ചെന്നൈ: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 250ഓളം വന്ദേഭാരത് എക്സ്പ്രസ് സ്ലീപ്പർ കോച്ചുകൾ ട്രാക്കിലിറക്കുമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ്. വന്ദേഭാരത് സ്ലീപ്പർ കോച്ചുകളുടെ ട്രയൽ റണ്ണുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2029 ആകുമ്പോഴേക്കും രാജ്യത്ത് 250ഓളം വന്ദേഭാരത് സ്ലീപ്പർ സർവീസ് നടത്തുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
അടുത്ത രണ്ട് മാസത്തിനുള്ളിൽ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ട്രയൽ റൺ നടത്തുമെന്നും വിജയകരമായാൽ ആറ് മാസത്തിനുള്ളിൽ സർവീസ് നടത്തുമെന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്. സെൽഫ് -പ്രൊപ്പൽഡ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ ക്ലാസ് ട്രെയിനുകൾ രാജധാനി എക്സ്പ്രസ് ട്രെയിനുകളേക്കാൾ മികച്ച സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു.
വന്ദേഭാരത് എക്സ്പ്രസുകളിൽ നിലവിൽ ഇരുന്ന് മാത്രമാണ് യാത്ര ചെയ്യാൻ സാധിക്കൂ. എന്നാൽ ദീർഘദൂര യാത്രകൾ ലക്ഷ്യമാക്കിയാണ് വന്ദേഭാരത് സ്ലീപ്പർ കോച്ചുകൾ പുറത്തിറക്കുന്നത്. രാജധാനി എക്സ്പ്രസ് ട്രെയിനിനേക്കാൾ മികച്ച ഫീച്ചറുകളുള്ള വന്ദേ ഭാരത് സ്ലീപ്പർ 160 കിലോമീറ്റർ വേഗതയുള്ള സെമിഹൈ സ്പീഡ് ട്രെയിനായിരിക്കും. 180 കിലോ മീറ്റർ വരെ പരീക്ഷണ ഓട്ടം നടത്തും. ബിഇഎംഎൽ നിർമ്മിച്ച ആദ്യ പ്രോട്ടോടൈപ്പിൽ ആകെ 16 കോച്ചുകളാണുള്ളത്. അതിൽ 11 എസി 3 ടയർ കോച്ചുകൾ, 4 എസി 2 ടയർ കോച്ചുകൾ, ഒരു ഫസ്റ്റ് എസി കോച്ചുകൾ എന്നിവ ഉൾപ്പെടുന്നു.
രാജധാനി എക്സ്പ്രസ് ട്രെയിനുകളുടെ നിലവാരം മറികടന്ന് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ യാത്രക്കാർക്ക് അധിക കുഷ്യനിംഗുള്ള ബെർത്തുകളിൽ മെച്ചപ്പെട്ട സുഖസൗകര്യങ്ങൾ പ്രതീക്ഷിക്കാം. സുഖകരമായ യാത്ര ഉറപ്പാക്കാൻ ഓരോ ബർത്തിന്റെയും വശങ്ങൾ നന്നായി കുഷ്യൻ ചെയ്തിരിക്കും. കൂടാതെ, മുകളിലേക്കും മിഡിൽ ബെർത്തിലേക്കും എളുപ്പത്തിൽ പ്രവേശിക്കാൻ പ്രത്യേകം ഡിസൈൻ ചെയ്ത ഗോവണികളുമുണ്ടാകും.
സെൻസർ അധിഷ്ഠിത ലൈറ്റിംഗ്, രാത്രിയിൽ വഴി കാണാൻ ഇടനാഴികളിൽ സ്ട്രിപ്പുകൾ, വന്ദേ ഭാരതിലേതു പോലെ ഓട്ടോമാറ്റിക് വാതിലുകൾ. ഭിന്നശേഷിക്കാർക്ക് പ്രത്യേക ടോയ്ലറ്റ്. കുലുക്കം കുറയ്ക്കാൻ കോച്ചുകൾക്കിടയിൽ സെമിപെർമനന്റ് കപ്ലറുകൾ. കോച്ചുകൾക്കുള്ളിലെ നീക്കം എളുപ്പമാക്കാൻ സീൽ ചെയ്ത ഗ്യാങ്‌വേകൾ എന്നിവ കോച്ചുകളുടെ പ്രത്യേകതയാണ്.
കേരളത്തിലെ യാത്രക്കാർക്ക് കോളടിക്കുമോ?
സംസ്ഥാനത്ത് സർവീസ് നടത്തുന്ന രണ്ട് വന്ദേഭാരത് എക്സ്പ്രസുകളും യാത്രക്കാർ ഏറ്റെടുത്തതോടെ കേരളത്തിന് എത്ര വന്ദേഭാരത് സ്ലീപ്പർ കോച്ചുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ദീർഘദൂര യാത്രക്കാർ. തിരുവനന്തപുരം-മംഗലാപുരം റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ കോച്ചുകൾ സർവീസ് നടത്തിയാൽ ഈ റൂട്ടിൽ അനുഭവിക്കുന്ന യാത്ര ക്ലേശം ചെറിയ രീതിയിൽ എങ്കിലും പരിഹരിക്കാനാകും.
കേരളത്തിൽ വന്ദേഭാരത് സർവീസ് ആരംഭിച്ച ആദ്യത്തേ രണ്ടാഴ്ചത്തേക്ക് ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റിലായിരുന്നു. അതുകൊണ്ട് കൂടുതൽ സ്ലീപ്പർ കോച്ചുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. തിരുവനന്തപുരത്ത് നിന്ന് കാസർകോടേക്കും, മംഗലാപുരത്തേക്കും സർവീസ് നടത്തുന്ന രണ്ട് വന്ദേഭാരത് എക്സ്പ്രസുകളും ഓട്ടത്തിലും ജനപ്രീതിയിലും ഹിറ്റാണ്.
രാജ്യത്ത് സർവീസ് നടത്തുന്ന വന്ദേഭാരത് സർവീസുകളിൽ ഒക്യപ്പെൻസിയിലും യാത്രക്കാരുടെ എണ്ണത്തിലും കേരളമാണ് മുന്നിൽ. ഇറങ്ങിയും കയറിയും ഓരോ നൂറ് സീറ്റിലും 200ഓളം യാത്രക്കാർ ഉപയോഗിക്കുന്നു. ഒക്യപ്പെൻസി 200 ശതമാനത്തിനടത്ത് എത്തിയ ഏക സർവീസ് കേരളത്തിലേതാണ്. 2023 സെപ്റ്റബംറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ ആദ്യത്തെ വന്ദേഭാരത് എക്സ്പ്രസ് സർവീസ് ഫ്ളാഗ് ഓഫ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |