കൊല്ലം: പ്ളസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ ലിഡിയ കാത്തിരുന്നത് സർപ്രൈസ് ഗിഫ്റ്റുമായി കുവൈറ്റിൽ നിന്ന് അടുത്തമാസം നാട്ടിൽ എത്തുമെന്ന് പറഞ്ഞിരുന്ന ഡാഡിയെ. പക്ഷേ, അപ്രതീക്ഷിതമായി എത്തിയ വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസിന്റെ (സാബു, 48) വിയോഗ വാർത്ത മൂത്തമകൾ ലിഡിയയേയും കുടുംബത്തേയും തളർത്തി.
മകളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട് അടുത്തമാസം നാട്ടിൽ എത്തുമെന്നാണ് അറിയിച്ചിരുന്നത്. അതിനൊപ്പം ലിഡിയയ്ക്ക് സർപ്രൈസ് ഗിഫ്റ്റും വാഗ്ദാനം ചെയ്തിരുന്നു. കുവൈറ്റിലെ തീപിടിത്തത്തിന് മണിക്കൂറുകൾക്ക് മുമ്പ് ഭാര്യ ഷൈനിയുടെ ഫോണിലേക്ക് ലൂക്കോസിന്റെ ഗുഡ്മോർണിംഗ് സന്ദേശം എത്തി. എന്നാൽ 8 മണിക്കുള്ള പതിവ് വീഡിയോ കോൾ വന്നില്ല. തിരിച്ചുവിളിച്ചപ്പോൾ മറുപടിയില്ല. ഒപ്പം താമസിച്ചിരുന്ന പത്തനംതിട്ട സ്വദേശി മുരളീധരനെ വിളിച്ചെങ്കിലും കിട്ടിയില്ല. (അദ്ദേഹവും തീപിടിത്തത്തിൽ മരിച്ചു).
തുടർന്ന് പല നമ്പറുകളിലായി മാറി മാറി വിളിച്ചു. വ്യക്തമായ മറുപടി ലഭിച്ചില്ല. ഉച്ചയോടെ തീപിടിത്തത്തെപ്പറ്റിയുള്ള വാർത്ത ടിവിയിൽ കണ്ടതോടെ ആശങ്കയേറി. പ്രാർത്ഥനയുമായി മണിക്കൂറുകൾ. മരിച്ചവരിൽ ലൂക്കോസും ഉണ്ടെന്ന വാർത്ത പിന്നീട് ബന്ധുക്കൾ അറിഞ്ഞെങ്കിലും ഷൈനി, മക്കളായ ലിഡിയ, ലോയിസ്, മാതാപിതാക്കളായ ഉണ്ണുണ്ണി, കുഞ്ഞമ്മ എന്നിവരെ അറിയിച്ചില്ല. വെന്റിലേറ്ററിലാണെന്നാണ് പറഞ്ഞത്.
ഇന്നലെ രാവിലെയാണ് തങ്ങളുടെ പ്രിയപ്പെട്ടവൻ തിരികെ വരില്ലെന്ന വിവരം ഞെട്ടലോടെ കുടുംബം അറിയുന്നത്. ചിരികളിയുമായി ഓടിനടന്ന ഇളയമകൾ പത്തുവയസുകാരി ലോയിസിനോട് അപ്പോഴും വിവരം പറഞ്ഞില്ല. അമ്മയും ചേച്ചിയും കരയുന്നതു കണ്ട് ഇടയ്ക്ക് ലോയിസിന്റെയും കണ്ണുകൾ നിറയും. 17 വർഷമായി കുവൈറ്റിൽ ജോലി ചെയ്യുന്ന ലൂക്കോസ് എൻ.ബി.ടി.സി കമ്പനിയിൽ മെക്കാനിക്കൽ സൂപ്പർവൈസറായിരുന്നു. കഴിഞ്ഞവർഷം ജൂലായിലാണ് അവസാനം നാട്ടിലെത്തി മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |