SignIn
Kerala Kaumudi Online
Sunday, 14 July 2024 11.22 AM IST

ആക്രമിച്ച് സി.പി.എം ജില്ലാ കമ്മിറ്റികൾ: ഉത്തരംമുട്ടി നേതൃത്വം

h

തിരുവനന്തപുരം :ഭരണ വിരുദ്ധ വികാരമല്ല പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ കനത്ത പതനത്തിന് കാരണമെന്ന് സ്ഥാപിക്കാൻ വ്യഗ്രത കാട്ടുമ്പോഴും, മുഖ്യമന്ത്രിക്കും പാർട്ടി സംസ്ഥാന നേതൃത്വത്തിനുമെതിരെ ജില്ലാ കമ്മിറ്റികളിൽ പരക്കെ ഉയരുന്ന അതിതീഷ്ണ വിമർശനങ്ങൾ സി.പി.എമ്മിനെ അന്ധാളിപ്പിക്കുന്നു. യോഗങ്ങളിൽ

പങ്കെടുക്കുന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി,സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും, വിമർശനങ്ങൾക്ക് കൃത്യമായ മറുപടി പറയാനാവാതെ പതറുന്നു. ഇതിനെതിരെ ഒരെതിർ ശബ്ദം പോലും യോഗങ്ങളിൽ ഉയരുന്നില്ലെന്നതും പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.കേരളത്തിൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പിലെ തോൽവി സ വിമർശനാത്മകമായി വിലയിരുത്താൻ സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ ത്രിദിന യോഗം 28 മുതൽ ഡൽഹിയിൽ ചേരും.

സ്വന്തം തട്ടകമായ കണ്ണൂരിൽപ്പോലും മുഖ്യമന്ത്രി പിണറായി വിജയനും ,പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും,എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജനുമെതിരെ

അതിനിശിത വിമർശനമാണ് ഉയർന്നത്.പാർട്ടിയുടെ അടിത്തറയായിരുന്ന അടിസ്ഥാന ജന വിഭാഗങ്ങളെ അകറ്റി. അക്കരപ്പച്ച തേടിയുള്ള ന്യൂനപക്ഷ പ്രീണനം അതിരു വിട്ടപ്പോൾ,ഈഴവർ ഉൾപ്പെടെയുള്ള പിന്നാക്ക-പട്ടിക ജനതയുടെ ആവശ്യങ്ങളും അവകാശങ്ങളും കണ്ടില്ലെന്ന് നടിച്ചു.സ്വയം കുഴി തോണ്ടുന്നതിലെ ആപത്ത് ചൂണ്ടിക്കാട്ടി തിരുത്താൻ ശ്രമിച്ച ബന്ധപ്പെട്ട സമുദായ നേതാക്കളെ വർഗീയ വാദികളായി ചിത്രീകരിക്കാനാണ് പാർട്ടി സെക്രട്ടറി ശ്രമിച്ചത്. ഈഴവ സമുദായത്തെ സംഘ പരിവാർ പാളയത്തിൽ കൊണ്ടു കെട്ടാനാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശൻ ശ്രമിച്ചതെന്ന ആരോപണം, വിമർശനങ്ങളോടുള്ള അസഹിഷ്ണുതയിൽ നിന്ന് പാർട്ടിക്ക് മോചനം നേടാനാവുന്നില്ലെന്നതിന്റെ സൂചനയായി.

ചില ക്രൈസ്ത വിഭാഗങ്ങൾ ഫണ്ടിന്റെയും ,കേന്ദ്രത്തിന്റെ ഭീഷണിയുടെയും പേരിൽ ബി.ജെ.പിയിലേക്ക് മനസ് മാറ്റിയെന്ന ആരോപണവും ക്രൈസ്തവ സംഘടനകളിൽ പ്രതിഷേധമുയർത്തി. പിന്നാക്ക സമുദായങ്ങൾ സർക്കാരിന്റെ അവഗണനകൾ തിരിച്ചറിഞ്ഞ് പ്രതികരിച്ചു തുടങ്ങിയപ്പോൾ, അവരെ അപഹസിച്ച് കൂടുതൽ ആട്ടിയകറ്റുകയാണെന്ന വികാരമാണ് ജില്ലാ കമ്മിറ്റി യോഗങ്ങളിലും ഉയരുന്നത്.

ഇങ്ങനെ പോയാൽ

പതനം ആഴത്തിലാവും

ജനങ്ങളെ വെറുപ്പിക്കുന്ന മുഖ്യമന്ത്രിയുടെ ശൈലി മാറ്റണമെന്ന് പാർട്ടിയിൽ ഉയരുന്ന

പൊതു വികാരം നേതൃ മാറ്റത്തിനല്ലെന്ന് വ്യക്തം.മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യം ഒരു ജില്ലാ കമ്മിറ്റിയിലും ഉയർന്നില്ല.അതേ സമയം,മൈക്കിനോട് പോലുമുള്ള കലഹവും,തന്റെ മകൾക്കെതിരായ അഴിമതി ആരോപണങ്ങളിൽ അദ്ദേഹം പുലർത്തുന്ന മൗനവും പോലും ചോദ്യം ചെയ്യപ്പെടുന്നു.

പാർട്ടിയിൽ വി.എസ്- പിണറായി പോര് ശക്തമായിരുന്ന കാലത്ത് പോലും പാർട്ടി ജില്ലാ കമ്മിറ്റികളിലെ വാദ പ്രതിവാദങ്ങൾക്ക് ഇരുപക്ഷത്തും ചുക്കാൻ പിടിക്കാൻ കരുത്തരായ നേതൃ നിരയുണ്ടായിരുന്നു.വിഭാഗീയത അനുസരണയിലേക്കും, സ്തുതി പാടലിലേക്കും വഴി മാറിയപ്പോൾ നഷ്ടമായത് പാർട്ടിയുടെ മുഖവും തിരുത്തൽ ശേഷിയാണ്. സർക്കാരിന്റെ മാത്രമല്ല, സർക്കാരിനും,പാർട്ടിക്കും കളങ്കം സൃഷ്ടിക്കുന്ന എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജന്റെയും,ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നേതൃത്വങ്ങളുടെയും നടപടികളെയും തിരുത്താനുള്ള ശേഷി പാർട്ടി നേതൃത്വത്തിന് നഷ്ടമായി.ജനങ്ങളാണ് പാർട്ടിയിലും,ഭരണത്തിലും വലുതെന്ന മനോഭാവം മുഖ്യമന്ത്രിക്കും,മന്ത്രിമാർക്കും ഉണ്ടാവണമെന്ന മുന്നറിയിപ്പ് കൂടിയാണ് പാർട്ടിയിൽ മുഴങ്ങുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.