കൊച്ചി: കൊറിയർ ഏജൻസിയുടെ നിബന്ധനകളും വാറണ്ടിവ്യവസ്ഥകളും അവ്യക്തവും വായിക്കാൻ കഴിയാത്തതുമാണെങ്കിൽ ഉപഭോക്താവിന് ബാധകമല്ലെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടു.
പരാതിക്കാരൻ അയച്ച സുപ്രധാനമായ രേഖകൾ കൊറിയർ ഏജൻസി മേൽവിലാസക്കാരന് നൽകാത്തത് സേവനത്തിലെ ന്യൂനതയും അധാർമ്മികമായ കച്ചവടരീതിയുമായതിനാൽ 35,000 രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. കൊറിയർ ഏജൻസിയുടെ നിബന്ധനകൾ ഉപഭോക്താവിന് വായിക്കാൻ കഴിയുന്ന വിധത്തിൽ വ്യക്തമായി അച്ചടിക്കണമെന്ന് ഡി.ബി. ബിനു പ്രസിഡന്റും വി. രാമച ന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് നിർദ്ദേശിച്ചു.
എറണാകുളം കലൂർ സ്വദേശി അനിൽകുമാർ ടി.എസ്. മേനോൻ, ഡി.ടി.ഡി.സി കൊറിയർ ഏജൻസിക്കെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
കൊറിയർ ഏജൻസി ബില്ലിനോടൊപ്പം നൽകിയ നിബന്ധന പ്രകാരം തപാൽ ഉരുപ്പടി നഷ്ടപ്പെട്ടാൽ 100രൂപവരെ മാത്രമേ നഷ്ടപരിഹാരം നൽകാൻ ബാദ്ധ്യതയുള്ളുവെന്ന് ഏജൻസി കോടതിയെ അറിയിച്ചു.
വായിക്കാൻ കഴിയാത്ത നിബന്ധനകളും വാറണ്ടി വ്യവസ്ഥകളും വഴിയുള്ള വ്യവസ്ഥ ഉപഭോക്താവിന് ബാധകമല്ല. ഉപഭോക്താവിന്റെ അവകാശത്തിന്റെ ലംഘനമാണെന്നും കോടതി വിലയിരുത്തി.
25,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും പരാതിക്കാരന് നൽകണം. വായിക്കാൻ കഴിയുന്ന വിധത്തിൽ വ്യക്തമായി നിബന്ധനകൾ അച്ചടിക്കാൻ കൊറിയർ കമ്പനിക്ക് നിർദ്ദേശവും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |