കോട്ടയം: ബൈക്ക് പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ചിങ്ങവനം സ്റ്റേഷനിൽ പൊലീസുകാർ ഏറ്റുമുട്ടി. ആലപ്പുഴ സ്വദേശി ജോൺ ബോസ്‌കോ, വാകത്താനം സ്വദേശി സുധീഷ് കുമാർ എന്നിവരാണ് തമ്മിലടിച്ചത്. തലയ്ക്ക് പരിക്കേറ്റ ജോൺ ബോസ്‌കോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. പരാതിക്കാർ ഉൾപ്പെടെയുള്ളവർ ഈ സമയം സ്റ്റേഷനിലുണ്ടായിരുന്നു. അസഭ്യം പറഞ്ഞ് തുടങ്ങിയ തർക്കം പൊടുന്നനെ അക്രമത്തിലേക്ക് വഴിമാറുകയായിരുന്നു. കൈയാങ്കളിക്കിടെ ജോൺ ബോസ്‌കോയുടെ തല ജനലിലെ ഗ്ളാസിൽ ഇടിച്ച് മുറിഞ്ഞു. തലപൊട്ടിയ ജോൺ ബോസ്‌കോ റോഡിലേക്ക് ഇറങ്ങിയോടി. മറ്റ് പൊലീസുകാർ ചേർന്നാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. പൊലീസ് വാഹനത്തിലാണ് ജോൺ ബോസ്‌കോയെ ആശുപത്രിയിലെത്തിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് സസ്‌പെൻഡ് ചെയ്തു.
'' ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയാത്ത സംഭവമാണുണ്ടായത്. ഡിവൈ.എസ്.പിയോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ''
-കെ.കാർത്തിക്, ജില്ലാ പൊലീസ് മേധാവി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |