തിരുവനന്തപുരം: ബാറുകളുടെ പ്രവർത്തന സമയം രാവിലെ 10 മുതൽ രാത്രി 12 വരെ ആക്കണമെന്ന് ബാറുടമകൾ. നിലവിൽ രാവിലെ 11 മുതൽ രാത്രി 11 വരെയും ടൂറിസം മേഖലയിൽ രാത്രി 12 വരെയുമാണ് പ്രവർത്തന സമയം. പുതിയ മദ്യനയ രൂപീകരണത്തിന്റെ ഭാഗമായി ഫെഡറേഷൻ ഒഫ് കേരള ഹോട്ടൽ അസോസിയേഷൻ,അസോസിയേഷൻ ഒഫ് അപ്രൂവ്ഡ് ക്ലാസിഫൈഡ് ഹോട്ടൽസ് എന്നീ സംഘടനകളുമായി മന്ത്രി എം.ബി.രാജേഷ് നടത്തിയ ചർച്ചയിലാണ് അവർ ആവശ്യം ഉന്നയിച്ചത്. നേരത്തെ മുതൽ ഉന്നയിക്കുന്ന ഡ്രൈഡെ പിൻവലിക്കണമെന്ന ആവശ്യവും ആവർത്തിച്ചു. പുതിയ ബാർ ഹോട്ടലുകൾ അനുവദിക്കുന്നതിന് ചില നിയന്ത്രണങ്ങൾ സർക്കാർ ഏർപ്പെടുത്തണമെന്നുംലൈസൻസ് ഫീസിൽ കുറവ് വരുത്താനും സംഘടനകൾ ആവശ്യപ്പെട്ടു. ആവശ്യങ്ങളും നിർദ്ദേശങ്ങളും വിശദമായി പഠിച്ച ശേഷം തീരുമാനത്തിലെത്താമെന്നും മന്ത്രി അറിയിച്ചു. നികുതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജയതിലക്, എക്സൈസ് കമ്മിഷണർ മഹിപാൽയാദവ്,ബിവറേജസ് കോർപ്പറേഷൻ എം.ഡി യോഗേഷ് ഗുപ്ത തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.ഡിസ്റ്റിലറി ഉടമകളുമായും നേരത്തെ മന്ത്രി ചർച്ച നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |