കൊച്ചി: താരസംഘടനയായ അമ്മ നേതൃമാറ്റത്തിന് ഒരുങ്ങുകയാണ്. രണ്ട് പതിറ്റാണ്ടിലധികമായി ജനറൽ സെക്രട്ടറി സ്ഥാനത്തുള്ള ഇടവേള ബാബു ഒഴിയും. ജൂൺ 30ന് ആണ് അമ്മയുടെ വാർഷിക ജനറൽ ബോഡിയും ഭാരവാഹി തിരഞ്ഞെടുപ്പും നടക്കുന്നത്. അന്ന് സ്ഥാനം ഒഴിയുമെന്നാണ് ഇടവേള ബാബു തന്നെ പ്രതികരിച്ചത്. മോഹൻലാൽ പ്രസിഡന്റായി തുടരും, അധികാര ദുർവിനിയോഗം ചെയ്യാത്തയാൾ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വരുമെന്ന് ബാബു പ്രതികരിച്ചു.
ഇനി ചിലപ്പോൾ ജോലിയായിട്ട് കരുതേണ്ടി വരും. അതിന് മുമ്പ് മാറാനാണ് തീരുമാനം. പുതിയ ആൾക്കാർ വരേണ്ട സമയമായി. പുതിയ ചിന്തകൾ വരണം. ഒരുപാട് അധികാരങ്ങളുള്ള പോസ്‌റ്റാണ് ജനറൽ സെക്രട്ടറിയുടേത്. അതൊന്നും ദുരുപയോഗം ചെയ്യാത്തയാൾ വരണമെന്നാണ് ആഗ്രഹം.
ഞാനില്ലെങ്കിൽ ലാലേട്ടൻ പിന്മാറുമെന്ന രീതിയിലാണ് നിന്നിരുന്നത്. കൂട്ടായി എടുത്ത ചർച്ചയിൽ അദ്ദേഹം ആ തീരുമാനം മാറ്റുകയായിരുന്നു. സംഘടനയിലെ ആളുകൾക്ക് രാഷ്‌ട്രീയം വന്നപ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടായത്. മുമ്പ് ആർക്കും രാഷ്‌ട്രീയമില്ലായിരുന്നു. ഇപ്പോൾ എല്ലാവർക്കും വിവിധ രാഷ്ടട്രീയ പാർട്ടികളിൽ സ്വാധീനം വന്നു. അത് പൊതുജനങ്ങൾക്ക് അറിയുകയും ചെയ്യാം. ആ തോന്നലാണ് അമ്മയ‌്‌ക്കുണ്ടായ ഏറ്റവും വലിയ അപകടം. അന്നുമുതൽ വിമർശനങ്ങൾക്ക് ശക്തി കൂടി.
ഇൻഷുറൻസ് അടക്കമുള്ള കാര്യങ്ങൾ കൊണ്ടുപോകാൻ മൂന്ന് കോടി രൂപ റെഗുലർ വേണം. അതുണ്ടാക്കുന്നത് എളുപ്പമുള്ള കാര്യമല്ല. അതിന് കൂട്ടായ ശ്രമം ഉണ്ടായാലേ നടക്കൂ. അല്ലാത്ത പക്ഷം വണ്ടി എവിടെയെങ്കിലും ബ്ളോക്ക് ആകുമെന്നും ഇടവേള ബാബു പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |