചുവരേണ്ട. മുഖ്യമന്ത്രി പറഞ്ഞു.
കൃത്യമായി പരിശോധിച്ചാൽ ഇൗ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അഹങ്കരിക്കാൻ ഒന്നുമില്ല. പ്രാദേശികപാർട്ടികളാണ് മികച്ചപ്രകടനം നടത്തിയത്.തമിഴ്നാട്ടിൽ ഡി.എം.കെ.യും ബംഗാളിൽ തൃണമൂലുംയു.പി.യിൽ എസ്.പി.യും മഹാരാഷ്ട്രയിൽ എൻ.സി.പി.ശിവസേനസഖ്യവുമാണ് ബി.ജെ.പി.വിജയം തടഞ്ഞത്. ബി.ജെ.പി.വീണ്ടും അധികാരത്തിലെത്തിയാൽ രാജ്യത്ത് ജീവിക്കാൻ കഴിയില്ലെന്ന് ആശങ്കപ്പെട്ട ചില സമുദായങ്ങൾ കോൺഗ്രസ് ജയിക്കേണ്ടത് ആവശ്യമെന്ന് കരുതി വോട്ട് ചെയ്തതാണ് കേരളത്തിലുണ്ടായത്. അത് ഇടതുമുന്നണിയോടുള്ള വിരോധമായി പറയേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |