കുവൈറ്റ് സിറ്രി: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ തൊഴിലാളികളെ കൂട്ടത്തോടെ പാർപ്പിച്ചതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്.
ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് കുവൈറ്റ് ഭരണകൂടം. കെട്ടിട നിയമലംഘനങ്ങൾ തടയാൻ രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ നിയമം കൊണ്ടുവരും. ചട്ടലംഘനം നടത്തുന്ന കെട്ടിടങ്ങൾ മുന്നറിയിപ്പില്ലാതെ കണ്ടുകെട്ടുന്നതുൾപ്പെടെ നിയമത്തിൽ ഉൾപ്പെടുത്തും. രാജ്യത്ത് കർശന പരിശോധനകൾക്ക് ഇന്നലെ തുടക്കമിട്ടു. ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ - സബാഹാണ് പരിശോധനാ ക്യാമ്പെയിന് നേതൃത്വം നൽകുന്നത്.
പൊതുമരാമത്ത് മന്ത്രി ഡോ. നോറ ഷെയ്ഖ് ഫഹദ് യൂസഫ് അടങ്ങുന്ന സംഘത്തോടൊപ്പം മാംഗഫ്, അൽ - മഹ്‌ബല, ഖയ്‌താൻ, ജിലീബ് അൽ - ഷുയൂഖ് മേഖലകളിൽ പരിശോധന നടത്തി. ആഭ്യന്തര മന്ത്രാലയം, കുവൈറ്റ് മുനിസിപ്പാലിറ്റി, ഫയർഫോഴ്സ്, വൈദ്യുതി, ജല, മാനവശേഷി വകുപ്പ് ഉദ്യോഗസ്ഥരും പരിശോധനയുടെ ഭാഗമാണ്. നിയമലംഘനം കണ്ടെത്തുന്ന കെട്ടിട, തൊഴിൽ ഉടമകൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളിൽ കഴിയുന്ന തൊഴിലാളികളെ ഉടൻ ഒഴിപ്പിക്കും.
മികച്ച ചികിത്സ ഉറപ്പാക്കും
കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ - അഹ്‌മ്മദ് അൽ - ജാബർ അൽ - സബാഹ്, കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ - ഖാലിദ് അൽ - സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് അഹ്‌മ്മദ് അബ്ദുള്ള അൽ - അഹ്‌മ്മദ് അൽ - സബാഹ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുവൈറ്റ് വിദേശകാര്യ മന്ത്രി അബ്ദുള്ള അൽ - യാഹ്യ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കറെ വിളിച്ച് പിന്തുണ ഉറപ്പ് നൽകി. പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകുമെന്നും മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ കുവൈറ്റിലെത്തിയ വിദേശകാര്യ സഹമന്ത്റി കീർത്തിവർദ്ധൻ സിംഗ്, യാഹ്യയുമായും ഉപപ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് യൂസഫുമായും ചർച്ച നടത്തി. പരിക്കേറ്റവരെ സന്ദർശിച്ചു. യു.എ.ഇ, സൗദി അറേബ്യ, ഈജിപ്റ്റ്, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി.
സഹായം പ്രഖ്യാപിച്ച്
കുവൈറ്റ് അമീർ
കുവൈറ്റ് സിറ്റി: തീപിടിത്തത്തിന് ഇരയായവരുടെ കുടംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകാൻ കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ - അഹ്‌മ്മദ് അൽ - ജാബർ അൽ - സബാഹ് അധികൃതർക്ക് നിർദ്ദേശം നൽകി. തുക എത്രയെന്ന് വ്യക്തമാക്കിയിട്ടില്ല. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ആവശ്യമെങ്കിൽ ഒന്നിലധികം വിമാനം സജ്ജമാക്കണമെന്നും അമീർ നിർദ്ദേശിച്ചതായി ഉപ പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ - സബാഹ് പറഞ്ഞു. വിദേശ, ആരോഗ്യ വകുപ്പ് മന്ത്രിമാർ ഇന്നലെ ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിച്ചു.
സഹായത്തിന് 24 മണിക്കൂറും
അനുപ് മങ്ങാട്ട്- 965 90039594
ബിജോയ് - 965 66893942
റിച്ചി കെ. ജോർജ് - 965 60615153
അനിൽ കുമാർ- 965 66015200
തോമസ് ശെൽവൻ- 965 51714124
രഞ്ജിത്ത് - 965 55575492
നവീൻ- 965 99861103
അൻസാരി- 965 60311882
ജിൻസ് തോമസ്- 965 65589453
സുഗതൻ- 96 555464554
ജെ. സജി- 96599122984
നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്റർ- 1800 425 3939 (ഇന്ത്യയിൽ നിന്ന്)
918802 012 345 (വിദേശത്തുനിന്ന്, മിസ്ഡ്കോൾ സർവീസ്)
അനുശോചിച്ച് മന്ത്രിസഭ
തിരുവനന്തപുരം:കുവൈറ്റ് മരണങ്ങളിൽ മന്ത്രിസഭ അനുശോചിച്ചു. സാധ്യമായ എല്ലാ സഹായവും ലഭ്യമാക്കാൻ നോർക്കയും പ്രവാസി സംഘടനകളും ശ്രമിക്കുന്നുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഹെൽപ്പ് ഡെസ്ക്കും ഗ്ലോബൽ കോൺടാക്ട് സെന്ററും മുഴുവൻ സമയവുമുണ്ട്. ഡൽഹിയിലെ സംസ്ഥാന പ്രതിനിധി കെ.വി. തോമസ് കേന്ദ്രവുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |