തിരുവനന്തപുരം: വർഷങ്ങൾക്കു മുമ്പ് നികന്നതോ നികത്തിയതോ ആയ ജലാശയമായിരുന്നിടം അവിടെ താമസിക്കുന്നവർക്ക് പതിച്ചുനൽകുമെന്ന് മന്ത്രി കെ. രാജൻ നിയമസഭയിൽ പറഞ്ഞു. കടൽ, മറ്റ് ജലാശയങ്ങൾ എന്നിവിടങ്ങളിലെ ദൂരപരിധി കഴിഞ്ഞുള്ള പുറമ്പോക്ക് അളന്നുതിരിച്ച് മത്സ്യത്തൊഴിലാളികളുടെ പട്ടയപ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചെന്നും പി.പി. ചിത്തരജ്ഞന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി പറഞ്ഞു.
നികത്തിയ ജലാശയങ്ങൾ റവന്യൂ രേഖകളിൽ നിലവിലെ സ്ഥിതിയനുസരിച്ച് മാറ്റംവരുത്തി അർഹരായവർക്ക് പട്ടയം നൽകും. ഇതിനായി സർവേ നടത്തി റവന്യൂ റെക്കാഡുകളിൽ മാറ്റം വരുത്തും. ജലാശയങ്ങളുടെ പുറമ്പോക്കുകളിലുൾപ്പെടെയുളള പൊതു സ്ഥലങ്ങളിൽ താമസിക്കുന്നവരുടെ കാര്യത്തിൽ സുപ്രീംകോടതി നിർദ്ദേശിച്ച മാനദണ്ഡങ്ങൾക്കനുസരിച്ച് പട്ടയം നൽകുന്നത് പരിശോധിക്കും.
ജലസേചന പദ്ധതിക്ക് ഏറ്റെടുത്ത ശേഷം ഉപേക്ഷിച്ചതോ ഉപയോഗശൂന്യമാകുകയോ ചെയ്ത ഭൂമി കുടിയേറിയവർക്ക് പട്ടയം നൽകാനാകുമോ എന്ന് പരിശോധിക്കും. ജലാശയങ്ങളിൽ നിന്ന് നിശ്ചിത ദൂരപരിധിക്ക് പുറത്തുള്ള പുറമ്പോക്കുകൾ പതിച്ചു നൽകും. ഈ ദൂരപരിധിക്ക് പുറത്തുള്ള സ്ഥലം സർവേ ചെയ്ത് കടൽ പുറമ്പോക്ക് എന്ന വിഭാഗത്തിൽ നിന്നൊഴിവാക്കി അർഹരായവർക്ക് പതിച്ചു നൽകും. ഇതിന്റെ അടിസ്ഥാനത്തിൽ കൊല്ലത്തെ 250 ലധികം മത്സ്യത്തൊഴിലാളികൾക്ക് പട്ടയം നൽകും. ഇതേ മാതൃക മറ്റിടങ്ങളിലും സ്വീകരിക്കും.
ജലസ്രോതസുകൾ തദ്ദേശ സ്ഥാപനങ്ങളുടേത്
സംസ്ഥാനത്തെ ഒമ്പത് പ്രധാന നദികളൊഴികെ എല്ലാ ജലസ്രോതസുകളും, അനുബന്ധമായ പുറമ്പോക്കുകളും അതത് തദ്ദേശ സ്ഥാപനങ്ങളിൽ നിക്ഷിപ്തമാണ്. ഇത്തരം ജലസ്രോതസുകളുടെ സമീപത്തുള്ള സ്ഥലങ്ങൾ തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് പുനർനിക്ഷിപ്തമാക്കി മാത്രമേ പതിച്ച് നൽകാനാകൂ. ഇതിന് നിയമഭേദഗതി വേണം. ഇതിനായി റവന്യൂ നിയമ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാരുടെയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും യോഗം 21ന് മുഖ്യമന്ത്രി വിളിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |